ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റന്മാരുടെ നിരയില്‍ തലപ്പത്ത് മുന്‍ ഇതിഹാസം എംഎസ് ധോണി ആയിരിക്കുമെന്നതില്‍ സംശയം വേണ്ട. സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിനു അദ്ദേഹം സമ്മാനിച്ചിട്ടുള്ളതെന്നു കാണാം. രണ്ടു ലോകകപ്പുകളടക്കം ഐസിസിയുടെ മൂന്നു ട്രോഫികള്‍ ഉയര്‍ത്താന്‍ ഭാഗ്യമുണ്ടായ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്.
ദേശീയ ടീമിനോടു ഇതിനകം ഗുഡ്‌ബൈ പറഞ്ഞു കഴിഞ്ഞെങ്കിലും ക്രിക്കറ്റിനോടുള്ള പാഷന്‍ ധോണിക്കു ഇനിയും അവസാനിച്ചിട്ടില്ല. 42ാം വയസ്സിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അദ്ദേഹത്തെ നമുക്കു കാണാം. സമാപിച്ച സീസണില്‍ സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിച്ചതോടെ ഏറ്റവുമധികം ട്രോഫികളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും ധോണിയെത്തിയിരുന്നു.

നിലവില്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളുവെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ ധോണി ശരിക്കും 'തല' തന്നെയാണ്. അദ്ദേഹത്തിന്റെ വരുമാനത്തെയും കാര്‍, ബൈക്ക് കളക്ഷനെക്കുറിച്ചുമെല്ലാം അറിയാം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എംഎസ് ധോണിയുടെ ആസ്തി ഏകദേശം 1040 കോടിയോളം രൂപയാണ്. കളിക്കളത്തിനു അകത്തെയും പുറത്തെയും പകരം വയ്ക്കാനില്ലാത്ത നേട്ടങ്ങളാണ് വരുമാനത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ രാജാവാക്കി മാറ്റിയത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കോടികളുടെ മൂല്യമുള്ള റിയല്‍ എസ്‌റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ ധോണിയുടെ പേരിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയിലൊന്നാണ് റാഞ്ചിയിലെ ഹര്‍മു ഹൗസിങ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന ആഡംബര വീട്.2011ലാണ് അദ്ദേഹം ഈ വീട് സ്വന്തമാക്കിയത്. ഇതിന്റെ മൂല്യം 17.8 കോടിയോളം രൂപ വരും. ഭാര്യ സാക്ഷി, മകള്‍ സിവ, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ഇവിടെയാണ് താമസിക്കുന്നത്.

ആഡംബര കാറുകളോടും ബൈക്കുകളോടും വലിയ പ്രിയമുള്ള ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ഇവയുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. 3.57 കോടി വിലയുള്ള ഫെരാരി 599 ജിടിഒ, 75 ലക്ഷം രൂപയുടെ ഹമ്മര്‍ എച്ച് 2, 44.41 ലക്ഷം രൂപയുടെ ലാന്‍ഡ് റോവര്‍, 88.33 ലക്ഷം രൂപയുടെ ഔഡി ക്യു 7, 75.15 ലക്ഷം രൂപയുടെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, 10.5 ലക്ഷം രൂപയുടെ നിസ്സാന്‍ ജോംഗ, 53 ലക്ഷം രൂപയുടെ ജിഎംസി സിയേറ എന്നിവയെല്ലാം നിലവില്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.
2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമാണ് എംഎസ് ധോണി. ഇതു വഴി മാത്രം കോടികളാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്. നിലവില്‍ സിഎസ്‌കെയില്‍ 12 കോടി രൂപയാണ് ധോണിയുടെ പ്രതിവര്‍ഷ ശമ്പളം.
പ്രതിമാസം നാലു കോടിക്കു മുകളിലും പ്രതിവര്‍ഷം 50 കോടി രൂപയ്ക്കു മുകളിലും അദ്ദേഹത്തിനു വിവിധ മാര്‍ഗങ്ങളിലൂടെ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. പരസ്യ ബ്രാന്‍ഡുകള്‍ക്കു ഇപ്പോഴും ധോണി പ്രിയങ്കരന്‍ തന്നെയാണ്. നിലവില്‍ പല പരസ്യ ബ്രാന്‍ഡുകളുമായും അദ്ദേഹത്തിനു കരാറുണ്ട്.
620 കോടിയോളം രൂപയാണ് ധോണി തനിക്കു ഏറെ താല്‍പ്പര്യമുള്ള ചില മേഖലകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഹോക്കി, ഫുട്‌ബോള്‍, കബഡി എന്നിവയിലെല്ലാം ഇന്ത്യയിലെ ഫ്രാഞ്ചൈസി ലീഗുകളിലെ ചില ടീമുകളില്‍ അദ്ദേഹത്തിനു ഓഹരികളുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫിറ്റ്‌നസ് സെന്റുകളും ധോണിക്കു സ്വന്തമായുണ്ട്.