ഐപിഎല്ലില്‍ പുതിയ നായകന്‍ നിതീഷ് റാണയ്ക്കു കീഴിലുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുടക്കം പാളിയിരിക്കുകയാണ്. റണ്‍മഴയും പിന്നെ മഴയും ഫ്‌ളഡ്‌ലിറ്റ് തകരാറുകളുമെല്ലാം കണ്ട മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനു മുന്നിലാണ് കെകെആര്‍ മുട്ടുമടക്കിയത്. മഴ നിയമപ്രകാരം ഏഴു റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. കഴിയിലെ മികച്ച ടീം ശിഖര്‍ ധവാന്റെ പഞ്ചാബ് തന്നെയായിരുന്നു.അവര്‍ അര്‍ഹിച്ച വിജയം തന്നെ നേടിയെടുക്കുകയും ചെയ്തു.
192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കൊല്‍ക്കത്ത 16 ഓവറില്‍ ഏഴു വിക്കറ്റിനു 146 റണ്‍സെടുത്തു നില്‍ക്കെ മഴ കാരണം കളി മുടങ്ങുകയായിരുന്നു. തുടര്‍ന്നു ഡക്ക് വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കിയതോടെ പഞ്ചാബ് ഏഴു റണ്‍സിന്റെ വിജയം കൈക്കലാക്കുകയായിരുന്നു.

ശ്രേയസ് അയ്യരുടെ അഭാവത്തില്‍ കെകെആറിന്റെ താല്‍ക്കാലിക നായകനായെത്തിയ നിതീഷ് റാണയുടെ ക്യാപ്റ്റന്‍സി ശരാശരിക്കും താഴെയായിരുന്നു. നായകനെന്ന നിലയില്‍ ടീമിനെ ഒരു തരത്തിലും പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. കൂടാതെ ബൗളിങ് ചേഞ്ചുകൡലും റാണയുടെ ചില നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. ആദ്യ മല്‍സരത്തിലെ പ്രകടനം പരിഗണിക്കുമ്പോള്‍ കെകെആറിനെ പ്ലേഓഫില്‍ പ്രതീക്ഷിക്കേണ്ടെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.
പഞ്ചാബ് കിങ്‌സിനെതിരേ ചില പിഴവുകള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. അവരുടെ പരാജയത്തിനു വഴിയൊരുക്കിയതും ഇതു തന്നെയാണ്. കളിയില്‍ കെകെആര്‍ വരുത്തിയ രണ്ടു പ്രധാന പിഴവുകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം. കൊല്‍ക്കത്ത വരുത്തിയ ആദ്യത്തെ പിഴവ് മല്‍സരത്തില്‍ അവര്‍ അഞ്ചു ബൗളര്‍മാരെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നതാണ്. തുടക്കം മുതല്‍ പഞ്ചാബ് ബാറ്റര്‍മാര്‍ കത്തിക്കയറിയിട്ടും ആറാം ബൗളറെ കളിയുടെ ഒരു ഘട്ടത്തിലും ഉപയോഗിക്കാന്‍ കെകെആര്‍ നായകന്‍ നിതീഷ് റാണ ശ്രമിച്ചില്ല.

കെകെആറിന്റെ അഞ്ചു മുന്‍നിര ബൗളര്‍മാരും തല്ലുവാങ്ങി. ടീം സൗത്തി 13.5 ഇക്കോണമി റേറ്റില്‍ നാലോവില്‍ 54 റണ്‍സും ശര്‍ദ്ദുല്‍ ടാക്കൂര്‍ നാലോവറില്‍ 43 റണ്‍സും സുനില്‍ നരെയ്ന്‍ നാലോവറില്‍ 40 റണ്‍സുമാണ് വിട്ടുകൊടുത്തത്. അപകടകാരിയായ ഭാനുക രാജപക്‌സെ പുറത്തായ ശേഷം അനുകുല്‍ റോയിയെ കെകെആറിനു ബൗളിങില്‍ പരീക്ഷിക്കാമായിരുന്നു. കൂടാതെ ധവാന്‍-രാജപക്‌സെ ജോടി മികച്ച കൂട്ടുകെട്ടുമായി മുന്നേറവെ റാണയ്ക്കു സ്വയം ഒരോവറെങ്കിലും ബൗള്‍ ചെയ്യാമായിരുന്നു. പക്ഷെ ഇതൊന്നും സംഭവിച്ചില്ല. ആന്ദ്രെ റസ്സലിന്റെ ബൗളിങ് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതിനാല്‍ അദ്ദേഹം ബൗള്‍ ചെയ്യാതിരുന്നതില്‍ അദ്ഭുതമില്ല.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരുത്തിയ രണ്ടാമത്തെ അബദ്ധം ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ അനാവശ്യമായ അഴിച്ചുപണിയാണ്. വളരെ വിചിത്രമായ ബാറ്റിങ് ലൈനപ്പായിരുന്നു കളിയില്‍ കെകെആറിന്റേത്. 2021ലെ ഐപിഎല്ലില്‍ കെകെആറിനു വേണ്ടി ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ബാറ്റിങ് സെന്‍സേഷനായി മാറിയ താരമാണ് വെങ്കടേഷ് അയ്യര്‍. അദ്ദേഹത്തിനു ഏറ്റവം അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഓപ്പണിങാണ്. പക്ഷെ കഴിഞ്ഞ സീസണ്‍ മുതല്‍ പല ബാറ്റിങ് പൊസിഷനുകളിലുമാണ് താരത്തെ കെകെആര്‍ പരീക്ഷിച്ചത്. ഇത്തവണ വെങ്കടേഷിനെ ഓപ്പണിങിലേക്കു കെകെആര്‍ തിരികെ കൊണ്ടു വരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

പഞ്ചാബിനെതിരേ നാലാം നമ്പറിലാണ് വെങ്കടേഷ് ഇറങ്ങിയത്. 28 ബോളില്‍ നിന്നും മൂന്നും ഫോറും ഒരു സിക്‌സറുമടക്കം 34 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം താരം നടത്തുകയും ചെയ്തു. പക്ഷെ ഓപ്പണിങില്‍ അഫ്ഗാനിസ്താന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിനൊപ്പം വെങ്കടേഷിനെ കളിപ്പിച്ചിരുന്നെങ്കില്‍ അത് ഒരുപക്ഷെ കളിയില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുമായിരുന്നു.
മൂന്നാം നമ്പറിലേക്കു അനുകുല്‍ റോയിയെ പ്രൊമോട്ട് ചെയ്തത് കെകെആര്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം തന്നെയാണ്. നാലു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയും ചെയ്തു. അനുകുല്‍ റോയിയുടെ പ്രൊമോഷന്‍ കാരണം നിതീഷ് റാണയും റിങ്കു സിങും ഓരോ സ്ഥാനം ബാറ്റിങില്‍ താഴേക്കു ഇറങ്ങുകയും ചെയ്തു. ഇതു കെകെആര്‍ ബാറ്റിങിന്റെ താളം തന്നെ നഷ്ടപ്പെടുത്തുകയുമായിരുന്നു.