കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കപ്പടിപ്പിച്ച് ഗൗതം ഗംഭീര്‍ പടിയിറങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായാണ് ഗംഭീര്‍ എത്തുന്നത്. ഗംഭീറിനെ കെകെആറില്‍ പിടിച്ചുനിര്‍ത്താന്‍ ബ്ലാങ്ക് ചെക്കടക്കം കെകെആര്‍ ഉടമ ഷാരൂഖ് ഖാന്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെച്ചാണ് ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായത്.
ഗംഭീര്‍ പടിയിറങ്ങിയത് കെകെആറിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. അതുകൊണ്ടുതന്നെ ആ വിടവ് നികത്തുകയെന്നത് എളുപ്പമല്ല. പക്ഷെ ഇപ്പോഴിതാ ഗംഭീറിന്റെ വിടവ് നികത്താന്‍ നിര്‍ണ്ണായകമായ നീക്കം കെകെആര്‍ നടത്താന്‍ പോവുകയാണ്. ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിനെ ഉപദേഷ്ടാവാക്കാനാണ് കെകെആര്‍ നീക്കം നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കെകെആര്‍ ഉടമ ഷാരൂഖ് ഖാന്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ദ്രാവിഡ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചാണ് പടിയിറങ്ങുന്നത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ പുതിയ റോളിനെക്കുറിച്ച് ദ്രാവിഡ് വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പരിശീലക റോളില്‍ തുടര്‍ന്നേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു. ഐപിഎല്ലില്‍ പരിശീലകസ്ഥാനത്തേക്കെത്തിയാല്‍ ദ്രാവിഡിന് ഇത്രയും സമ്മര്‍ദ്ദമുണ്ടാവില്ല.
ദേശീയ ടീമിന്റെ പരിശീലകനായാല്‍ അവര്‍ക്കൊപ്പം എപ്പോഴും സമയം ചിലവിടേണ്ടതായി വരും. എന്നാല്‍ ഐപിഎല്ലില്‍ പരിശീലകനായാല്‍ ഇത്രയും ജോലിഭാരം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ദ്രാവിഡ് ഐപിഎല്ലിലെ പരിശീലകസ്ഥാനത്തേക്കെത്താന്‍ സാധ്യത കൂടുതലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഫര്‍ ദ്രാവിഡ് സ്വീകരിക്കുമോയെന്നത് കണ്ടറിയണം. കെകെആര്‍ നിലവിലെ ചാമ്പ്യന്മാരാണ്. ഇത് ദ്രാവിഡിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു.

ഗംഭീറിനെപ്പോലെ ടി20യില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന പരിശീലകനാണ് ദ്രാവിഡെന്ന് പറയാനാവില്ല. ടി20യിലെ വെടിക്കെട്ട് ശൈലി പഠിപ്പിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനല്ല ദ്രാവിഡ്. കെകെആര്‍ പോലൊരു ടീമില്‍ ദ്രാവിഡിനെപ്പോലൊരു ശാന്തനായ പരിശീലകന്‍ വരുന്നത് വലിയ ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ എന്താവും ദ്രാവിഡിന്റെ തീരുമാനമെന്നത് കണ്ടറിയണം. ദ്രാവിഡ് ഉടന്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കില്ലെന്നും വിശ്രമമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ച് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രഥമ സീസണിന് ശേഷം കിരീടത്തിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ മെഗാ ലേലത്തിലൂടെ വലിയൊരു അഴിച്ചുപണി രാജസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ട്. ദ്രാവിഡിനെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തിച്ച് കുമാര്‍ സംഗക്കാരയെ ടീം ഡയറക്ടറായി നിലനിര്‍ത്താന്‍ രാജസ്ഥാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.
അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി ഉണ്ടാവും. പരിശീലകസ്ഥാനത്തേക്കെത്തിയാലും ദ്രാവിഡിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ടീമിനെ സൃഷ്ടിച്ച് കിരീടത്തിലേക്ക് ഉയര്‍ത്തുകയെന്നത് എളുപ്പമുള്ള ജോലിയല്ല. അതുകൊണ്ടുതന്നെ കെകെആറിന്റെ പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡ് എത്തിപ്പെടാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. രാജസ്ഥാന്റെ ക്ഷണം ലഭിച്ചാല്‍ ദ്രാവിഡ് അങ്ങോട്ട് പോകാനാണ് കൂടുതല്‍ സാധ്യത.
ദ്രാവിഡിന് വൈകാരികമായി അടുപ്പമുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അതുകൊണ്ടുതന്നെ രാജസ്ഥാനിലേക്ക് പോകാന്‍ ദ്രാവിഡ് കൂടുതല്‍ താല്‍പര്യം കാട്ടിയേക്കും. ഗംഭീറിനെ കെകെആറില്‍ പിടിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമം ടീം നടത്തിയിരുന്നെങ്കിലും ടീം വിടാനായിരുന്നു ഗംഭീറിന്റെ തീരുമാനം. ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം ഗംഭീറിനെ സംബന്ധിച്ച് വലിയ സ്വപ്‌നമായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇത്തരമൊരു അവസരം ലഭിച്ചപ്പോള്‍ കെകെആര്‍ വിട്ട് ഇന്ത്യന്‍ ടീമിലേക്കെത്തിയത്.
കെകെആര്‍ മൂന്ന് തവണയാണ് ഐപിഎല്ലില്‍ കപ്പടിച്ചത്. രണ്ട് തവണ ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. ഒരു തവണ അദ്ദേഹം ഉപദേഷ്ടാവായിരുന്നപ്പോഴും. ഗംഭീറിനെ വിട്ടുകളയാന്‍ കെകെആര്‍ താല്‍പര്യം കാട്ടാതിരുന്നതും ഇതുകൊണ്ടാണ്. എന്തായാലും ദ്രാവിഡിന്റെ തീരുമാനം എന്താണെന്നത് കാത്തിരുന്ന് കണ്ടറിയാം.