ഐപിഎല്ലിന്റെ കഴിഞ്ഞ ഒന്ന്, രണ്ട് സീസണുകളെടുക്കുകയാണെങ്കില്‍ ഒരുപക്ഷെ ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയ താരം രാജസ്ഥാന്‍ റോയല്‍സ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. താരത്തിന്റെ പ്രതിഭയില്‍ വളരെ വലിയ പ്രതീക്ഷയാണ് റോയല്‍സ് ടീം വച്ചുപുലര്‍ത്തുന്നത്. ഈ കാരണത്താല്‍ തന്നെ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും പരാഗിനു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു.
ഇതായിരുന്നു റോയല്‍സ് ടീമിന്റെ ആരാധകരെ ചൊടിപ്പിച്ചത്. എന്തിനാണ് 21 കാരനായ പരാഗിനു അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. ഒടുവില്‍ കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് പരാഗിനെ മാറ്റിനിര്‍ത്തി പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കാന്‍ റോയല്‍സ് തയ്യാറായത്.

റിയാന്‍ പരാഗിന്റെ ആസ്തിയടക്കമുള്ള വ്യക്തിപരമായ കാര്യങ്ങള്‍ നമുക്കു ഒന്നു പരിശോധിക്കാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണെന്നതു മാറ്റിനിര്‍ത്തിയാല്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനു നിലവില്‍ എടുത്തു പറയാന്‍ വലിയ അഡ്രസൊന്നുമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ ജന്‍മനാടായ അസമിനു വേണ്ടിയാണ് പരാഗ് കളിച്ചുകൊണ്ടിരിക്കുന്നത്. വലംകൈയന്‍ ബാറ്ററും ലെഗ് ബ്രേക്ക് ബൗളറും കൂടിയാണ് താരം.
2002 ജനുവരി 29നു അസമിലെ ഗുവാഹാത്തിയിലാണ് പരാഗിന്റെ ജനനം. താരത്തിന്റെ അച്ഛനും ക്രിക്കറ്റില്‍ നിന്നുള്ളയാളാണ്. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും കോച്ചുമായ പരാഗ് ദാസാണ് താരത്തിന്റെ അച്ഛന്‍. അസമിനും റെയില്‍വേസിനും വേണ്ടിയാണ് അദ്ദേഹം നേരത്തേ കളിച്ചിട്ടുള്ളത്. പരാഗിന്റെ അമ്മയാവട്ടെ മറ്റൊരു മുന്‍ അത്‌ലറ്റായ മിതൂ ബറൂവയാണ്. 50മീ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച അവര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.
2017ലായിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ അസമിനായി പരാഗിന്റെ അരങ്ങേറ്റം. ഇന്ത്യയുടെ ജൂനിയര്‍ ടീമിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. 2018ല്‍ ന്യൂസിലാന്‍ഡ് വേദിയായ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ വിജയികളായ ഇന്ത്യന്‍ സംഘത്തില്‍ പരാഗുമുള്‍പ്പെട്ടിരുന്നു. അന്നു വെറും 16 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം.

റിയാന്‍ പരാഗിന്റെ ആസ്തിയിലക്കു വരികയാണെങ്കില്‍ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് അതു ഏകദേശം അഞ്ചു കോടിയോളം രൂപ വരും. താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഐപിഎല്ലില്‍ നിന്നാണ്. അതുകൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും പരാഗിനു മോശമല്ലാത്ത പ്രതിഫലം ലഭിക്കുന്നു. 2018ലെ അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനമാണ് 2019ല്‍ പരാഗിനെ റോയല്‍സിലെത്തിച്ചത്.
അന്നു അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു താരത്തെ ഫ്രാഞ്ചൈസി വാങ്ങിയത്. 2021 വരെ ഇതു തന്നെയാണ് പ്രതിവര്‍ഷം പരാഗിനു പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ 2022 മുതല്‍ പ്രതിഫലം 3.8 കോടി രൂപയായി ഉയര്‍ന്നു. സമാപിച്ച സീസണിലും ഇതു തന്നെയായിരുന്നു പ്രതിഫലം. കാര്‍ കലക്ഷനിലേക്കു വരികയാണെങ്കില്‍ നിലവില്‍ ഒരേയൊരു കാര്‍ മാത്രമേ പരാഗിനുള്ളൂ. 15.11 ലക്ഷം രൂപയുടെ ഹോണ്ട സിറ്റി കാറാണ് താരം ഉപയോഗിക്കുന്നത്.
2019ലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ പരാഗ് അരങ്ങേറിയത്. ഈ സീസണില്‍ കന്നി ഫിഫ്റ്റി കണ്ടെത്തിയതോടെ ഈ നേട്ടം കൈവരിച്ച ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറുകയും ചെയ്തിരുന്നു. 2021ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ എ ടീമിന്റെ ഭാഗമായിരുന്നു പരാഗ്.
ഈ പരമ്പരയില്‍ ഇന്ത്യക്കായി ഇറങ്ങിയതോടെ ടി20യില്‍ ടീമിനെ പ്രതിനിധീകരിച്ച പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും പരാഗിനെ തേടിയെത്തി. ഐപിഎല്‍ കരിയറെടുത്താല്‍ ഇതുവരെ 54 മല്‍സരങ്ങളില്‍ നിനും 16.22 ശരാശിയില്‍ 600 റണ്‍സ് മാത്രമാണ് സമ്പാദ്യം. രണ്ടു ഫിഫ്റ്റികളോടെയാണിത്.