അഗ്രസീവ് ക്രിക്കറ്റിലൂടെ ആധുനിക ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററെന്ന നിലയിലും തന്റേതായ ഒരു ബ്രാന്‍ഡ് തന്നെ വളര്‍ത്തിയെടുത്ത താരമാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി. നായകസ്ഥാനമൊഴിഞ്ഞ ശേഷം നിലവില്‍ ബാറ്ററെന്ന നിലയില്‍ മാത്രമേ അദ്ദേഹത്തെ നമ്മള്‍ കാണാറുള്ളൂവെങ്കിലും താരമൂല്യത്തിനു ഇപ്പോഴും ഇടിവൊന്നും സംഭവിച്ചിട്ടില്ല. ബാറ്റിങില്‍ കുറച്ചു വര്‍ഷങ്ങള്‍ മോശം ഫോമിലൂടെ കടന്നുപോവേണ്ടി വന്ന കോലി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ പഴയ ഫോമിലേക്കു തിരികെയെത്തിക്കഴിഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലും പഴയ മാജിക്കല്‍ ടച്ച് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കോലിയുടെ പിന്‍ഗാമിയായി പാകിസ്താന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്ന താരമാണ് നിലവിലെ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസം. മൂന്നു ഫോര്‍മാറ്റുകളിലും ബാറ്റിങില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഭാവിയില്‍ കോലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നു പോലും പലരും പ്രവചിച്ചു കഴിഞ്ഞു.

വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരമാണ് ബാബര്‍. ഈ കാരണത്താല്‍ തന്നെ ആധുനിക ക്രിക്കറ്റില്‍ പാകിസ്താന്റെ ഇതിഹാസ താരമായി അദ്ദേഹം മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഐക്കണ്‍ താരമാണ് നിലവില്‍ കോലിയെങ്കില്‍ പാക് ക്രിക്കറ്റില്‍ ഈ വിശേഷണം ബാബറിനാണ്. കളിക്കളത്തിനു പുറത്ത് അദ്ഭുതപ്പെടുന്ന താരമൂല്യമാണ് രണ്ടു പേര്‍ക്കുമുള്ളത്.
ആകെ ആസ്തി നോക്കുകയാണെങ്കില്‍ കോലിയും ബാബറും തമ്മിലുള്ള അന്തരം എത്രത്തോളം വരും? ഇരുവരുടെയും ആസ്തികള്‍ താരതമ്യം ചെയ്യുന്ന ആരും ഒന്നും ഞെട്ടിപ്പോവുമെന്നുറപ്പ്. കാരണം ആനയും ഉറുമ്പും പോലെയാണ് ആസ്തിയുടെ കാര്യത്തില്‍ ഇവര്‍ക്കിടയിലുള്ള വ്യത്യാസമെന്നു കാണാന്‍ സാധിക്കും. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് കോലിയുടെ ഇതുവരെയുള്ള ആസ്തി 1050 കോടിയോളം രൂപയാണ്. എന്നാല്‍ ബാബറിന്റെ ആസ്തി ഇതിന്റെ മൂന്നിലൊന്നു പോലും വരില്ല. വെറും 90 കോടിയുടെ ആസ്തി മാത്രമേ പാകിസ്താന്‍ നായകനുള്ളൂ.
നിരവധി മാര്‍ഗങ്ങളിലൂടെയാണ് കോലിയുടെ കൈകളിലേക്കു കോടികള്‍ ഒഴുകിയെത്തുന്നത്. ബിസിസിഐയുടെ എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളിലൊരാളാണ് അദ്ദേഹം. ഇതുവഴി ഏഴു കോടി രൂപയാണ് പ്രതിവര്‍ഷം കോലിക്കു ശമ്പളമായി ബിസിസിഐ നല്‍കുന്നത്. മാച്ച് ഫീ ഉള്‍പ്പെടെയുള്ളവ കൂടാതെയാണിത്.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ 15 കോടി രൂപയാണ് പ്രതിവര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം. ഇതുകൂടാതെ പരസ്യ കരാറുകള്‍ വഴിയും കോലി കോടികള്‍ വാരുന്നു. പ്യൂമ, ഔഡി, എംആര്‍എഫ് എന്നിവയടക്കം പല ഇന്ത്യന്‍, വിദേശ ബ്രാന്‍ഡുകളുമായും അദ്ദേഹത്തിനു കരാറുണ്ട്. റോണ്‍ എന്ന പേരില്‍ സ്വന്തമായൊരു ഫാഷന്‍ ബ്രാന്‍ഡിന്റെയും ഉടമ കൂടിയാണ് കോലി.
മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫിറ്റ്‌നസ് സെന്ററുകളും അദ്ദേഹത്തിനുണ്ട്. മുംബൈയില്‍ 34 കോടിയുടെ ആഡംബര ബംഗ്ലാവ് വാങ്ങിച്ച കോലി ഗുഡ്ഗാവില്‍ സ്വന്തമാക്കിയത് 80 കോടിയുടെ ആഡംബര വീടാണ്. കൂടാതെ കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളും അദ്ദേഹത്തിനുണ്ട്.

അതേസമയം, ബാബറിലേക്കു വരികയാണെങ്കില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ പോലെ സമ്പന്നമല്ലെന്നതാണ് വരുമാനത്തില്‍ ഇത്രയും വലിയ അന്തരമുണ്ടാവാന്‍ കാരണം. കൂടാതെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഐപിഎല്ലിനെപ്പോലെയൊരു ടൂര്‍ണമെന്റും പാകിസ്താനില്‍ ഇല്ലെന്നതും താരത്തിനു തിരിച്ചടിയാണ്.
ബാബറിനു നിലവില്‍ ക്രിക്കറ്റില്‍ നിന്നുള്ള വരുമാനം കൂടാതെ പരസ്യ കരാറുകള്‍ വഴിയും പ്രതിഫലം ലഭിക്കുന്നു. ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സ്, എച്ച്ബിഎല്‍, ഓപ്പോ, ഹുവാവെ എന്നിവയടക്കമുള്ള കമ്പനികളുമായി ബാബറിനു കരാറുണ്ട്. നിലവില്‍ ലാഹോറിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഔഡി എ5, ബെയ്ക് ബിജെ40 പ്ലസ് ജീപ്പ്, യമഹ ആര്‍ 1 ബൈക്ക്, ബിഎംഡബ്ല്യു ആര്‍ആര്‍ 310 ബൈക്ക് എന്നിവയാണ് ബാബറിന്റെ കൈവശമുള്ള വാഹനങ്ങള്‍.