ഇന്ത്യ x ദക്ഷിണാഫ്രിക്ക: ആര് നേടും? വിധി നിര്‍ണയിക്കുക ഇവ തന്നെ, കോലിക്കു റബാദ!!
സതാപ്റ്റണ്‍: വിജയത്തുടക്കം തേടി വിരാട് കോലിയുടെ ടീം ഇന്ത്യ ബുധനാഴ്ച ലോകകപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യ ആദ്യ കളിയില്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യ ജയത്തോടെ തുടങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആദ്യ രണ്ടു കളികളിലും തോറ്റ ദക്ഷിണാഫ്രിക്ക വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.
സതാംപ്റ്റണിലെ റോസ്ബൗളില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഇരുടീമിലെയും ചില താരങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലും നിര്‍ണായകമാവും. മല്‍സരവിധി നിര്‍ണയിക്കുന്നതിലും ഈ വ്യക്തിഗത പോരാട്ടങ്ങള്‍ക്കു പങ്കുണ്ടാവും. ഇവ ആരൊക്കെ തമ്മിലായിരിക്കുമെന്നു നോക്കാം.

കോലി v/s റബാദ
ഇന്ത്യന്‍ നായകന്‍ കോലിയും ദക്ഷിണാഫ്രിക്കയുടെ പേസ് സെന്‍സേഷനായ കാഗിസോ റബാദയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവയിലൊന്ന്. കോലിയും റബാദയും തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം തീപ്പൊരി പാറിയിട്ടുണ്ട്. കളിക്കളത്തില്‍ പല തവണ ഇരുവരും വാക്‌പോരില്‍ ഏര്‍പ്പെടുന്നതിനും ലോകം സാക്ഷിയായിട്ടുണ്ട്. എളുപ്പം പ്രകോപിതനാവുന്ന പക്വതയില്ലാത്ത താരമെന്നാണ് കോലിയെക്കുറിച്ച് റബാദ അടുത്തിടെ പറഞ്ഞത്.
അതിനു ശേഷം ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്നുവെന്നത് മല്‍സരത്തിന്റെ പ്രത്യേകതയാണ്. റബാദയുടെ വിമര്‍ശനങ്ങള്‍ക്കു കോലി ബാറ്റ് കൊണ്ട് മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

11 തവണ മുഖാമുഖം വന്നു
ഏകദിനത്തില്‍ 11 തവണ കോലിയും റബാദയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇവയിലെല്ലാം കോലിക്കു തന്നെയായിരുന്നു മേധാവിത്വമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും മല്‍സരങ്ങളില്‍ രണ്ടു തവണ മാത്രമേ കോലിയെ പുറത്താക്കാന്‍ റബാദയ്ക്കായിട്ടുള്ളൂ.
കഴിഞ്ഞ ഐപിഎല്ലില്‍ കോലി ആര്‍സിബിക്കും റബാദ ഡല്‍ഹിക്കും വേണ്ടി കളിച്ചപ്പോഴും ഇവരുടെ ഏറ്റുമുട്ടല്‍ കണ്ടു. ഒരു കളിയില്‍ കോലിയുടെ ഹെല്‍മറ്റ് ലക്ഷ്യമാക്കി റബാദ പന്തെറിയുകയും ചെയ്തിരുന്നു. കോലിയെ ഏറ്റവും പ്രകോപിതനാക്കുന്നതും ഇതു തന്നെയാണ്. ലോകകപ്പില്‍ റബാദ വീണ്ടും അതേ തന്ത്രം പ്രയോഗിക്കുമോയെന്നാണ് അറിയേണ്ടത്.

ഡികോക്ക് v/s ബുംറ
ദക്ഷിണാഫ്രിക്കന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്കും ഇന്ത്യയുടെ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള മാറ്റുരയ്ക്കലും മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറും. അതിവേഗം ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ മിടുക്കനായ ഡിക്കോക്കിനെ തുടക്കത്തില്‍ പുറത്താക്കാനുള്ള ചുമതല ബുംറയെ ആയിരിക്കും ഇന്ത്യ ഏല്‍പ്പിക്കുക. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നീട് ഡികോക്കിനെ തടഞ്ഞു നിര്‍ത്തുക ഇന്ത്യക്കു ദുഷ്‌കരമായി മാറും.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഇരുവരും മുംബൈ ഇന്ത്യന്‍സില്‍ ടീമംഗങ്ങളായിരുന്നു. അതുകൊണ്ടു തന്നെ വീക്ക്‌നെസും കരുത്തുമെല്ലാം ഇരുവര്‍ക്കും പരസ്പരം അറിയുകയും ചെയ്യാം. അതുകൊണ്ടു ഡികോക്കും ബുംറയും തമ്മിലുള്ള പോരാട്ടത്തില്‍ അന്തിമ ജയം ആര്‍ക്കാവുമെന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications