ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ അരങ്ങേറിയ താരം കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ചിരുന്നു. അതിനു ശേഷം ടി20യിലും അരങ്ങേറാന്‍ അവസരം ലഭിച്ച ജയ്‌സ്വാള്‍ അവിടെയും തന്റെ മിടുക്ക് തെളിയിച്ചു. കരിയറിലെ രണ്ടാം ടി20യില്‍ തന്നെ പുറത്താവാതെ 84 റണ്‍സെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.
തുടക്കകാലത്തു സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ ജയ്‌സ്വാളിനു കടന്നു പോവേണ്ടി വന്നിരുന്നു. പക്ഷെ ജീവിതത്തിലെ പ്രതിസന്ധികളൊന്നും ക്രിക്കറ്റിനോടുള്ള താരത്തിന്റെ പാഷനെ ബാധിച്ചില്ല. പാനിപുരി വില്‍പ്പനക്കാരന്റെ മകനാണ് ജയ്‌സ്വാളെന്ന തരത്തില്‍ നേരത്ത പല റിപ്പോര്‍ട്ടുകളും വന്നിരുന്നു.

പക്ഷെ ഇവയെല്ലാം വ്യാജ വാര്‍ത്തകളാണെന്നായിരുന്നു താരത്തിന്റെ ബാല്യകാല കോച്ച് ജ്വാല സിങ് തുറന്നടിച്ചത്. മാത്രമല്ല ജയ്‌സ്വാള്‍ തനിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ആദ്യകാലങ്ങളില്‍ താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ കോടികള്‍ ആസ്തിയുള്ള ക്രിക്കറ്ററായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്.
ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം താരത്തിന്റെ ആസ്തി 16 കോടിയോളം രൂപയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായതിനു ശേഷമാണ് ജയ്‌സ്വാളിന്റെ ആസ്തിയില്‍ വലിയ കുതിപ്പുണ്ടായത്. കഴിഞ്ഞ സീസണില്‍ താരത്തെ റോയല്‍സ് നിലനിര്‍ത്തിയത് നാലു കോടി രൂപയ്ക്കായിരുന്നു. 2022ലും ഇതേ പ്രതിഫലം തന്നെ ലഭിച്ചു. 2020, 21 വര്‍ഷങ്ങളില്‍ 24 ലക്ഷം രൂപ വീതമായിരുന്നു ജയ്‌സ്വാളിന്റെ പ്രതിഫലം.
ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മിന്നുന്ന പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു 2020ലെ ലേലത്തില്‍ താരത്തെ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. ഐപിഎല്ലില്‍ നിന്നു മാത്രം 12.80 രൂപയാണ് ജയ്‌സ്വാള്‍ ഇതിനകം സ്വന്തമാക്കിയത്.
ആസ്തിയുടെ കാര്യത്തില്‍ പടിപടിയായുള്ള ഉയര്‍ച്ചയാണ് ജയ്‌സ്വാളിന്റെ കരിയറില്‍ സംഭവിച്ചിട്ടുള്ളതെന്നു കാണാന്‍ സാധിക്കും. 2019ല്‍ രണ്ടു കോടിയുടെ ആസ്തി മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. 2020ല്‍ അതു അഞ്ചു കോടിയായി ഉയരുകയായിരുന്നു. 2021ല്‍ ഇതു എട്ടു കോടി രൂപയിലേക്കുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതു 12 കോടി രൂപയിലെത്തുകയും ചെയ്തു. ഈ വര്‍ഷം നാലു കോടി കൂടി വര്‍ധിച്ച് ആസ്തി 16 കോടിയില്‍ എത്തിനില്‍ക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ബദോഹിയിലെ സുരിയാവാനില്‍ ഒരു ആഡംബര ഡിസൈനര്‍ വീട് ജയ്‌സ്വാളിനു സ്വന്തമായുണ്ട്. ഇതു കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും താരത്തിനുണ്ട്. കാര്‍ കളക്ഷനിലേക്കു വരികയാണെങ്കില്‍ മെഴ്‌സിഡസിന്റെ ആഡംബര എസ്‌യുവിയാണ് ജയ്‌സ്വാളിന്റെ പക്കലുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നാണ് ജയ്‌സ്വാള്‍ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതോടെ താരത്തിന്റെ ബ്രാന്‍ഡ് മൂല്യവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. വൈകാതെ തന്നെ പല പ്രമുഖ പരസ്യ ബ്രാന്‍ഡുകള്‍ക്കൊപ്പവും 21കാരനായ ജയ്‌സ്വാളിനെ നമുക്കു കാണാന്‍ സാധിക്കും.
ഗംഭീര തുടക്കമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിനു ലഭിച്ചിരിക്കുന്നത്. ടെസ്റ്റില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും 88.67 ശരാശരിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 266 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. ടി20യില്‍ രണ്ടു കളിയില്‍ നിന്നും 85 ശരാശരിയില്‍ ഒരു ഫിഫ്റ്റിയടക്കം 85 റണ്‍സും താരം സ്‌കോര്‍ ചെയ്തു.