നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പ് എത്തുകയാണ്. ഇത്തവണ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായുള്ള പടയൊരുക്കങ്ങള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ കരുത്തരായ എതിരാളികള്‍ നിരവധിയായതിനാല്‍ ഇന്ത്യക്ക് കപ്പിലേക്കെത്തുക എളുപ്പമായിരിക്കില്ലെന്നുറപ്പ്. രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേരുമ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണുള്ളത്.
പക്ഷെ ചില ആശങ്കകള്‍ ഇന്ത്യയെ വിടാതെ പിന്തുടരുകയാണ്. 2019ലെ ഏകദിന ലോകകപ്പില്‍ വലിയ കിരീട പ്രതീക്ഷ നല്‍കിയ ഇന്ത്യ സെമിയിലാണ് തോറ്റ് പുറത്തായത്. അന്ന് ഇന്ത്യയെ വേട്ടയാടിയ പ്രശ്‌നങ്ങള്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ടീമിനെ പ്രയാസപ്പെടുത്തുകയാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിനെ പിന്തുടരുന്ന പ്രധാന മൂന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ്.
2019ലെ ലോകകപ്പില്‍ ഇന്ത്യക്ക് വലിയ തലവേദനയായത് മധ്യനിരയുടെ പ്രകടനമാണ്. നാലാം നമ്പറില്‍ കളിച്ചുകൊണ്ടിരുന്ന അമ്പാട്ടി റായിഡുവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പകരം വിജയ് ശങ്കറെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ഇത് തിരിച്ചടിയായി മാറുകയും ചെയ്തു. 2017ന് ശേഷം 42.60 ശരാശരിയില്‍ കളിച്ചിട്ടും റായിഡുവിനെ ഇന്ത്യ തഴയുകയായിരുന്നു. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുകയും വലിയ വിവാദമായി ഇത് മാറുകയും ചെയ്തു.
ഇത്തവണത്തെ ലോകകപ്പിലും നാലാം നമ്പറാണ് ഇന്ത്യക്ക് പ്രധാന ആശങ്ക. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് നാലാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്നവര്‍. എന്നാല്‍ ഇവരിലാരെന്നതിന് ഇതുവരെ ഉത്തരമില്ല. ശ്രേയസാണ് നിലവില്‍ നാലാം നമ്പറിലെ വിശ്വസ്തന്‍. എന്നാല്‍ പരിക്ക് ശ്രേയസിന് വില്ലനാണ്. ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്താലും അദ്ദേഹത്തിന്റെ ഫോം ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയായി ഉയരുന്നു.

കെ എല്‍ രാഹുലിനും ഫിറ്റ്‌നസാണ് പ്രശ്‌നം. നാലാം നമ്പറില്‍ ആരെന്നത് വലിയ തലവേദനയാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കുകയും ചെയ്തു. നാല് വര്‍ഷം പിന്നിട്ടിട്ടും നാലാം നമ്പറില്‍ മികച്ച താരമില്ലെന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ കഴിവുകേടാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാതെ ഇറങ്ങിയാല്‍ ഇത്തവണയും ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വപ്‌നം മാത്രമായി അവശേഷിക്കും.
ഇന്ത്യയുടെ ബാക്കപ്പ് താരങ്ങള്‍ ആരൊക്കെയാണെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം കൃത്യമായ പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണെന്നതില്‍ ഇന്ത്യക്ക് വ്യക്തതയില്ല. ഇതേ പ്രശ്‌നം 2019ല്‍ ഇന്ത്യക്കുമുണ്ടായിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ പരിക്കേറ്റ് ശിഖര്‍ ധവാന്‍ പുറത്തായപ്പോള്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിച്ചിരുന്നു.
സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെയാവും ഇന്ത്യ ബാക്കപ്പായി പരിഗണിക്കാന്‍ സാധ്യത. എന്നാല്‍ ഇവരെ എത്രത്തോളം വിശ്വസിക്കാന്‍ സാധിക്കുമെന്നതാണ് ചോദ്യം. ബാക്കപ്പ് താരങ്ങളുടെ കാര്യത്തില്‍ കൃത്യമായ ധാരണയില്ലാത്തത് ഇന്ത്യയെ അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണാന്‍ സാധിക്കാത്തതും ടീം മാനേജ്‌മെന്റിന്റെ കഴിവുകേടാണ്.
ബൗളിങ് നിരയില്‍ നാലാം പേസറായി ആരെന്നതാണ് മറ്റൊരു പ്രശ്‌നം. 2019ല്‍ ഇന്ത്യയെ ഇതേ പ്രശ്‌നം ബാധിച്ചിരുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പാണ്. എന്നാല്‍ നാലാം പേസറാര്?. ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ് എന്നിവരെയാണ് നാലാം പേസറായി പരിഗണിക്കുന്നത്. എന്നാല്‍ ഇവരിലാരെന്നതിന് കൃത്യമായ ഉത്തരമില്ല. രവീന്ദ്ര ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനെ പരിഗണിക്കാം.
എന്നാല്‍ കുല്‍ദീപ് യാദവിന് പരിക്കേറ്റാല്‍ പകരക്കാരനാരെന്നതാണ് പ്രശ്‌നം. ഈ ചോദ്യത്തിനും ഇന്ത്യ ഉത്തരം കണ്ടെത്തായുണ്ട്. ഇതിനുള്ള ഉത്തരം വേഗത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നുറപ്പ്.