IND vs AUS: ഇന്ത്യ എന്തുകൊണ്ട് നാണംകെട്ടു? വളരെ സിംപിള്‍, അറിയാം പ്രധാന കാരണങ്ങള്‍
അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കു വെല്ലുവിളിയുയര്‍ത്തി ഇന്ത്യന്‍ ടീം വിജയക്കൊടി നാട്ടുന്നത് സ്വപ്‌നം കണ്ട ആരാധകര്‍ കടുത്ത നിരാശയിലും ഞെട്ടലിലുമാണ്. എന്നാലും ഇതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടി ഓസീസ് അടുത്ത വേദിയിലേക്കു പായ്ക്ക് ചെയ്ത് അയച്ചിരിക്കുന്നത്.
രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ആവേശകരമായ ഒരു ക്ലൈമാക്‌സായിരുന്നു എല്ലാവരും പ്രവചിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നത്. കാരണം 60 റണ്‍സിന് മുകളില്‍ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ഇന്ത്യക്കാര്‍ ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച സംഭവങ്ങളാണ് അഡ്‌ലെയ്ഡില്‍ അരങ്ങേറിയത്. വെറും 70 മിനിറ്റ് കൊണ്ടാണ് ഇന്ത്യയുടെ ഇന്നിങ്‌സ് തകര്‍ന്നടിഞ്ഞത്. ഫലമാവട്ടെ ഓസീസ് എട്ടു വിക്കറ്റിന്റെ അനായാസ വിജയം ആഘോഷിക്കുകയും ചെയ്തു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്കു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

വാലറ്റനിരയുടെ സംഭാവനയുണ്ടായില്ല
മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ വാലറ്റക്കാരുടെ ഭാഗത്തു നിന്നു ചെറുത്തുനില്‍പ്പ് ഉണ്ടായിരുന്നെങ്കില്‍ ഇത്ര വലിയൊരു നാണക്കേട് ഇന്ത്യക്കു നേരിടില്ലായിരുന്നു. ഓസ്‌ട്രേലിയയെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ അവരുടെ നാട്ടില്‍ വാലറ്റനിര നേടുന്ന സ്‌കോര്‍ മല്‍സരഫലത്തില്‍ വലിയ സ്വാധീനമുണ്ടാക്കും.
അഡ്‌ലെയ്ഡില്‍ 11 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്കു നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് വന്നവരും പിഴവ് ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യയുടെ പതനം വേഗത്തിലാവുകയും ചെയ്തു. ഈ വര്‍ഷമാദ്യം ഹാമില്‍റ്റണില്‍ ന്യൂസിലാന്‍ഡിനെതിരേ അഞ്ചിന് 132 റണ്‍സെന്ന നിലയില്‍ നിന്നും ഇന്ത്യ 165ന് ഓള്‍ഔട്ടായിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിലും ഇതേ തിരിച്ചടി ഇന്ത്യക്കു നേരിട്ടു. അന്ന് അഞ്ചിന് 197 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ 242ന് ഓള്‍ഔട്ടായി.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ബൗളിങില്‍ മാച്ച് വിന്നര്‍മാരാണെന്നതില്‍ സംശയമില്ല. എന്നാല്‍ ബാറ്റിങിലും ഇവരുടെ സഹായം ഇന്ത്യക്കു ആവശ്യമാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ മോശമല്ലാത്ത സംഭാവന ബാറ്റിങില്‍ ഇന്ത്യക്കു ലഭിച്ചിരുന്നെങ്കില്‍ ഓസീസിന് വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലെങ്കിലും ഇന്ത്യക്കു നല്‍കാമായിരുന്നു.

വാലറ്റത്തെ എളുപ്പം പുറത്താക്കാനായില്ല
ഓസീസ് വാലറ്റനിരയെ ആദ്യ ഇന്നിങ്‌സില്‍ വേഗത്തില്‍ പുറത്താക്കാന്‍ സാധിക്കാതിരുന്നതും ഇന്ത്യയുടെ തോല്‍വിക്കു മറ്റൊരു കാരണമായി. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ഒരു ഘട്ടില്‍ ഏഴിന് 111 റണ്‍സെന്ന നിലയിലായിരുന്നു. 150നുള്ളില്‍ ഇന്ത്യ അവരെ ഓള്‍ഔട്ടാക്കേണ്ടിയിരുന്നു. എന്നാല്‍ 191 റണ്‍സ് വരെയെത്തിക്കാന്‍ ഓസീസിന് സാധിച്ചത് ഇന്ത്യന്‍ ബൗളിങ് നിരയുടെ പോരായ്മയാണ് തുറന്നു കാണിക്കുന്നത്. 80 റണ്‍സാണ് അവസാന വിക്കറ്റുകളില്‍ ഓസീസ് നേടിയത്. ഇന്ത്യയുടെ ഈ വീക്ക്‌നെസ് കാരണമാണ് ഒന്നാമിന്നിങ്‌സിലെ ലീഡ് 53 ആയി കുറയാനുമിടയാക്കിയത്.
അഡ്‌ലെയ്ഡില്‍ മാത്രം സംഭവിച്ച വീഴ്ചയല്ല ഇത്. ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോഴും ടെസ്റ്റ് പരമ്പരയില്‍ ഇതേ വീക്ക്‌നെസ് ഇന്ത്യയെ വേട്ടയാടിയിരുന്നു. കിവീസിന്റെ വാലറ്റനിരയെ പുറത്താവാന്‍ വൈകിയതിനെ തുടര്‍ന്ന് രണ്ടു ടെസ്റ്റുകളിലും ഇന്ത്യക്കു പരാജയം നേരിട്ടിരുന്നു.

ക്യാച്ചസ് വിന്‍ മാച്ചസ്
ക്രിക്കറ്റില്‍ റണ്‍സെടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് ക്യാച്ചുകളെടുക്കുന്നതും. ക്യാച്ചസ് വിന്‍ മാച്ചസെന്നത് ക്രിക്കറ്റില്‍ കേട്ടുമടുത്ത പ്രയോഗമാണ്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഒന്നും രണ്ടുമല്ല അഞ്ചു ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇവയില്‍ മൂന്നെണ്ണം വളരെ അനായാസം പിടികൂടാന്‍ സാധിക്കുന്നതായിരുന്നു. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി ഒരു പിങ്ക് ബോള്‍ മല്‍സരമടക്കം രണ്ടു പരിശീലന മല്‍സരങ്ങള്‍ കളിച്ചതു കൊണ്ടു തന്നെ ഇത്രയും കാച്ചുകള്‍ കൈവിട്ടതിന് ഒരു ന്യായീകരണവുമില്ല.
ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ 26 റണ്‍സെടുത്തു നില്‍ക്കെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം മായങ്ക് പാഴാക്കിയിരുന്നു. ഫലമാവട്ടെ അദ്ദേഹം പുറത്താവാതെ 73 റണ്‍സെടുക്കുകയും ചെയ്തു. മറ്റൊരു ഓസീസ് താരമായ മാര്‍നസ് ലബ്യുഷെയ്‌ന്റെ മൂന്നു ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. അദ്ദേഹം 47 റണ്‍സെടുക്കുകയും ചെയ്തു. ഇനിയുള്ള ടെസ്റ്റുകളില്‍ ക്യാച്ചുകള്‍ കൈവിടാതിരുന്നെങ്കില്‍ മാത്രമേ ഇന്ത്യക്കു പരമ്പരയിലേക്കു ശക്തമായി തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications