ഐപിഎല്ലിന്റെ 14ാം സീസണിലെ ഉദ്ഘാടന മല്‍സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഈ മാസം ഒമ്പതിന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകത കൂടി ഉദ്ഘാടന മല്‍സരത്തിനുണ്ട്. രോഹിത്തിനു കീഴില്‍ ആറാം ഐപിഎല്‍ കിരീടമാണ് മുംബൈ സ്വപ്‌നം കാണുന്നതെങ്കില്‍ കോലിക്കു കീഴില്‍ കന്നിക്കിരീടമാണ് ആര്‍സിബിയുടെ ലക്ഷ്യം.

നിലവില്‍ ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബിക്കെതിരേ മുംബൈ തന്നെയാണ് ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ കോലി പ്രതീക്ഷ കൈവിടാന്‍ വരട്ടെ. ഐപിഎല്ലിന്റെ സീസണിലെ ആദ്യ കളിയിലെ വിജയശതമാനമെടുത്താല്‍ മുംബൈയുടേതാണ് ഏറ്റവും മോശമെന്നു കാണാം. അതുകൊണ്ടു തന്നെ മുംബൈയെ വീഴ്ത്താന്‍ ഈ ചരിത്രം ആര്‍സിബിയെ സഹായിച്ചേക്കും.
നിലവില്‍ സീസണിലെ ആദ്യ കളിയില്‍ ഏറ്റവുമുയര്‍ന്ന വിജയശരാശരിയുള്ളത് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. 69.2 ശതമാനമാണ് ആദ്യ മല്‍സരത്തില്‍ കെകെആറിന്റെ വിജയശരാശരി. 61.5 ശതമാനം വിജയശരാശരിയോടെ ഈ ലിസ്റ്റില്‍ ആര്‍സിബി രണ്ടാംസ്ഥാനത്തുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ചെന്നൈ സൂപ്പര്‍കിങ്‌സ് (54.5%), രാജസ്ഥാന്‍ റോയല്‍സ് (54.5%), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (46.2%), പഞ്ചാബ് കിങ്‌സ് (38.5%), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (37.5%) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ വിജയശരാശരി. എന്നാല്‍ അഞ്ചു തവണ കിരീടം സ്വന്തമാക്കി റെക്കോര്‍ഡിട്ട മുംബൈ അവസാനസ്ഥാനത്താണ്. വെറും 30.8 ശതമാനം മല്‍സരങ്ങളില്‍ മാത്രമേ ഒരു സീസണിലെ ആദ്യ കളിയില്‍ മുംബൈ വിജയിച്ചിട്ടുള്ളൂ.