ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നാളാണ് യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ദേശീയ ടീമിനായി ഇതിനകം കളിച്ച രണ്ടു ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ടി20) ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. വൈകാത തന്നെ ഏകദിന ടീമിലേക്കും ജയ്‌സ്വാളിനു വിളിയെത്തുമെന്നുറപ്പാണ്. സമീപഭാവിയില്‍ മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തെ നമുക്കു കാണാനും സാധിക്കും.
കഴിഞ്ഞ വര്‍ഷമാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്‌സ്വാള്‍ അരങ്ങേറിയത്. കന്നി പരമ്പരയില്‍ തന്നെ താരം കസറുകയും ചെയ്തു. പിന്നാലെ ടി20യിലും അരങ്ങേറിയ ജയ്‌സ്വാള്‍ ഇതിലും നിരാശപ്പെടുത്തിയില്ല. എന്നാല്‍ 2023ല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ശേഷം ഇപ്പോള്‍ ടീമിന്റെ ഏഴയലത്തു പോലുമില്ലാത്ത ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

സൂര്യകുമാര്‍ യാദവ്
ടി20യിലെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന 360 ബാറ്റര്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ് ഈ ലിസ്റ്റിലെ ഒരാള്‍. നിലവില്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹമെങ്കിലും ടെസ്റ്റില്‍ സ്ഥാനമില്ല. ടി20യിലെ മാജിക്കല്‍ പ്രകടനം റെഡ് ബോളിലും ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൈ എത്തിയത്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലൂടെയായിരുന്നു സൂര്യയുടെ ടെസ്റ്റ് അരങ്ങേറ്റം.
ഫെബ്രുവരി ഒമ്പതു മുതല്‍ നാഗ്പൂരില്‍ നടന്ന ടെസ്റ്റിലാണ് അദ്ദേഗം കളിച്ചത്. ഈ മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ആറാം നമ്പറിലാണ് സൂര്യ കളിച്ചത്. 20 ബോളില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു. ഇന്ത്യ ഈ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ജയിച്ചതിനാല്‍ തന്നെ രണ്ടാമിന്നിങ്‌സില്‍ സൂര്യക്കു ബാറ്റ് ചെയ്യാനും അവസരം കിട്ടിയില്ല. ഈ ടെസ്റ്റിനു ശേഷം ടീമില്‍ നിന്നും പുറത്തായ അദ്ദേഹത്തിനു പിന്നീട് ഈ ഫോര്‍മാറ്റില്‍ അവസരവും ലഭിച്ചിട്ടില്ല.
ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നു സൂര്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പക്ഷെ ഇതു അദ്ദേഹത്തിനു അത്ര എളുപ്പമായിരിക്കില്ല. കാരണം മധ്യനിരയിലേക്കു നിരവധി ഓപ്ഷനുകളാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ അദ്ദേഹത്തിനു ടെസ്റ്റിലേക്കു ഒരു മടങ്ങിവരവ് സാധ്യമാവുകയുള്ളൂ.
കെഎസ് ഭരത്
ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎസ് ഭരതാണ് 2023ല്‍ യശസ്വി ജയ്‌സ്വാളിന്റെ അതേ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത അടുത്തയാള്‍. ഒരു സമയത്തു ടെസ്റ്റില്‍ റിഷഭ് പന്തിന്റെ ബാക്കപ്പ് റോളിലേക്കു ഫേവറിറ്റായിരുന്നു അദ്ദേഹം. റിഷഭിന്റെ അഭാവത്തില്‍ ഈ റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരം ഭരതാണെന്നും വിലയിരുത്തപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടന്ന ടെസ്റ്റിലൂടെയായിരുന്നു ഭരതിന്റെ അരങ്ങേറ്റം. സൂര്യകുമാര്‍ യാദവ് അരങ്ങേറിയ അതേ ടെസ്റ്റ് തന്നെയാണിത്. റിഷഭ് പരിക്കു കാരണം ദീര്‍ഘകാലം പുറത്തായതോടെ അതിനു ശേഷം ആറു ടെസ്റ്റുകളില്‍ കൂടി കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പിങില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ ഭരതില്‍ നിന്നും കാര്യമായ സംഭാവനകള്‍ ടീമിനു ലഭിച്ചില്ല.
12 ഇന്നിങ്‌സുകളില്‍ നിന്നും 20.09 എന്ന ദയനീയ ശരാശരിയില്‍ വെറും 221 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. ഉയര്‍ന്ന സ്‌കോര്‍ 44 ണ്‍സുമാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടുമായി വിശാഖപട്ടണത്തു നടന്ന ടെസ്റ്റിലാണ് ഭരത് അവസാനമായി കളിച്ചത്. തൊട്ടടുത്ത ടെസ്റ്റില്‍ അദ്ദേഹത്തിനു പകരം ധ്രുവ് ജുറേലിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ തന്നെ വരവറിയിച്ച ജുറേല്‍ അടുത്തതില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. ഇതോടെ ഭരതിന്റെ വഴിയടഞ്ഞു. ഇപ്പോള്‍ റിഷഭ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതോടെ ഭരത് പൂര്‍ണമായും ടീമിനു പുറത്തായി. ജുറേലാണ് ഇപ്പോള്‍ ബാക്കപ്പിന്റെ റോളിലുള്ളത്.