ഒരോവറില്‍ 32 റണ്‍സ്, പറത്തിയത് 12 സിക്‌സര്‍, 26 ബോളില്‍ 89!- പൂരന്റെ വെടിക്കെട്ട് പൂരം
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരവും വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ നിക്കോളാസ് പൂരന്‍ അബുദാബി ടി10 ലീഗില്‍ സിക്‌സര്‍ മഴ പെയിച്ച് റെക്കോര്‍ഡിട്ടു. ടി10 ലീഗില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സാണ് സ്വന്തം ടീമിനായി കളിച്ചത്.
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലും തന്നെ നിലനിര്‍ത്തിയ പഞ്ചാബിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പൂരന്റെ ഇടിവെട്ട് ഇന്നിങ്‌സ്. ഒരുപിടി റെക്കോര്‍ഡുകളും ഈ പ്രകടനത്തോടെ വിന്‍ഡീസ് താരം പഴങ്കഥയാക്കുകയും ചെയ്തു.

26 ബോളില്‍ 89 റണ്‍സ്
ബംഗ്ലാ ടൈഗേഴ്‌സിനെതിരേയായിരുന്നു പൂരന്‍ സംഹാരതാണ്ഡവമാടിയത്. വെറും 26 ബോളില്‍ 89 റണ്‍സ് താരം വാരിക്കൂട്ടി. ഒരാേവറില്‍ മാത്രം 32 റണ്‍സ് പൂരന്‍ അടിച്ചെടുത്തു. 12 സിക്‌സറുകളും മൂന്നു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമായി പൂരന്‍ മാറി. 60 സിക്‌സറുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.
ടി10 ലീഗിന്റെ ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡും പൂരനെ തേടിയെത്തി. അബുദാബി ട10 ലീഗില്‍ കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ താരമായും അദ്ദേഹംമാറി. അഞ്ചാമത്തെ ഫിഫ്റ്റിയാണ് പൂരന്‍ കുറിച്ചത്.

കൂറ്റന്‍ സ്‌കോര്‍
പൂരന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേണ്‍ വാരിയേഴ്‌സ് നിശ്ചിത 10 ഓവറില്‍ നാലു വിക്കറ്റിന് 162 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് പിറന്ന മല്‍സരം കൂടിയായിരുന്നു ഇത്. നാട്ടുകാരനായ ലെന്‍ഡ്ല്‍ സിമ്മണ്‍സിനൊപ്പം 122 റണ്‍സാണ് പൂരന്‍ രണ്ടാം വിക്കറ്റില്‍ നേടിയത്. സിമ്മണ്‍സ് 22 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 41 റണ്‍സെടുത്ത് പുറത്തായി.
കരീം ജന്നത്താണ് പൂരന്റെ ഗംഭീര ഇന്നിങ്‌സിന് തിരശീലയിട്ടത്. സെഞ്ച്വറിക്കു 11 റണ്‍സ് മാത്രമകലെ പൂരനെ ജന്നത്തിന്റെ ബൗളിങില്‍ ആന്ദ്രെ ഫ്‌ളെച്ചര്‍ പിടികൂടുകയായിരുന്നു.

ടൈഗേഴ്‌സ് പൊരുതിവീണു
വാരിയേഴ്‌സ് നല്‍കിയ 163 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശിയ ബംഗ്ലാ ടൈഗേഴ്‌സ് മികച്ച പ്രകടനം നടത്തിയാണ് കീഴടങ്ങിയത്. ജയത്തിനായി അവര്‍ വീറോടെ പൊരുതിയെങ്കിലും മൂന്നു വിക്കറ്റിന് 132 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ക്യാപ്റ്റന്‍ ആന്ദ്രെ ഫ്‌ളെച്ചര്‍ 18 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 53 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. 16 ബോളില്‍ അഞ്ചു സിക്‌സറുകളുടടെ അകമ്പടിയോടെ 42 റണ്‍സോടെ പുറത്താവാതെ നിന്ന ചിരാഗ് സൂരിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications