ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗൗതം ഗംഭീര്‍ ചുമതലയേറ്റിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ നിയമനം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടി20 ലോകകപ്പ് വിജയത്തിനു സ്ഥാനമൊഴിഞ്ഞ തന്റെ മുന്‍ ടീമംഗം കൂടിയായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് ഗംഭീര്‍ ചുമതലയേറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ ഉപദേശകന്റെ റോളിലെത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയതോടയാണ് ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കും ഗംഭീര്‍ ഫേവറിറ്റായി മാറിയത്. മറ്റൊരു മുന്‍ താരം ഡബ്ല്യുവി രാമനെയും കോച്ച് സ്ഥാനത്തേക്കു ബിസിസിഐ അഭിമുഖം നടത്തിയിരുന്നെങ്കിലും നറുക്കുവീണത് ഗംഭീറിനായിരുന്നു. 2027 ഡിസംബര്‍ വരെയുള്ള കരാറിലാണ് അദ്ദേഹം ബിസിസിഐയുമായി ഒപ്പുവച്ചിരിക്കുന്നത്.

പക്ഷെ ഇന്ത്യന്‍ കോച്ചിന്റെ കുപ്പായത്തില്‍ ഗംഭീറിനു മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. നിരവധി വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇവയെ ഗംഭീറിനു മറിടക്കാന്‍ സാധിക്കുമോയെന്നതു കാത്തിരുന്നു കാണേണ്ടതാണ്. പരിശീലകലെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വെല്ലുവിളികള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
വളര്‍ന്നുവരുന്ന പുതിയ യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയെന്നതാണ് ഗംഭീറിന്റെ ആദ്യത്തെ ചാലഞ്ച്. യുവ താരങ്ങളില്‍ വിശ്വാസം കാത്തുസൂക്ഷിക്കുകയും അവര്‍ക്കു മികവ് പുറത്തെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതും പ്രധാനമാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള യുവതാരങ്ങളില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഗംഭീറിന്റെ പരിശീലന രീതിയെക്കുറിച്ച് അറിയുകയുള്ളൂ. നേരത്തേ ഐപിഎല്ലില്‍ കെകെആര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളില്‍ അദ്ദേഹത്തിനു കീഴില്‍ കളിച്ചവര്‍ക്കാണിത്. ബാക്കിയുള്ളവര്‍ക്കു കര്‍ക്കശക്കാരനായ ഗംഭീറുമായി പൊരുത്തപ്പെടാന്‍ സമയം ആവശ്യമായി വരും.
എങ്കിലും യുവതാരങ്ങളില്‍ എല്ലായ്‌പ്പോഴും വിശ്വാസമര്‍പ്പിക്കുകയും അവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ ഇന്ത്യന്‍ കോച്ചെന്ന നിലയിലും അദ്ദേഹം ഇതേ രീതി തന്നെ പിന്തുടരാനുമാണ് സാധ്യത. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള പല യുവതാരങ്ങള്‍ക്കും ഗംഭീര്‍ ദേശീയ ടീമില്‍ അവസരം നല്‍കിയേക്കും.
ടി20 ക്രിക്കറ്റില്‍ രണ്ടു ഇതിഹാസ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വിടവ് നികത്തുകയെന്നതാണ് ഗംഭീറിന്റെ രണ്ടാമത്തെ വെല്ലുവിളി. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇരുവരും ടി20 ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞിരുന്നു. പുതിയൊരു ക്യാപ്റ്റനെ മാത്രമല്ല അഗ്രസീവായ ഓപ്പണറെ കൂടി രോഹിത്തിനു പകരം ഗംഭീറിനു കണ്ടെത്തേണ്ടതുണ്ട്. മൂന്നാം നമ്പറില്‍ കോലിയുടെ അഭാവം ആരു നികത്തുമെന്നതും ചോദ്യചിഹ്നമാണ്.

നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ തന്നെ അടുത്ത ടി20 ക്യാപ്റ്റനായി വരാനാണ് സാധ്യത. ഗംഭീറുമായി വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് ഹാര്‍ദിക്. കൂടാതെ ഗംഭീറിന്റെ അഗ്രസീവ് ശൈലിയുമായി ഒത്തുപോവാന്‍ സാധിക്കുന്ന വ്യക്തിത്വവുമാണ് അദ്ദേഹത്തിന്റേത്. 2026ല്‍ അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത് ഇന്ത്യയിലാണ്. ഈ ടൂര്‍ണമെന്റിനുള്ള ടീമിനെ തയ്യാറാക്കുകയെന്നത് ഗംഭീറിനു വെല്ലുവിളി തന്നെയായിരിക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ വലിയ നേട്ടങ്ങളിലേക്കു നയിക്കുകയെന്നതാണ് ഗംഭീറിന്റെ മൂന്നാമത്തെ പ്രധാന വെല്ലുവിളി. റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമികളിലൊന്നാണ് ഇന്ത്യ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലെത്താന്‍ ഇന്ത്യക്കായിരുന്നു.
പക്ഷെ രണ്ടു തവണയും കപ്പിനരികെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. 2021ല്‍ ന്യൂസിലാന്‍ഡും കഴിഞ്ഞ വര്‍ഷം ഓസ്ട്രലിയയുമാണ് കലാശക്കളിയില്‍ ഇന്ത്യയെ വീഴ്ത്തിയത്. ടെസ്റ്റില്‍ ഇന്ത്യയെ ചാംപ്യന്‍പട്ടത്തിലേക്കു നയിക്കുകയെന്ന വലിയ ദൗത്യമാണ് ഇപ്പോള്‍ ഗംഭീറിനു മുന്നിലുള്ളത്.