അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളിലൊരാളാണ് കറെന്‍ പൊള്ളാര്‍ഡ്. വെസ്റ്റ് ഇന്‍ഡീസുകാരനായ പൊള്ളാര്‍ഡ് വെടിക്കെട്ട് ബാറ്റിങ്ങിന്റെ പേരിലാണ് ആരാധകരുടെ പ്രിയപ്പെട്ടവനാകുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന പൊള്ളാര്‍ഡ് ഇപ്പോള്‍ വിരമിച്ച ശേഷം മുംബൈയുടെ പരിശീലക സംഘത്തിനൊപ്പമാണ്. മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം വിരമിച്ചെങ്കിലും ദി ഹന്‍ഡ്രഡ് ലീഗില്‍ അദ്ദേഹം കൡക്കുന്നുണ്ട്.
സൗത്തേണ്‍ ബ്രേവ് താരമായ പൊള്ളാര്‍ഡ് ട്രന്റ് റോക്കറ്റ്‌സിനെതിരേ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ട്രന്റ് റോക്കറ്റ്‌സിന്റെ റാഷിദ് ഖാനെതിരേ ഒരോവറില്‍ അഞ്ച് തുടര്‍ സിക്‌സുകള്‍ പറത്തിയാണ് പൊള്ളാര്‍ഡ് എല്ലാവരേയും ഞെട്ടിക്കുന്നത്. പൊള്ളാര്‍ഡ് വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും മുംബൈ ഇന്ത്യന്‍സിന്റെ ഫിനിഷറാവണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ ട്രന്റ് ബോള്‍ട്ടിനെ സൗത്തേണ്‍ ബ്രേവ് തോല്‍പ്പിക്കുകയും ചെയ്തു.
23 പന്ത് നേരിട്ട് 2 ഫോറും 5 സിക്‌സുകളുമാണ് പൊള്ളാര്‍ഡ് പറത്തിയത്. 81 മുതല്‍ 85വരെയുള്ള പന്തുകള്‍ തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തിയാണ് പൊള്ളാര്‍ഡ് മത്സരത്തിന്റെ ഗതി മാറ്റിയത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബൗളര്‍മാരിലൊരാളാണ് അഫ്ഗാന്‍ സ്പിന്നറായ റാഷിദ് ഖാന്‍. ഇത്തരത്തിലുള്ള താരത്തെയാണ് പൊള്ളാര്‍ഡ് തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തിയത്. പൊള്ളാര്‍ഡ് വിരമിച്ച താരമാണെന്ന് വിശ്വസിക്കാനാവുന്നില്ല.
ഇനിയും ടി20യില്‍ തിളങ്ങാന്‍ പൊള്ളാര്‍ഡിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. റാഷിദ് ഖാനെ ഡെത്തോവറില്‍ എറിയിച്ച് കളി ജയിക്കാനുള്ള പദ്ധതിയാണ് പൊള്ളാര്‍ഡ് പൊളിച്ചത്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ് പൊള്ളാര്‍ഡ്. റാഷിദിന്റെ പന്തുകളെല്ലാം മികച്ചതായിരുന്നെങ്കിലും തന്റെ ഉയര്‍ന്ന കൈക്കരുത്ത് ഉപയോഗിച്ചാണ് പൊള്ളാര്‍ഡ് അനായാസം സിക്‌സുകള്‍ പറത്തിയതെന്ന് പറയാം. സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ബൗളറാണ് പൊള്ളാര്‍ഡ്.

ഐപിഎല്ലിലടക്കം സ്പിന്നര്‍മാരെ നിരവധി തവണ കരയിപ്പിക്കാന്‍ പൊള്ളാര്‍ഡിനായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റ് ടൂര്‍ണമെന്റുകളിലൊന്നും കളിക്കാത്ത പൊള്ളാര്‍ഡ് ഇപ്പോഴും ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഇപ്പോഴും തനിക്ക് തിളങ്ങാനാവുമെന്ന് പൊള്ളാര്‍ഡ് തെളിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിക്‌സര്‍ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രന്റ് റോക്കറ്റ്‌സ് 8 വിക്കറ്റിന് 126 റണ്‍സാണ് നേടിയത്. ടോം ബാന്റനാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്. ജോ റൂട്ട് 16 റണ്‍സും അലക്‌സ് ഹെയ്ല്‍സ് 15 റണ്‍സും റോവ്മാന്‍ പവല്‍ 16 റണ്‍സുമാണ് നേടിയത്.
റാഷിദ് ഖാന് 5 റണ്‍സാണ് അടിച്ചെടുക്കാനായത്. ഇതോടെ 100 പന്തില്‍ എട്ട് വിക്കറ്റിന് 126 എന്ന സ്‌കോറിലേക്കെത്താന്‍ ട്രന്റ് റോക്കറ്റ്‌സിനായി. സൗത്തേണ്‍ ബ്രേവിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റും ജോഫ്രാ ആര്‍ച്ചറും ഡി ബ്രിഗ്‌സും രണ്ട് വിക്കറ്റും പങ്കിട്ടപ്പോള്‍ അക്കീല്‍ ഹൊസീന്‍ ഒരു വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ സൗത്തേണിനായി അലക്‌സ് ഡേവിസും ജെയിംസ് വിന്‍സും 28 റണ്‍സ് വീതം നേടി. എന്നാല്‍ ആന്‍ഡ്രി ഫ്‌ളച്ചറും ലൗറി ഇവാന്‍സുമെല്ലാം പെട്ടെന്ന് പുറത്തായപ്പോള്‍ സൗത്തേണ്‍ തോല്‍വിയിലേക്ക് നീങ്ങുകയാമെന്ന് തോന്നിച്ചു. പിന്നീടാണ് പൊള്ളാര്‍ഡിന്റെ വണ്‍മാന്‍ ഷോ.
195.65 സ്‌ട്രൈക്ക് റേറ്റിലാണ് പൊള്ളാര്‍ഡ് കത്തിക്കയറിയത്. റണ്ണൗട്ടായി പൊള്ളാര്‍ഡ് പുറത്തായപ്പോള്‍ ഒരു പന്ത് ബാക്കി നിര്‍ത്തി സൗത്തേണ്‍ വിജയത്തിലേക്കെത്തി. എന്തായാലും പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ് ഇതിനോടകം വൈറലായിട്ടുണ്ട്.