ഇന്ത്യ v/s ന്യൂസിലാന്‍ഡ്: കോലിപ്പട കൊയ്യുമോ ഹാട്രിക്ക് ജയം? ഇവ നിര്‍ണായകം... ക്ലിക്കായാല്‍ നേടും
നോട്ടിങ്ഹാം: ലോകകപ്പില്‍ തുടര്‍ ജയങ്ങളോടെ തുടങ്ങിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഹാട്രിക്ക് വിജയമാണ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന അടുത്ത മല്‍സരത്തില്‍ മറ്റൊരു കരുത്തുറ്റ ടീമായ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നോട്ടിങ്ഹാമില്‍ വൈകീട്ട് മൂന്നു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.
ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുകൊണ്ടു തുടങ്ങിയ കോലിപ്പട രണ്ടാമങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ നിലംപരിശാക്കുകയായിരുന്നു. ഈ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് കിവികള്‍ക്കെതിരേ ഇന്ത്യ കച്ചമുറുക്കുന്നത്. മൂന്നു കാര്യങ്ങളാവും ന്യൂസിലാന്‍ഡിനെതിരായ അടുത്ത കളിയില്‍ ഇന്ത്യന്‍ വിജയം നിര്‍ണയിക്കുക. ഇവ എന്തൊക്കെ ആയിരിക്കുമെന്നു നോക്കാം.

ബോള്‍ട്ടും ഇന്ത്യന്‍ മുന്‍നിരയും
ന്യൂസിലാന്‍ഡ് നിരയിലെ ഏറ്റവും അപകടകാരിയായ ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ നേരിടുമെന്നത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറും. ശിഖര്‍ ധവാന്‍ പരിക്കു കാരണം പിന്‍മാറിയതിനാല്‍ രോഹിത്തിനൊപ്പം കെ ആല്‍ രാഹുല്‍ ഓപ്പണറായെത്താനാണ് സാധ്യത. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ നേരത്തേ ഇന്ത്യയുടെ ടോപ്പ് ത്രീ പതറിയിട്ടുണ്ട്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ കഥ കഴിച്ചത് ഇടംകൈയന്‍ പേസറായ മുഹമ്മദ് ആമിറായിരുന്നു.
നേരത്തേ നടന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യയെ ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചപ്പോള്‍ രണ്ടു ഓപ്പണര്‍മാരെയും പുറത്താക്കിയത് ബോള്‍ട്ടായിരുന്നു. ബോള്‍ട്ടിന്റെ തുടക്കത്തിലെ ഓവറുകള്‍ അതിജീവിക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളികളിലൊന്ന്.

ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരും മധ്യനിരയും
ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ന്യൂസിലാന്‍ഡ് മധ്യനിരയും തമ്മിലുള്ള പോരാട്ടമാണ് മറ്റൊരു ഹൈലൈറ്റ്. കുല്‍-ചാ സഖ്യത്തിന്റെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കിവികളുടെ മധ്യനിരയ്ക്കു കഴിയുമോയെന്നത് മല്‍സരഫലത്തെ തീര്‍ച്ചയായും സ്വാധീനിക്കും.
ശക്തമായ മധ്യനിരയാണ് ന്യൂസിലാന്‍ഡിന്റേത്. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, മുന്‍ ക്യാപ്റ്റനും പരിചയസമ്പന്നനുമായ റോസ് ടെയ്‌ലര്‍, ടോം ലാതം എന്നിവര്‍ കിവികളുടെ നട്ടെല്ലാണ്. ന്യൂസിലാന്‍ഡിന്റെ പല വിജയങ്ങള്‍ക്കു പിന്നിലും വില്ല്യംസണ്‍- ടെയ്‌ലര്‍ സഖ്യമായിരുന്നു. ഇവരെ അധികനേരം ക്രീസില്‍ നിര്‍ത്താതെ പുറത്താക്കാനായാല്‍ കിവികള്‍ക്കു കടിഞ്ഞാണിടാന്‍ ഇന്ത്യക്കു കഴിയും.
വില്ല്യംസണും ടെയ്‌ലറും സ്പിന്‍ ബൗളിങിനെതിരേ മികച്ച പ്രകടനം നടത്തുന്നവരാണെന്നത് ഇന്ത്യക്കു കൂടുതല്‍ വെല്ലുവിളിയാണ്.

പാണ്ഡ്യ v/s സാന്റ്‌നര്‍
ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എങ്ങനെ നേരിടുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും തന്ത്രശാലിയായ സ്പിന്നര്‍മാരില്‍ ഒരാളാണ് സാന്റ്‌നര്‍. അതുകൊണ്ടു തന്നെ പാണ്ഡ്യയെ വീഴ്ത്താന്‍ പ്രത്യേക പ്ലാനിങ് തന്നെ സാന്റ്‌നര്‍ തയ്യാറാക്കിയിട്ടുണ്ടാവും. പന്തിന്റെ ലൈനിലും ലെങ്തിലും വേഗത്തിലുമെല്ലാം ഇടയ്ക്കിടെ വ്യതിയാനം വരുത്തി ബാറ്റ്‌സ്മാന്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന ശൈലിയാണ് സാന്റ്‌നറുടേത്.
സ്പിന്നര്‍മാര്‍ക്കെതിരേ സിക്‌സറുകള്‍ പറത്താന്‍ മിടുക്കനായ പാണ്ഡ്യക്കു സാന്റ്‌നര്‍ക്കെതിരേയും അതിനാവുമോയെന്നാണ് അറിയാനുള്ളത്. ഓസീസിനെതിരേ നടന്ന തൊട്ടുമുമ്പത്തെ മല്‍സരം പോലെ മുന്‍നിര മികച്ച തുടക്കം നല്‍കിയാല്‍ പാണ്ഡ്യയെ ഇന്ത്യ കയറൂരിവിടുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications