അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും ബാറ്റിങില്‍ തന്റെ പ്രഹരശേഷിക്ക് ഇപ്പോഴും യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നു കാണിച്ചു തന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് (CPL) ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനു (TKR) വേണ്ടി കിടിലന്‍ ഫിനിഷിങുമായി അദ്ദേഹം കത്തിക്കയറിയത്.
ഗ്രോസ് ഇസ്ലെറ്റില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ സെന്റ് ലൂസിയ കിങ്‌സിനെതിരേ നൈറ്റ്‌റൈഡേഴ്‌സ് നാലു വിക്കറ്റിന്റെ നാടകീയ വിജയം സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഹീറോയായത് പൊള്ളാര്‍ഡാണ്. അദ്ദേഹത്തിന്റെ അവിശ്വസനീയ ബാറ്റിങ് വെടിക്കെട്ടാണ് തോല്‍വിയുടെ വക്കില്‍ നിന്നും ടീമിനെ ആവേശോജ്വല ജയത്തിലേക്കു നയിച്ചത്. 19 ബോളില്‍ പുറത്താവാതെ 52 റണ്‍സാണ് പൊള്ളാര്‍ഡ് വാരിക്കൂട്ടിയത്. ഏഴു വമ്പന്‍ സിക്‌സറുകളടക്കമാണിത്.

കൊടുങ്കാറ്റായി പൊള്ളാര്‍ഡ്
188 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനു എതിരാളികളായ സെന്റ് ലൂസിയ കിങ്‌സ് നല്‍കിയത്. അവസാന ഓവറുകളില്‍ ഫാഫ് ഡുപ്ലെസിയുടെ കിങ്‌സ് ടീം മികച്ച ബൗളിങ് പുറത്തെടുത്തതോടെ നൈറ്റ്‌റൈഡേഴ്‌സ് ടീമിനു കാര്യങ്ങള്‍ ദുഷ്‌കരമായി തീര്‍ന്നു.
അവസാന രണ്ടോവറില്‍ ജയിക്കാന്‍ 27 റണ്‍സായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. വിജയം വഴുതിപ്പോയെന്നു കരുതിയ നിമിഷങ്ങള്‍. പക്ഷെ ക്രീസിലുള്ള കരെണ്‍ പൊള്ളാര്‍ഡിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പല തവണ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിച്ചിട്ടുള്ള അദ്ദേഹം ഈ കളിയിലും ഇതാവര്‍ത്തിക്കുകയായിരുന്നു.
ഒരോവറില്‍ നാലു സിക്‌സ്
18 ഓവര്‍ കഴിഞ്ഞപ്പോള്‍ നൈറ്റ്‌റൈഡഴ്‌സ് ആറു വിക്കറ്റിനു 161 റണ്‍സെന്ന നിലയിലായിരുന്നു. 13 ബോളില്‍ 28 റണ്‍സോടെ കരെണ്‍ പൊള്ളാര്‍ഡും മൂന്നു ബോളില്‍ ഒരു റണ്‍സുമായി അക്കീല്‍ ഹുസെയ്‌നുമായിരുന്നു അപ്പോള്‍ ക്രീസില്‍. മാത്യു ഫോര്‍ഡെയാണ് 19ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് പൊള്ളാര്‍ഡുമായിരുന്നു.
ആദ്യത്തെ ബോളില്‍ റണ്‍സ് നേടിയില്ലെങ്കിലും പിന്നീട് ഗ്രൗണ്ടിനു മുകളിലൂടെ ബോള്‍ ചീറിപ്പായുന്നതാണ് ആരാധകര്‍ കണ്ടത്. ശേഷിച്ച അഞ്ചു ബോളില്‍ നാലിലും പൊള്ളാര്‍ഡ് സിക്‌സര്‍ പറത്തുകയായിരുന്നു. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയാണ് രണ്ടാമത്തെ ബോള്‍ സിക്‌സറിലേക്കു പറന്നത്. അടുത്ത ബോളില്‍ റണ്ണില്ല.
എന്നാല്‍ ശേഷിച്ച മൂന്നു ബോളും സിക്‌സറാക്കി പൊള്ളാര്‍ഡ് ക്ഷീണം തീര്‍ക്കുകയായിരുന്നു. നാലാമത്തെ ബോള്‍ ലോങ്ഓഫിനു മുകളിലൂടെയാണ് സിക്‌സറിലേക്കു ലാന്‍ഡ് ചെയ്തത്. അടുത്ത ബോളിലും സിക്‌സര്‍. അവസാന ബോളില്‍ മിഡ് വിക്കറ്റിനു മുകളിലൂടെയും പായിച്ച് പൊള്ളാര്‍ഡ് ടീമിന്റെ വിജയമുറപ്പിക്കുകയായിരുന്നു. 20ാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറി പായിച്ച് അക്കീല്‍ ടീമിന്റെ വിജയ റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു.

മടങ്ങിവരൂ പൊള്ളാര്‍ഡ്
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വെടിക്കെട്ട് ഇന്നിങ്‌സ് കണ്ടതോടെ ഐപിഎല്ലില്‍ വീണ്ടും കളിക്കാരനായി മടങ്ങിയെത്തൂയെന്നു കരെണ്‍ പൊള്ളാര്‍ഡിനോടു ആരാധകര്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിനു വേണ്ടി അടുത്ത ഐപിഎല്ലില്‍ ഫിനിഷറായി കരെണ്‍ പൊള്ളാര്‍ഡ് കളിക്കണം. ഇത്ര മികച്ച ഫോമില്‍ നില്‍ക്കെ അദ്ദേഹം ഐപിഎല്‍ മതിയാക്കിയത് എന്തിനാണ്? ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ വരാനിരിക്കുന്ന സീസണില്‍ കളിച്ചാല്‍ മുംബൈയുടെ കിരീടസാധ്യതകള്‍ വര്‍ധിക്കുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.