മൊഹാലി: ഐപിഎല്‍ സീസണ്‍ ഏഴില്‍ സ്വപ്‌ന സമാനമായ കുതിപ്പ് നടത്തിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇക്കുറി പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മാറിക്കഴിഞ്ഞു. ഇതിന് പിന്നാലെ ടീമിലെ വിദേശ താരങ്ങളെ ഒഴിവാക്കി ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് തയ്യാറെടുക്കയാണ് ടീം. സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് കളിക്കാരെ തിരിച്ചയക്കുന്നത്.
സീസണിലെ എല്ലാ മത്സരങ്ങളിലും കളിക്കുന്നവര്‍ക്ക് പ്രതിഫലത്തിന്റെ 20 ശതമാനം നല്‍കണമെന്ന ഐപിഎല്‍ നിയമം മറികടക്കാനാണിത്. ടീം പ്ലേ ഓഫില്‍ എത്തില്ലെന്ന് ഉറപ്പായതോടെ വിദേശ കളിക്കാരെ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം. നേരത്തെ കളിക്കാരെ തിരിച്ചയക്കുന്നതിലൂടെ അഞ്ചുകോടിയോളം രൂപ ലാഭിക്കാമെന്ന് മാനേജ്‌മെന്റ് കണക്കു കൂട്ടുന്നു.

ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ്, ബ്യൂറണ്‍ ഹെന്റികസ്, തിസാര എന്നിങ്ങനെ ഏഴു വിദേശ താരങ്ങളാണ് ഇപ്പോള്‍ ടീമിനൊപ്പമുള്ളത്. ഗ്ലെന്‍ മാക്‌സ് വെലിന്റെ ഫോമില്ലായ്മയാണ് ഇക്കുറി ടീമിന് ക്ഷീണമായത്. മറ്റു വിദേശതാരങ്ങളും പ്രകടനമികവില്‍ പിന്നോട്ടായിരുന്നു.
ടീം ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞതോടെ മാനേജ്‌മെന്റിന്റെ വരുമാനത്തിലും കുത്തനെ ഇടിവുണ്ടായേക്കും. പീതി സിന്റ, മോഹിത് ബര്‍മന്‍, നെസ് വാഡിയ എന്നിവരാണ് പഞ്ചാബ് ടീമിന്റെ ഉടമസ്ഥര്‍. അതിനിടെ, പ്രീതിസിന്റയുടെ മുന്‍ കാമുകനും ഇപ്പോഴത്തെ ശത്രുവുമായ നെസ് വാഡിയെ ടീമിന്റെ ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.