ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പാക്കിയ യുവ താരങ്ങളിലൊരാളാണ് ഫിനിഷിങ് സെന്‍സേഷന്‍ റിങ്കു സിങ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ ഇടംകൈയന്‍ താരം തന്റെ ഫിനിഷിങ് പാടവം കൊണ്ട് വളരെ പെട്ടെന്നാണ് ലോക ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമായി മാറിയത്. ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ കൂളായി ബാറ്റ് ചെയ്യാനുള്ള കഴിവാണ് റിങ്കുവിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
അധികം വൈകാതെ ബിസിസിഐയുടെ മുഖ്യ കരാറിലും റിങ്കുവിനു ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി താരം കളിക്കുമെന്നും ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശ് ടീമിനോടൊപ്പം വളര്‍ന്നുവന്ന റിങ്കു സൂപ്പര്‍ താരമായി മാറിയത് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനായി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങളിലൂടെയണ്. ദേശീയ ടീമിലേക്കു റിങ്കുവിനു വഴി തുറന്നതും ഇതു തന്നെയാണ്.

റിങ്കുവിന്റെ ആസ്തിയെക്കുറിച്ചും വരുമാന സ്രോതസുകളെക്കുറിച്ചുമെല്ലാം നമുക്കു നോക്കാം. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് അദ്ദേഹത്തിനു വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിസിസിഐ, ഐപിഎല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം റിങ്കുവിന്റെ വരുമാന മാര്‍ഗങ്ങളാണ്.
ഈ വര്‍ഷം വരെയുള്ള കണക്കുകളെടുത്താല്‍ ഏഴു കോടിയാളം രൂപയാണ് താരത്തിന്റെ ആകെ ആസ്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. റിങ്കുവിന്റെ പ്രതിമാസ വരുമാനം അഞ്ചു ലക്ഷം രൂപയും പ്രതിവര്‍ഷ ശമ്പളം 60 ലക്ഷത്തോളം രൂപയുമാണ്.
ഐപിഎല്ലാണ് റിങ്കുവിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗമെന്നു കാണാം. താരത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സില്‍ നിന്നും ലഭിക്കുന്ന ശമ്പളം തന്നെയാണ്. 2018ല്‍ 80 ലക്ഷം രൂപയ്ക്കായിരുന്നു റിങ്കുവിനെ കെകെആര്‍ വാങ്ങിയത്. 2020 വരെ ഇതേ ശമ്പളമാണ് താരത്തിനു ലഭിച്ചത്.
പരിക്കു കാരണം 2021ലെ സീസണ്‍ നഷ്ടമായ റിങ്കുവിനെ 2022ലെ ലേലത്തില്‍ 55 ലക്ഷം രൂപയ്ക്കു കെകെആര്‍ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണിലും വരാനിരിക്കുന്ന സീസണിലുമെല്ലാം 55 ലക്ഷം രൂപ തന്നെയാണ് റിങ്കുവിന്റെ പ്രതിവര്‍ഷത്തെ പ്രതിഫലം.

അതേസമയം, സാമ്പത്തികമായി വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് റിങ്കുവിന്റെ വരവ്. അഞ്ചു കൂടപ്പിറപ്പുകളില്‍ മൂന്നാമത്തെയാളാണ് താരം. റിങ്കുവിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിങ് ഒരു എല്‍പിജി വിതരണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കുട്ടിക്കാലത്തു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു കൂലിപ്പണി ചെയ്യാന്‍ പോലും റിങ്കുവിനെ പലരും പ്രേരിപ്പിച്ചെങ്കിലും താരം ഇതു നിരസിക്കുകയും ക്രിക്കറ്റ് കരിയറുമായി മുന്നോട്ടു പോവുകയുമായിരുന്നു. ഒടുവില്‍ ക്രിക്കറ്റ് റിങ്കുവിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു ഇന്ത്യന്‍ ജഴ്‌സിയില്‍ റിങ്കുവിന്റെ അരങ്ങേറ്റം. സീനിയര്‍ കളിക്കാര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യയെ പരമ്പരയില്‍ നയിച്ചത് ജസ്പ്രീത് ബുംറയായിരുന്നു. കന്നി പരമ്പരയില്‍ തന്നെ സാന്നിധ്യമറിയിച്ച റിങ്കുവിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല.
ഇന്ത്യക്കു വേണ്ടി 11 ടി20 ഇന്നിങ്‌സുകശളിലാണ് താരം ബാറ്റ് ചെയ്തത്. 89 എന്ന മികച്ച ശരാശരിയില്‍ 356 റണ്‍സ് റിങ്കു അടിച്ചെടുക്കുകയും ചെയ്തു. രണ്ടു ഫിഫ്റ്റികളടക്കമാണിത്. ഏകദിനത്തില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നും റിങ്കു സ്‌കോര്‍ ചെയ്ത് 55 റണ്‍സാണ്.