ക്രിക്കറ്റര്‍മാരില്‍ ഭുരിഭാഗം പേരും മല്‍സരരംഗത്തു നിന്നും വിരമിച്ചു കഴിഞ്ഞാല്‍ തങ്ങള്‍ക്കു ഒട്ടും പരിചയമില്ലാത്ത പല മേഖലകളിലും പണമിറക്കി ബിസിനസിലൂടെ പണം വാരാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഭൂരിഭാഗം പേരും ദയനീയമായി പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ വളരെ നല്ല ഐഡിയകളുള്ള ചിലര്‍ മാത്രം ബിസിനസില്‍ കൈ പൊള്ളിക്കാതെ വലിയ വിജയങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതായി കാണാന്‍ സാധിക്കും.
ക്രിക്കറ്റില്‍ നിന്നുള്ള വരുമാനം ഏറെക്കുറെ നിലയ്ക്കുന്ന ഘട്ടത്തിലാണ് പലരും കൈവശമുള്ള പണം ബിസിനസുകളില്‍ നിക്ഷേപിക്കാറുള്ളത്. റെസ്‌റ്റോറന്റ് ബിസിനസെന്നത് ക്രിക്കറ്റര്‍മാര്‍ക്കു വളരെ താല്‍പ്പര്യമുള്ള മേഖലകളിലൊന്നാണ്. പലരും ഒരു നോക്കിയ ശേഷം കൈപൊള്ളി പിന്മാറിയ മേഖലയാണിത്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ വിരാട് കോലി വരെ ഈ ബിസിനസില്‍ ഭാഗ്യ പരീക്ഷണം നടത്തിയവരുടെ നിരയിലുണ്ട്.

റെസ്റ്റോറന്റ് ബിസിനസില്‍ ഇറങ്ങി വലിയ നഷ്ടം നേരിട്ടതിനെ തുടര്‍ന്നു അതു മതിയാക്കേണ്ടി വന്ന ഇന്ത്യയുടെ നാലു പ്രധാനപ്പെട്ട താരങ്ങളെക്കുറിച്ചറിയാം. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2002ലായിരുന്നു ടെണ്ടുല്‍ക്കര്‍'സ് എന്ന പേരോടു കൂടി ഒരു റെസ്‌റ്റോറന്റ് അദ്ദേഹം ആരംഭിക്കുന്നത്. ഇതു വിജയമായി മാറിയതോടെ സച്ചിന്‍ പുതിയ ചില ഔട്ട്‌ലെറ്റുകള്‍ കൂടി മുംബൈ, ബെംഗളൂരു എന്നീവിടങ്ങളില്‍ ആരംഭിച്ചു.
സച്ചിന്‍സ് എന്നായിരുന്നു ഇവയ്ക്കു പേര് നല്‍കിയത്. പക്ഷെ ഇവ പ്രതീക്ഷിച്ച വിജയം കണ്ടില്ല. വന്‍ നഷ്ടത്തിലേക്കു വീണതോടെ 2007ല്‍ തന്റെ റെസ്‌റ്റോറന്റ് ശൃംഖലകള്‍ മുഴുവന്‍ സച്ചിന്‍ അടച്ചു പൂട്ടുകയും ചെയ്തു.
ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിക്കും റെസ്റ്റോറന്റ് ബിസിനസുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ പോഷ് ഏരിയകളിലൊന്നായ പാര്‍ക്ക് സ്ട്രീറ്റില്‍ 2004ലായിരുന്നു സൗരവ്‌സ് ഫുഡ് പവലിയന്‍ എന്ന പേരില്‍ ദാദ റെസ്റ്റോറന്റ് തുറക്കുന്നത്.
തുടക്കത്തില്‍ ഹോട്ടലിന്റെ ഉടമസ്ഥാവകാശം ഗാംഗുലിക്കായിരുന്നു. പിന്നീട് അദ്ദേഹം ഹോട്ടല്‍ പാട്ടത്തിനു കൊടുക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം ഹോട്ടലിന്റെ നിയന്ത്രണം വീണ്ടും ഗാംഗുലി ഏറ്റെടുത്തു. എന്നാല്‍ 2011ല്‍ റെസ്‌റ്റോറന്റ് അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും റെസ്റ്റോറന്റ് ബിസിനസില്‍ ഒരു കൈ നോക്കിയിട്ടുണ്ട്. തന്റെ വഴികാട്ടിയായ സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വീരുവും ഈ രംഗത്തേക്കു വന്നത്. 2006ലാണ് അദ്ദേഹം റെസ്റ്റോറന്റ് ബിസിനസിലേക്കു കടന്നത്. ഡല്‍ഹിയിലെ മോട്ടി നഗര്‍ ഏരിയയില്‍ സെവാഗ്‌സ് ഫേവറിറ്റ്‌സ് എന്ന പേരില്‍ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റിനു വീരു തുടക്കം കുറിക്കുകയായിരുന്നു.
തുടക്കത്തിലെ കുറച്ചു മാസങ്ങള്‍ നന്നായി പോയെങ്കിലും പിന്നീട് കസ്റ്റമേഴ്‌സ് നന്നായി കുറയുകയായിരുന്നു. തുടര്‍ന്നു സഹ ഉടമകളുമായി വീരു കലഹത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ വഞ്ചനാ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹം കോടതിയെ സമീപിക്കുകയുമായിരുന്നു.
വിരാട് കോലിയാവട്ടെ 2017ലായിരുന്നു ആദ്യമായി റെസ്‌റ്റോറന്റ് ബിസിനസിലേക്കു ഇറങ്ങുന്നത്. ന്യുഡല്‍ഹിയിലെ ആര്‍കെ പുരത്ത് ന്യുഇവയെന്ന പേരില്‍ അദ്ദേഹം റെസറ്റോറന്റ് തുടങ്ങുകയായിരുന്നു. തുടക്ക കാലത്തു ഇതു വലിയ ഹിറ്റായി മാറിയിരുന്നു.
പക്ഷെ വളരെ വേഗത്തില്‍ തകര്‍ച്ചയിലേക്കു വീഴുകയും ചെയ്യുകയായിരുന്നു. നിലവില്‍ വണ്‍ 8 കമ്മ്യുണ്‍ എന്ന പേരില്‍ റെസ്റ്റോറന്റ് ശൃംഖല കോലിക്കുണ്ട്. കൊല്‍ക്കത്തത്ത, പൂനെ, മുംബൈ എന്നീവിടങ്ങളിലാണ് ഇവയ്ക്കു ഔട്ട്‌ലെറ്റുകളുള്ളത്. ഇതു വളരെ നന്നായിട്ട് തന്നെ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്.