അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുകയെന്നത് ഏതൊരു വളര്‍ന്നുവരുന്ന ക്രിക്കറ്ററുടെയും ഏറ്റവും വലിയ സ്വപ്‌നമാണ്. കടമ്പകള്‍ കടന്ന് ഒടുവില്‍ ടീം ഇന്ത്യയുടെ വാതില്‍ തുറന്നു അകത്തു കയറിയാലും എത്ര പേര്‍ക്ക് അവിടെ തങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുക്കാനും ദീര്‍ഘകാലം തുടരാനും സാധിക്കും? വിരലില്‍ എണ്ണാവുന്ന ചിലര്‍ക്കു മാത്രമേ ഇതിനു കഴിയാറുള്ളൂ. കാരണം ടീമിലെ സ്ഥാനത്തിനു വേണ്ടി അത്രയും കടുത്ത മല്‍സരമാണ് താരങ്ങള്‍ക്കിടയിലുള്ളത്.
ലഭിക്കുന്ന അവസരങ്ങള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നവര്‍ക്കു മാത്രമേ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിക്കുകയുള്ളൂ. നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാനും കഴിയും. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്നു വിശേഷപ്പിക്കപ്പെടുന്ന മുന്‍ നായകന്‍ കൂടിയായ വിരാട് കോലി ജൂനിയര്‍ തലത്തിലൂടെ വന്ന് പിന്നീട് സീനിയര്‍ ടീമിനായും അരങ്ങേറ്റം കുറിച്ച താരമാണ്.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. കോലിക്കൊപ്പം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം വളരെ പെട്ടെന്നു അപ്രത്യക്ഷരായ ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മധ്യനിര ബാറ്റര്‍ എസ് ബദ്രിനാഥാണ് ആദ്യത്തെ താരം. ഇന്ത്യക്കു വേണ്ടി വെറും ഏഴു ഏകദിന മല്‍സരങ്ങളില്‍ കളിച്ച ബദ്രിക്കു കേവലം 78 റണ്‍സാണ് നേടാനായത്. 15.8 എന്ന ദയനീയ ശരാശരിയോടെയായിരുന്നു ഇത്. ഈ പ്രകടനത്തോടെ ദേശീയ ടീമിലെ സ്ഥാനം നഷ്ടമായ ബദ്രിനാഥിനു പിന്നീടൊരിക്കലും തിരിച്ചുവരാനുമായില്ല.
സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഏകദിനത്തില്‍ അതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 18 ഏകദിനങ്ങളില്‍ നിന്നും ഓജയ്ക്കു വീഴ്ത്താനായത് 21 വിക്കറ്റുകള്‍ മാത്രമാണ്. ഇതോടെ ഏകദിന ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്യുകയായിരുന്നു.
ബംഗാളില്‍ നിന്നുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍ മനോജ് തിവാരിയാണ് മൂന്നാമത്തെയാള്‍. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും സ്ഥിരമായി അവസരങ്ങള്‍ കിട്ടാതെ പോയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം. 2010ല്‍ അരങ്ങേറ്റ മല്‍സരത്തില്‍ കളിച്ചതിനു ശേഷം തിവാരി വീണ്ടും ടീമിലേക്കു വിളിക്കപ്പെട്ടത് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ കന്നി ഏകദിന സെഞ്ച്വറി നേടിയിട്ടും അടുത്ത കളിയില്‍ അദ്ദേഹം ഒഴിവാക്കപ്പെട്ടത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. 2015ലായിരുന്നു തിവാരി തന്റെ അവസാന ഏകദിന മല്‍സരത്തില്‍ കളിച്ചത്.

ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണ് ലിസ്റ്റിലെ നാലാമത്തെ താരം. 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലടക്കം കളിച്ചിട്ടുള്ള അദ്ദേഹം 57 ഏകദിനങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 810 റണ്‍സ് മാത്രമായിരുന്നു. 27 എന്ന മോശം ശരാശരിയിലാണിത്. വൈകാതെ ഇന്ത്യന്‍ ടീമില്‍ യൂസുഫിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു.
പേസര്‍ മന്‍പ്രീത് ഗോണിയാണ് ലിസ്റ്റിലെ അഞ്ചാമന്‍. പഞ്ചാബില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ക്കു ഇന്ത്യന്‍ ടീമിനു വേണ്ടി പ്രതീക്ഷിച്ചതു പോലെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കു വേണ്ടി രണ്ടു ഏകദിനങ്ങളില്‍ മാത്രം കളിച്ച അദ്ദേഹത്തിനു വീഴ്ത്താനായത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. പിന്നീട് ഗോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടതുമില്ല.