ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യയും നായികയും മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ക്രിക്കറ്റിലും സിനിമയിലും എല്ലാവര്‍ക്കും പരിചിതമായ മുഖമായി നഡാഷ മാറിക്കഴിഞ്ഞു. ഡാഡി, സീറോ, ദി ബോഡി, ആക്ഷന്‍ ജാക്‌സണ്‍ തുടങ്ങി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള നതാഷ ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഹാര്‍ദിക് പാണ്ഡ്യയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും കുഞ്ഞ് പിറന്നതിന് ശേഷമാണ് വിവാഹം കഴിച്ചതെന്നതാണ് എടുത്തു പറയേണ്ടത്.
ഡാന്‍സറെന്ന നിലയിലും മോഡലെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും തിളങ്ങുന്ന നതാഷയെ 2020 മെയ് 31നാണ് ഹാര്‍ദിക് വിവാഹം ചെയ്യുന്നത്. ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടേയും പേര് എത്തിയിരുന്നില്ല. രഹസ്യമായ പ്രണയബന്ധം ഹാര്‍ദിക് തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഹാര്‍ദിക്കിന് മുമ്പ് നതാഷക്ക് രണ്ടുപേരുമായി പ്രണയ ബന്ധമുണ്ടായിരുന്നു. ഇൗ ബന്ധം പൊളിഞ്ഞതിന് ശേഷമാണ് ഹാര്‍ദിക്കുമായി നതാഷ പ്രണയത്തിലാവുന്നത്.
നതാഷയുടെ മുന്‍ കാമുകന്മാര്‍ ആരൊക്കെയാണെന്ന് അറിയാമോ?. പരിശോധിക്കാം. ബോളിവുഡ് താരവും മോഡലുമായ അലി ഗോണിയുമായി നതാഷ പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഈ ബന്ധം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സൂപ്പര്‍ താരമായി നതാഷ വളര്‍ന്നതോടെ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു.
നാച്ച് ബാലിയ 9 എന്ന എക്‌സ് കപ്പിള്‍സ് റിയാലിറ്റി ഷോയില്‍ ഇരുവരും ഒന്നിച്ച് നൃത്തം ചെയ്തിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്ക് നീണ്ടില്ല. ഇതിന് ശേഷം മറ്റൊരാളുമായി നതാഷ പ്രണയത്തിലായി. അത് പ്രമുഖ മോഡലായ സാം മെര്‍ച്ചന്റാണ്. ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ചതാണ്. ഇവര്‍ പൂളില്‍ ഒന്നിച്ച് കുളിക്കുന്നതിന്റെയും നതാഷ സ്വിമ്മിങ് സ്യൂട്ടണിഞ്ഞ് ബിയര്‍ ഗ്ലാസുമായ സാമിനൊപ്പം പോസ് ചെയ്യുന്നതിന്റെയുമടക്കം ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഇവര്‍ വിവാഹിതരാവാന്‍ പോകുന്നുവെന്നടക്കം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധവും വിവാഹത്തിലേക്കെത്തിയില്ല. ഇതിന് ശേഷമാണ് ഹാര്‍ദിക്കിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഇപ്പോള്‍ ഇരുവര്‍ക്കും ഒരു ആണ്‍കുട്ടിയുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹാര്‍ദിക്. ഗുജറാത്തിന്റെ മത്സരങ്ങള്‍ കാണാന്‍ നതാഷയെത്താറുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് നതാഷ സുപരിചിതയാണ്.
ഇപ്പോള്‍ ഹാര്‍ദിക്കും നതാഷയും സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്. വിവാഹത്തിന് ശേഷം നതാഷ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. സെര്‍ബിയക്കാരിയായ നതാഷ ഹാര്‍ദിക് പാണ്ഡ്യയെക്കാള്‍ മുതിര്‍ന്നയാളാണ്. എന്നാല്‍ ഇരുവരുടേയും പ്രണയത്തിന് പ്രായം തടസമായില്ല. സാമ്പത്തികമായി പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവന്ന താരമാണ് ഹാര്‍ദിക്. നിലവില്‍ 100 കോടിക്ക് അടുത്ത് ആസ്തി അദ്ദേഹത്തിനുണ്ട്.
ഹാര്‍ദിക്കിനെപ്പോലെ തന്നെ കോടികളുടെ ആസ്തി നതാഷക്കുമുണ്ട്. 2023ലെ കണക്കുപ്രകാരം 25 കോടിയോളം രൂപയുടെ ആസ്തിയാണ് നതാഷക്കുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 75 ലക്ഷം മുതല്‍ 1.30 കോടിവരെയാണ് നതാഷ വാങ്ങിയിരുന്നത്. ഇപ്പോള്‍ വഡോദരയിലെ ഹാര്‍ദിക്കിന്റെ കുടുംബത്തോടൊപ്പമാണ് നതാഷ താമസിക്കുന്നത്. ലംബോര്‍ഗിനി ഇവോ, ഔഡി എ6, മെഴ്‌സിഡസ് എഎംജി ജി63, ലാന്‍ഡ് റോവര്‍ തുടങ്ങിയ പല ആഡംഭര വാഹനങ്ങളും ഈ ദമ്പതികള്‍ക്കുണ്ട്.
അത്യാഡംഭര ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ഹാര്‍ദിക്കിനൊപ്പം ഇതിനോടകം നിരവധി യാത്രകളും നതാഷ ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണ നതാഷക്കുണ്ട്. അഭിനയത്തിലേക്ക് നതാഷ പെട്ടെന്ന് തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ല. ഹാര്‍ദിക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത നായകനാവാന്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് പിന്നാലെ തന്നെ ഇന്ത്യ ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയേക്കും.