മുംബൈ: ക്രിക്കറ്റ് ടീം ഗെയിമാണ്. 11 പേരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പിന്തുണയില്ലാതെ ജയിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റില്‍ പരസ്പര ധാരണയും നല്ല ബന്ധവും താരങ്ങള്‍ തമ്മിലുണ്ടാകേണ്ടതായുണ്ട്. പക്ഷെ പല ക്രിക്കറ്റ് ടീമിലും ഇത് കാണാനാവുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ ഇത്തരം ചില പ്രശ്‌നങ്ങള്‍ കാണാനാവും. ടീമിലെ സഹതാരങ്ങളാണെങ്കിലും പരസ്പരം ഇഷ്ടമല്ലാത്ത താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്.
ഈഗോ പ്രശ്‌നം മുതല്‍ അര്‍ഹിച്ച സ്ഥാനം ലഭിക്കാത്തതിന്റെ നിരാശവരെ ഈ ശത്രുതയ്ക്ക് കാരണമായി പറയാനാവും. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശത്രുക്കളായ താരങ്ങള്‍ ആരൊക്കെയായിരുന്നുവെന്ന് പരിശോധിക്കാം. ഇന്ത്യയുടെ മുന്‍ നായകന്മാരും ഇതിഹാസങ്ങളുമായ സുനില്‍ ഗവാസ്‌കറും കപില്‍ ദേവും തമ്മില്‍ ശത്രുതയുണ്ടായിരുന്നു. സുനില്‍ ഗവാസ്‌കര്‍ ഇന്ത്യയുടെ നായകനായിരിക്കുമ്പോഴാണ് ഈ സംഭവം. 1984ല്‍ നടന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള മൂന്നാം മത്സരത്തില്‍ കപില്‍ ദേവ് തഴയപ്പെട്ടു.
ഇന്ത്യക്ക് ലോകകപ്പടക്കം നേടിക്കൊടുത്ത് കപില്‍ ദേവ് സൂപ്പര്‍ താരമായി മാറിയ ശേഷമായിരുന്നു ഇത്. ആദ്യ രണ്ട് ടെസ്റ്റിലും കപില്‍ ദേവ് മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ഇത് ചൂണ്ടിക്കാട്ടി സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയിരുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് കപിലിനെ മൂന്നാം ടെസ്റ്റില്‍ നിന്ന് പുറത്തിരുത്താന്‍ തീരുമാനിച്ചത്. ഇത് കപില്‍ ചോദ്യം ചെയ്യുകയും സുനില്‍ ഗവാസ്‌കറുമായുള്ള ശത്രുതയായി ഇത് മാറുകയും ചെയ്തു.

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ദിലീപ് വെങ്‌സര്‍ക്കാരും ശത്രുത പുലര്‍ത്തിയിരുന്നു. 1989ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ നാലിലും ഇന്ത്യ തോറ്റു. അഞ്ച് മത്സര ഏകദിന പരമ്പരയും തോറ്റതോടെ എല്ലാവരും സമ്മര്‍ദ്ദത്തിലായി. പര്യടനത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇതിനെക്കുറിച്ച് വെങ്‌സര്‍ക്കാര്‍ പ്രതികരിച്ചത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അസ്ഹറുദ്ദീനെ പൊതുസ്ഥലത്തുവെച്ച് വെങ്‌സര്‍ക്കാര്‍ അധിക്ഷേപിച്ചു.
ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുകയും ശത്രുത വളര്‍ത്തുകയും ചെയ്തു. ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും മാനസികമായി അകല്‍ച്ചയുണ്ടായിരുന്നു. 2004ലെ ടെസ്റ്റിനിടെയുണ്ടായ സംഭവമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാരണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 194 റണ്‍സില്‍ നില്‍ക്കുമ്പോള്‍ നായകനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതില്‍ സച്ചിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
സച്ചിന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മടങ്ങുമ്പോഴുള്ള മുഖഭാവത്തില്‍ നിന്ന് തന്നെ നിരാശ വ്യക്തമായിരുന്നു. എന്തിനാണ് ദ്രാവിഡ് അത് ചെയ്തതെന്നത് ഇന്നും ആര്‍ക്കുമറിയില്ല. എന്തായാലും ഈ സംഭവത്തിന് ശേഷം ദ്രാവിഡും സച്ചിനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പക്ഷെ ഇപ്പോഴും സച്ചിനും ദ്രാവിഡും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്.
മുന്‍ ഇന്ത്യന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും തമ്മിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എന്നാല്‍ ഇത് അധികമാര്‍ക്കുമറിയാത്ത കാര്യമാണ്. ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് സൗരവ് ഗാംഗുലിയുമായി അഭിപ്രായ ഭിന്നത ശക്തമായിരുന്നു. ഗാംഗുലിയെ ടീമില്‍ നിന്നടക്കം ചാപ്പല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ സമയത്ത് ദ്രാവിഡ് ഗാംഗുലിയെ പിന്തുണക്കാത്തതില്‍ ഗാംഗുലിക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നു.
ഗാംഗുലിക്ക് ശേഷം ദ്രാവിഡിനെയാണ് ചാപ്പല്‍ നായകനാക്കിയത്. ക്യാപ്റ്റനായി ദ്രാവിഡ് നിരാശപ്പെടുത്തുകയും പിന്നീട് ചാപ്പലിനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു. പ്രതിസന്ധിയില്‍ സുഹൃത്തായ ദ്രാവിഡ് പിന്തുണക്കാത്തതില്‍ ഗാംഗുലിക്ക് വിഷമമുണ്ടായിരുന്നുവെന്നതാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള ശത്രുതയും എല്ലാവര്‍ക്കും അറിയാവുന്നതാണ്.
രോഹിത്തിന്റെ സോഫിയ ഹയാത്തുമായുള്ള പ്രണയം തകര്‍ത്തത് കോലിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തുടങ്ങിയ ശത്രുതയാണ് ഇപ്പോഴും തുടരുന്നത്. എന്നാല്‍ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ രോഹിത് പിന്തുണച്ചിരുന്നു. കോലിയും രോഹിത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നും ഇപ്പോള്‍ രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണെന്നുമാണ് റിപ്പോര്‍ട്ട്.