ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് ക്ലിക്കാകുന്നില്ല, 2021ല്‍ പരീക്ഷിച്ചത് അഞ്ച് താരങ്ങളെ, കണക്കുകള്‍
മുംബൈ: ടി20 ലോകകപ്പ് ഈ വര്‍ഷം യുഎഇയില്‍ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി ടൂര്‍ണമെന്റിന്റെ മത്സരക്രമവും തീയ്യതിയും പുറത്തുവന്നാല്‍ മതി. ഒക്ടോബര്‍ പകുതിക്ക് ശേഷം ലോകകപ്പ് നടന്നേക്കുമെന്നാണ് സൂചന. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ് ഇത്തവണത്തെ ലോകകപ്പ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റിയത്.
ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാനാവാത്ത നായകന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ് വരാനിരിക്കുന്ന ടി20 ലോകകപ്പ്. ഇന്ത്യയെ സംബന്ധിച്ച് മികച്ച ടീം കരുത്താണ് ടി20യിലുള്ളത്. ഒട്ടുമിക്ക പൊസിഷനിലും പ്രതിഭാശാലികളായ പകരക്കാരും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഓപ്പണിങ്ങിലും മികച്ച താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടെങ്കിലും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല.
2021ല്‍ മാത്രം ഇതിനോടകം അഞ്ച് താരങ്ങളെ ഇന്ത്യ ടി20 ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ച് കഴിഞ്ഞു. രോഹിത് ശര്‍മയുടെ സ്ഥാനത്തിന് ഇളക്കം സംഭവിക്കില്ല. എന്നാല്‍ ഒപ്പം ആരെന്നത് വലിയ ചോദ്യമാണ്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പ്രധാന പരിഗണന നല്‍കാനാണ് സാധ്യത. കെ എല്‍ രാഹുല്‍ ഐപിഎല്ലില്‍ പഞ്ചാബിനൊപ്പം തിളങ്ങുമ്പോഴും ഇന്ത്യന്‍ ടീമിനൊപ്പം ഓപ്പണറെന്ന നിലയില്‍ വലിയ മികവ് കാട്ടുന്നില്ല. സമീപകാലത്തെ മെല്ലെപ്പോക്ക് ബാറ്റിങ്ങും പ്രശ്‌നം.

മായങ്ക് അഗര്‍വാളാണ് മറ്റൊരു താരം. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരമാണെങ്കിലും വിദേശ മൈതാനത്തെ പ്രകടനം പ്രശ്‌നമാണ്. സ്ഥിരത കാട്ടാനാകുന്നില്ല എന്നതാണ് മായങ്കിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാനാവാത്തതിന്റെ പ്രധാന കാരണം. യുഎഇയില്‍ മികച്ച ഐപിഎല്‍ റെക്കോഡുള്ളത് മായങ്കിനെ ലോകകപ്പ് ടീമിലേക്ക് എത്തിക്കുമോയെന്നത് കണ്ടറിയാം.
ഐപിഎല്ലില്‍ ഓരോ സീസണിലും പ്രകടനം മെച്ചപ്പെടുത്തുകയാണെങ്കിലും ശിഖര്‍ ധവാന് കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ത്യന്‍ ടി20 ടീമിലേക്ക് ധവാന് തിരിച്ചുവരവ് എളുപ്പമല്ല. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുന്ന ധവാന് തകര്‍പ്പന്‍ പ്രകടനം നടത്താനായാല്‍ മാത്രമെ തിരിച്ചുവരവിന് സാധ്യതയുള്ളു. അല്ലാത്ത പക്ഷം അദ്ദേഹത്തിന് ടി20 ടീമില്‍ ഇടം ലഭിച്ചേക്കില്ല.
വിരാട് കോലിയും ഇതിനിടെ ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ഇറങ്ങി. എന്നാല്‍ ക്ലാക്കായില്ല. ഇതോടെ മൂന്നാം നമ്പറിലേക്ക് തന്നെ പോയി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇഷാന്‍ കിഷനും ഓപ്പണര്‍ സ്ഥാനത്തേക്കെത്തി. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങുകയും ചെയ്തു. ശ്രീലങ്കന്‍ പരമ്പരയിലൂടെ ഓപ്പണറായി അരങ്ങേറ്റം കാത്ത് റിതുരാജ് ഗെയ്ക്‌വാദും ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായുമുണ്ട്. ഇവരില്‍ ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്ന് കണ്ടറിയാം. ഇത്രയും ഓപ്പണര്‍മാരില്‍ നിന്ന് ആരൊക്കെയാവും ടി20 ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനം നേടിയെടുക്കുകയെന്നും കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications