ഐപിഎല്ലില്‍ കരിയര്‍ ബെസ്റ്റ് പ്രകടനവും ഏറ്റവുമധികം റണ്ണെടുത്ത വിക്കറ്റ് കീപ്പറുമായിട്ടും ടി20 ലോകകപ്പില്‍ സഞ്ജു സാംസണിനെതിരേയുള്ള ഇന്ത്യന്‍ ടീമിന്‍റെ അവഗണന തുടരുകയാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ ഭാഗ്യമില്ലാതെ അദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങേണ്ടതായി വരും. ടൂര്‍ണമെന്റ് ഇപ്പോള്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. സഞ്ജുവിനെ ഇനി ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യതയും തീരെ കുറവാണ്.
വിരാട് കോലി മാറി 2021ന്റെ അവസാനത്തോടെ രോഹിത് ശര്‍മ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായപ്പോള്‍ സഞ്ജുവിന്റെ നല്ല സമയം വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ രോഹിത്ത് വന്നിട്ടും സഞ്ജുവിന്റെ സ്ഥാനം പടിക്കു പുറത്തു തന്നെയാണ്. റിഷഭ് പന്ത് തന്നെയാണ് എല്ലായ്‌പ്പോഴും രോഹിത്തിന്റെ ഫേവറിറ്റ്. അതുകൊണ്ടു തന്നെ അദ്ദേഹം നായകനായി തുടരുന്നിടത്തോളം കാലം സഞ്ജുവിനു വലിയ പ്രതീക്ഷ വേണ്ട.

എന്നാല്‍ രോഹിത്തിനു പകരം കെഎല്‍ രാഹുല്‍ നായകസ്ഥാനത്തേക്കു വരികയാണെങ്കില്‍ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുണ്ട്. കാരണം ഇന്ത്യന്‍ നായകരില്‍ അദ്ദേഹത്തിന്റെ ഭാഗ്യ ക്യാപ്റ്റനെന്നു വിളിക്കാവുന്നയാളാണ് രാഹുല്‍. കാരണം നേരത്തേ ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോഴെല്ലാം സഞ്ജു ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ അദ്ദേഹം പരമാവധി അവസരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.
രാഹുല്‍ ഇന്ത്യയെ നയിച്ചിട്ടുള്ള മല്‍സരങ്ങളിലെല്ലാം സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. മാത്രമല്ല അദ്ദേഹത്തിനു ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ രാഹുല്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്.
അതുകൊണ്ടും തീര്‍ന്നില്ല. സ്വയം വിക്കറ്റ് കീപ്പറായിരുന്നിട്ടും ക്യാപ്റ്റന്‍സിക്കൊപ്പം ആ റോള്‍ കൂടി കൈയടക്കി വയ്ക്കാതെ സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്. രാഹുല്‍ തന്നിലര്‍പ്പിച്ച ഈ വിശ്വാസത്തിനു സെഞ്ച്വറിയോടെയാണ് സഞ്ജു നന്ദി പറഞ്ഞത്. കഴിഞ്ഞ വര്‍ഷമസാവനം നടന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലായിരുന്നു ഇത്.
ഏകദിന ലോകകപ്പിനു ശേഷമുള്ള പരമ്പരയായതിനാല്‍ രോഹിത് പിന്‍മാറുകയായിരുന്നു. പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യയും വിട്ടുനിന്നു. ഇതോടെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രാഹുലിനു അവസരം കിട്ടിയത്. ഈ പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും സഞ്ജു പ്ലെയിങ് ഇലവനിലുമുണ്ടായിരുന്നു.

ഇരുടീമുകളും 1-1ന് ഒപ്പമായതിനാല്‍ മൂന്നാം ഏകദിനം ഫൈനലിനു തുല്യമായിരുന്നു. ഈ കളിയിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങി സഞ്ജു (108) മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചത്. 114 ബോളില്‍ നിന്നും ആറു ഫോറും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി കൂടിയായിരുന്നു ഇത്. ഇന്ത്യ 78 റണ്‍സിന്റെ ജയത്തോടെ പരമ്പരയും സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും സഞ്ജുവായിരുന്നു.
അതേസമയം, ടി20 ലോകകപ്പില്‍ ഇന്ത്യ ഇതിനകം അഞ്ചു മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞെങ്കിലും സഞ്ജുവിനു എല്ലാത്തിലും പുറത്തു തന്നെയാണ് സ്ഥാനം. അഞ്ചാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ച ശിവം ദുബെ ആദ്യത്തെ കുറച്ചു മല്‍സങ്ങളില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. കൂടാതെ ബൗളിങിലും അദ്ദേഹത്തെ ടീം അധികം ഉപയോഗിച്ചില്ല.
അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സഞ്ജുവിനെ പകരം കളിപ്പിക്കണമെന്നു മുന്‍ താരങ്ങളും ആരാധകരുമെല്ലാം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് ദുബെയില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.