ഒരുപാട് മഹാന്‍മാരായ ക്രിക്കറ്റര്‍മാരെ ലോകത്തിനു സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനായിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി തുടങ്ങി ഒരുപാടു പേരെ നമുക്കു ഇക്കൂട്ടത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടിനെയോ, ഓസ്‌ട്രേലിയയോ പോലെ ഇന്ത്യ ഒരു വികസിത രാഷ്ട്രമല്ലാത്തതിനാല്‍ തന്നെ ക്രിക്കറ്റിലേക്കു വരുന്ന പലരും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ നിന്നുള്ളവരല്ലെന്നു കാണാം.
കടുത്ത ദാരിദ്ര്യത്തെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ചാണ് ഗെയിമിനോടുള്ള പാഷന്‍ കൊണ്ടു മാത്രം പലരും വലിയ ഉയരങ്ങള്‍ കീഴടക്കിയത്. ഒന്നുമില്ലാതെ ക്രിക്കറ്റിലേക്കു വന്ന് പിന്നീട് കോടികളുടെ ആസ്തികള്‍ സ്വന്തമാക്കിയിട്ടുള്ള നിരവധി ക്രിക്കറ്റര്‍മാര്‍ നമുക്കു മുന്നിലുണ്ട്.

വളരെ ചുരുക്കം ക്രിക്കറ്റര്‍മാര്‍ മാത്രമേ സമ്പന്നമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ക്രിക്കറ്റിലേക്കു വരികയും പിന്നീട് വലിയ താരങ്ങളായി മാറുകയും ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കഥകളായിരിക്കും. അത്തരത്തില്‍ ദാരിദ്യത്തെ അതിര്‍ത്തി കടത്തി വലിയ സമ്പന്നരായി മാറിയ ഇന്ത്യയുടെ ആറു ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
യുവ ഓപ്പണര്‍ പൃഥ്വി ഷായാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ആദ്യത്തെ താരം. സച്ചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ച്വറിയടിച്ച പ്രായം കുറഞ്ഞ താരം കൂടിയാണ് അദ്ദേഹം. കൂടാതെ പൃഥ്വിയുടെ ക്യാപ്റ്റന്‍സിയില്‍ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് കിരീടവും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്തു സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു താരത്തിന്റെ ജീവിതം.
നാലാം വയസ്സില്‍ അമ്മയെ നഷ്ടമായ പൃഥ്വിക്കു പിന്നീടെല്ലാം അച്ഛനായിരുന്നു. പരിശീലനം നടത്താന്‍ വേണ്ടി മാത്രം ദിവസേന 70 കിലോ മീറ്ററോളം അച്ഛനൊപ്പം താരം ട്രെയ്‌നില്‍ യാത്ര ചെയ്തിരുന്നു.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സാമ്പത്തികമായി മോശം ചുറ്റുപാടില്‍ നിന്നാണ് ക്രിക്കറ്റിലേക്കു വരുന്നത്. വാച്ച്മാനായിരുന്നു ജഡ്ഡുവിന്റെ അച്ഛന്‍. കുട്ടിക്കാലത്തു തന്നെ ജഡേജയ്ക്കു അമ്മയെ നഷ്ടമാവുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ക്രിക്കറ്റിനോടുള്ള പാഷന്‍ താരം കൈവിട്ടില്ല. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതാണ് ജഡ്ഡുവിന്റെ കരിയറിലെ ടേണിങ് പോയിന്റായത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ലിസ്റ്റിലെ അടുത്തയാള്‍. ഇന്ത്യക്കു രണ്ടു ലോകകപ്പുകള്‍ ഉള്‍പ്പെടെ മൂന്നു ഐസിസി ട്രോഫികള്‍ സമ്മാനിച്ചിട്ടുള്ള ഒരേയൊരു ക്യാപ്റ്റനാണ് അദ്ദേഹം. മെക്കോണ്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു ധോണിയുടെ അച്ഛന്‍. അമ്മയ്ക്കാവട്ടെ ജോലിയുമില്ലായിരുന്നു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം അച്ഛന്റെ നിര്‍ദേശപ്രകാരം ടിക്കറ്റ് ചെക്കറായി ധോണി ജോലിയും ചെയ്തിരുന്നു. പക്ഷെ അപ്പോഴും ക്രിക്കറ്ററാവുകയെന്ന സ്വപ്‌നം അദ്ദേഹം മനസ്സില്‍ താലോലിച്ചു. ഒടുവില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി ധോണി മാറുകയും ചെയ്തു.
പേസര്‍ ഭുവനേശ്വര്‍ കുമാറാണ് സാമ്പത്തികമായി മോശം ചുറ്റുപാടില്‍ നിന്നും ഉയര്‍ന്നുവന്ന മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റര്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായ അദ്ദേഹം ന്യൂബോള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മിടുക്കനാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭുവിയുടെ വരവ്.
തുടക്ക കാലത്തു പരിശീലനം നടത്തുമ്പോള്‍ ധരിക്കാന്‍ നല്ലൊരു ഷൂസ് പോലും ഭുവിക്ക് ഇല്ലായിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിലൂടെ തുടക്കകാലത്തെ വെല്ലുവിളികളെയെല്ലാം അദ്ദേഹം അതിജീവിക്കുകയായിരുന്നു.
ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ദാരിദ്ര്യത്തെ തോല്‍പ്പിച്ച് വിജയക്കൊടി നാട്ടിയ അഞ്ചാമത്തെ താരം. രോഹിത്തിന്റെ സ്‌കൂള്‍ ഫീസ് പോലും അടയ്ക്കാന്‍ അച്ഛനു സാമ്പത്തിക ശേഷിയില്ലായിരുന്നു. ഇതോടെ പഠനം മുടങ്ങുമോയെന്നു കുടുംബം ഭയപ്പെട്ടു.
പക്ഷെ കുടുംബത്തിലെ മറ്റു ബന്ധുക്കളുടെ പിന്തുണ രോഹിത്തിന്റെ പഠനത്തിനും ക്രിക്കറ്റ് മോഹങ്ങള്‍ക്കും പ്രതീക്ഷ നല്‍കുകയായിരുന്നു. ക്രിക്കറ്റനെന്ന തന്റെ പാഷനെ പിന്തുടര്‍ന്ന രോഹിത് പിന്നീട് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു. നിലവില്‍ പ്രതിമാസം കോടികളാണ് അദ്ദേഹത്തിന്റെ വരുമാനം.
ഈ ലിസ്റ്റിലെ അവസാനത്തെ രണ്ടു പേര്‍ പാണ്ഡ്യ സഹോദരന്‍മാരാണ്. ഇളയ സഹോദരന്‍ ഹാര്‍ദിക് ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവാനൊരുങ്ങുകയാണ്. ക്രുനാല്‍ പാണ്ഡ്യയാവട്ടെ ഇന്ത്യക്കു വേണ്ടി ഇതിനകം അരങ്ങേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്.
വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് ഇരുവരുടെയും വരവ്. കുട്ടിക്കാലത്തു ഭക്ഷണത്തിനു പോലും ഇരുവരും ബുദ്ധിമുട്ടിയിരുന്നു. നല്ല ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മാഗിയായിരുന്നു പലപ്പോഴും പ്രധാന ഭക്ഷണമെന്നു ഹാര്‍ദിക് ഒരിക്കല്‍ തുറന്നു പറയുകയും ചെയ്തിരുന്നു.