മുംബൈ: ക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ഏതാണെന്ന കാര്യത്തില്‍ പലപ്പോഴും ആരാധകര്‍ക്ക് സംശയമുണ്ടാവും. ബിസിസിഐ, ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തുടങ്ങിയവയാണ് സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡുകളെന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവരുടെ ആസ്തിയുടെ കണക്കുകളെക്കുറിച്ച് വലിയ വ്യക്തതയില്ലായിരുന്നു. ഇപ്പോഴിതാ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ ആസ്തിയുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് ബിസിസിഐയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോര്‍ഡായ ബിസിസിഐയുടെ ആകെ ആസ്തി 2.25 ബില്യന്‍ യുഎസ് ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. അതായത് 18700 കോടിയോളം ഇന്ത്യന്‍ രൂപ. ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള കായിക ഇനമാണ് ക്രിക്കറ്റ്. ഐപിഎല്ലിന്റെ വരവോടെയാണ് ആസ്തിയില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ബിസിസി ഐക്ക് സാധിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് ക്രിക്കറ്റ് അസോസിയേഷന്റെ ആസ്തി 79 മില്യണ്‍ യുഎസ് ഡോളറാണ്. അതായത് 660 കോടി രൂപ.
ഇതില്‍ നിന്ന് തന്നെ ബിസിസിഐ സാമ്പത്തികമായി എത്രത്തോളം ഉയരത്തിലാണെന്ന് വ്യക്തം. ബിസിസി ഐയുടെ ആസ്തിയുടെ കാല്‍ ഭാഗം പോലും ആസ്തി ഓസ്‌ട്രേലിയക്കില്ലെന്നതാണ് വസ്തുത. ഇന്ത്യയെക്കാള്‍ മികച്ച നേട്ടങ്ങള്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ നേടിയിട്ടുണ്ട്. അവസാന ഏകദിന ലോകകപ്പ് കിരീടവും ഓസ്‌ട്രേലിയക്കായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ആരാധകരെപ്പോലെ ക്രിക്കറ്റിനോട് വലിയ താല്‍പര്യം കാട്ടുന്നവരല്ല ഓസീസിലെ ആരാധകര്‍.
എന്നാല്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ ക്രിക്കറ്റിന് വലിയ പിന്തുണ ലഭിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകത്തില്‍ എല്ലായിടത്തും ആരാധകരുണ്ടെന്ന് പറഞ്ഞാലും തെറ്റാകില്ല. ബിസിസി ഐ ഐപിഎല്‍ കൊണ്ടുവന്നതോടെ കോടികളുടെ ലാഭമാണ് ഉണ്ടാക്കാന്‍ സാധിച്ചത്. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ടി20 ലീഗുകള്‍ ഉണ്ടെങ്കിലും ഐപിഎല്‍ പോലെ വലിയ സാമ്പത്തിക നേട്ടം ഉള്ളവ കുറവാണെന്ന് തന്നെ പറയാം. ഐപിഎല്ലിലൂടെ ഓരോ വര്‍ഷവും കോടികളാണ് ബിസിസി ഐ നേടുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരത്തിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ ഐപിഎല്ലിലൂടെ ബിസിസി ഐക്ക് ലഭിക്കുന്നു. വലിയ പ്രചാരമുള്ള ടി20 ലീഗായി ഐപിഎല്ലിനെ വളര്‍ത്താന്‍ ബിസിസി ഐക്ക് സാധിച്ചു. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തി 47 മില്യണ്‍ യുഎസ് ഡോളറാണ്. ബിസിസിഐയുടെ ആകെ വരുമാനത്തിന്റെ 2 ശതമാനം മാത്രമാണ് ആറാം സ്ഥാനത്തുള്ള ക്രിക്കറ്റ് ബോര്‍ഡിനുള്ളത്.
ബിസിസിഐയെപ്പോലെ ആസ്തിയുള്ള മറ്റൊരു കായിക ബോര്‍ഡും ഇന്ത്യയിലില്ല. ഐസിസിക്ക് നല്‍കുന്ന പണത്തിന്റെ വലിയൊരു വിഹിതവും ബിസിസി ഐയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഐസിസിയില്‍ കാര്യമായ സ്വാധീനവും ബിസിസിഐക്കുണ്ട്. ഇതാണ് പലപ്പോഴും എതിര്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ വിമര്‍ശനമായി ഉയര്‍ത്തുന്നത്. എന്തായാലും ബിസിസി ഐയുടെ ആസ്തിയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ബിസിസിഐക്ക് ലഭിക്കുന്ന ലാഭത്തുകയില്‍ നിന്ന് ഇന്ത്യയിലെ മറ്റ് കായിക ഇനങ്ങളെ വളര്‍ത്താന്‍ ശ്രമിക്കാവുന്നതാണ്. ഇന്ത്യയില്‍ ഫുട്‌ബോളിന് വലിയ ആരാധകരുണ്ടെങ്കിലും അടിസ്ഥാന സൗകര്യം പോലും താരങ്ങള്‍ക്ക് ലഭിക്കുന്നില്ല. ബിസിസി ഐയുടെ സഹകരണത്തോടെ ഇന്ത്യയിലെ ഫുട്‌ബോളിനെ വളര്‍ത്താന്‍ പണം ചിലവഴിക്കാവുന്നതാണ്. എന്നാല്‍ ഇത്തരമൊരു സഹകരണം ഉണ്ടാകുന്നില്ലെന്നതാണ് ഇന്ത്യയിലെ ഫുട്‌ബോളിനെ പിന്നോട്ടടിക്കുന്നത്.
ബിസിസി ഐയുടെ വരുമാനം ഇനിയും ഉയരാനാണ് സാധ്യത. ഓരോ വര്‍ഷവും കൂടുതല്‍ പ്രശസ്തിയിലേക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പോകുന്നത്. ടീം വളരുന്നതോടെ സാമ്പത്തികമായും നേട്ടം കൂടും. ഓരോ ഐപിഎല്ലിലൂടെയും പരസ്യവരുമാനമായിത്തന്നെ കോടികളാണ് ബിസിസി ഐക്ക് ലഭിക്കുന്നത്. ഐപിഎല്ലിന്റെ വരവാണ് ബിസിസി ഐയുടെ വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചതെന്ന് നിസംശയം പറയാം.