Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കാര്‍, പക്ഷെ ഇവര്‍ കളിച്ചത് ഓസ്ട്രേലിയക്ക് വേണ്ടി! കൂട്ടത്തില്‍ ഒരു മലയാളിയും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങിയ ഒരുപാട് ഇന്ത്യന്‍ താരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. ഇന്ത്യയില്‍ നിന്നും പല കാരണങ്ങളാല്‍ വിദേശത്തേക്കു കുടിയേറിപ്പാര്‍ത്തവരുടെ മക്കളും ചെറുമക്കളുമാണ് ഈ തരത്തില്‍ വിദേശ ടീമുകളിലെ ഇന്ത്യന്‍ സാന്നിധ്യമായി മാറിയിട്ടുള്ളത്.

ഏറ്റവും അവസാനമായി ടെസ്റ്റില്‍ ഒരിന്നിങ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തി ലോക റെക്കോര്‍ഡിനൊപ്പമെത്തിയ ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിനെയും ഈ ലിസ്റ്റില്‍ നമുക്ക് കാണാം. ന്യൂസിലാന്‍ഡിന്റെ തന്നെ ഇഷ് സോധി, രചിന്‍ രവീന്ദ്ര, ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ തുടങ്ങിയവരെല്ലാം ഇന്ത്യയില്‍ വേരുകളുള്ളവരാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായ ചില ഇന്ത്യന്‍ വംശജരായ താരങ്ങളുണ്ട്. ആരൊക്കെയാണ് ഈ അഞ്ചു കളിക്കാരെന്നറിയാം.

ലിസ സ്തലേക്കര്‍

ലിസ സ്തലേക്കര്‍

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റിലെ മുന്‍ സൂപ്പര്‍ താരം ലിസ സ്തലേക്കര്‍ ഇന്ത്യന്‍ വംശജയാണ്. ലളിതയെന്നാണ് ഇവരുടെ യഥാര്‍ഥ പേര്. മഹാരാഷ്ട്രയിലെ പൂനെയില്‍ 1979ലാണ് ലിസ ജനിച്ചത്. പൂനെയിലെ ഒരു അനാഥാലയത്തില്‍ നിന്നും ഓസ്‌ട്രേലിയന്‍ ദമ്പതികളായ ഹാരെനും സ്യു സ്തലേക്കറും ലിസയെ ദത്തെടുക്കുകയായിരുന്നു.
അച്ഛനാണ് ലിസയെ ക്രിക്കറ്റിലേക്കു കൊണ്ടുവരുന്നത്. പിന്നീട് ഓസീസ് ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളായി ലിസ മാറി. ഏകദിനത്തില്‍ 1000 റണ്‍സും 100 വിക്കറ്റുകളുമെടുത്ത ആദ്യ വനിതാ താരമാണ് ലിസ. 2020ല്‍ ഓസീസിന്റെ ലോകകപ്പ് നേട്ടത്തിനു ശേഷം അവര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

അര്‍ജുന്‍ നായര്‍

അര്‍ജുന്‍ നായര്‍

ഓസ്‌ട്രേലിയക്കു വേണ്ടി കളിച്ച മലയാളി വംശജനായ താരമാണ് അര്‍ജുന്‍ നായര്‍. മിസ്റ്ററി സ്പിന്നര്‍ കൂടിയായ അര്‍ജുന്‍ 1998ല്‍ കാന്‍ബെറയിലാണ് ജനിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ന്യൂസൗത്ത് വെയ്ല്‍സിന്റെ താരമാണ് അദ്ദേഹം. 2016ല്‍ സൗത്ത് ഓസ്ട്രലിയക്കെതിരേ കളിച്ചാണ് അര്‍ജുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഈ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത താരം 37 റണ്‍സുമെടുത്തിരുന്നു.
അണ്ടര്‍ 19 വിഭാഗത്തിലാണ് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിനായി അര്‍ജുന്‍ കളിച്ചത്. ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി തണ്ടര്‍ ടീമിലും താരമുണ്ടായിരുന്നു. ബൗളിങിലെ വേരിയേഷനുകളിലൂടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സര്‍ക്യൂട്ടുകളില്‍ താരം അറിയപ്പെടുന്നത്.

ജാസണ്‍ ജസ്‌കീരത് സിങ്

ജാസണ്‍ ജസ്‌കീരത് സിങ്

ഇന്ത്യന്‍ വംശജനായ ജാസണ്‍ ജസ്‌കീരത് സിങ് 1999 സപ്തംബര്‍ എട്ടിനു ന്യൂസൗത്ത് വെയ്ല്‍സിലാണ് ജനിച്ചത്. 2018ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ നയിച്ചത് ജാസണായിരുന്നു. 229 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായും താരം മാറിയിരുന്നു.
പഞ്ചാബിലെ ബദിന്ദ സ്വദേശിയായ കുല്‍ദീപാണ് ജാസണിന്റെ അച്ഛന്‍. ഉന്നത വിദ്യാഭ്യാസത്തിനായി 1980കളില്‍ കുല്‍ദീപ് ഓസ്‌ട്രേലിയയിലേക്കു ചേക്കേറുകയായിരുന്നു. 2017ലാണ് ജാസണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. മല്‍സരത്തില്‍ താരം സെഞ്ച്വറിയും നേടിയിരുന്നു.

ഗുരീന്ദര്‍ സിങ് സന്ധു

ഗുരീന്ദര്‍ സിങ് സന്ധു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ആദ്യ ഇന്ത്യന്‍ വംശജനായ പുരുഷ താരമെന്ന റെക്കോര്‍ഡ് ഗുരീന്ദര്‍ സിങ് സന്ധുവിനാണ്. 1993 ജൂണ്‍ 14ന് സൗത്ത് വെയ്ല്‍സിലെ ബ്ലാക്ക്ടൗണിലാണ് താരം ജനിച്ചത്. പഞ്ചാബിലെ ഫരിദ്‌കോട്ട് ജിലയില്‍ നിന്നുള്ളവരാണ് ഗുരീന്ദറിന്റെ മാതാപിതാക്കള്‍. അവര്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയവരാണ്.
2015ല്‍ മെല്‍ബണില്‍ വച്ച് ഇന്ത്യക്കെതിരേ തന്നെ അരങ്ങേറാനുളള അപൂര്‍വ്വ ഭാഗ്യം ഗുരീന്ദറിനു ലഭിച്ചു. ഓസീസിനു വേണ്ടി രണ്ട് ഏകദിനങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകളുമെടുത്തു. 2015ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം.

തന്‍വീര്‍ സംഗ

തന്‍വീര്‍ സംഗ

ഓസ്‌ട്രേലിയയുടെ പുരുഷ സീനിയര്‍ ടീമിലെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരം തന്‍വീര്‍ സംഗയാണ്. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു. 3.58 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളാണ് സംഗ വീഴ്ത്തിയത്. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടര്‍ ടീമിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
2001 നവംബറില്‍ സിഡ്‌നിയിലാണ് താരം ജനിച്ചത്. സംഗയുടെ അച്ഛന്‍ ജോഗ സംഗ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ജലന്ധറില്‍ നിന്നും 1997ല്‍ ഓസ്‌ട്രേലിയയിലേക്കു ചേക്കേറിയതാണ്.

Story first published: Saturday, June 4, 2022, 19:02 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+