KCL 2024: തപ്പിത്തടഞ്ഞ് അസ്ഹറിന്റെ ടീം, ബാറ്റിങ് ദുരന്തം! 'പാട്ടുംപാടി' ജയിച്ച് സച്ചിനും കൂട്ടരും
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് (KCL) ടി20 ടൂര്‍ണമെന്റില്‍ ആലപ്പി റിപ്പിള്‍സിനെ തരിപ്പണമാക്കി ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീം. ചെറിയ സ്‌കോര്‍ പിറന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ആലപ്പിയെ സച്ചിന്‍ ബേബിയുടെ ഏരീസ് നിഷ്പ്രഭരാക്കി. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അവര്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഏരീസ് വിജയമുറപ്പാക്കിയിരുന്നു. എത്ര ഓവറില്‍ അവര്‍ വിജയ റണ്‍സ് കുറിക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. 96 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് ഏരീസിനു നല്‍കാന്‍ അസ്ഹറിനും സംഘത്തിനുമായത്. വെറും 13.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സച്ചിനും സംഘവും വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു.

തരിപ്പണമായി ആലപ്പി ബാറ്റിങ് നിര
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പട്ടെ ആലപ്പി റൈഫിള്‍സ് തകര്‍ന്നടിയുകയായിരുന്നു. 20 ഓവര്‍ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ പോലും അവര്‍ക്കായില്ല. 16.3 ഓവറില്‍ വെറും 95 റണ്‍സിന് അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ (29) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ അവരുടെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു.
തന്റെ പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ സ്ലോ ബാറ്റിങാണ് ഓപ്പണറായെത്തിയ അസ്ഹര്‍ കാഴ്ചവച്ചത്. 26 ബോളിലാണ് താരം 29ലെത്തിയത്. രണ്ടു സിക്‌സറും ഒരു ഫോറും മാത്രമേ ഇതിലുള്‍പ്പെട്ടിരുന്നുള്ളൂ.
ആലപ്പി ബാറ്റിങ് നിരയില്‍ മറ്റാരും 20 റണ്‍സ് പോലും കടന്നില്ല. അക്ഷയ് ചന്ദ്രന്‍ (16), ആല്‍ഫി ഫ്രാന്‍സിസ് (10 എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. നാലു വിക്കറ്റുകളെടുത്ത ഷറഫുദ്ദീനും മൂന്നു പേരെ പുറത്താക്കിയ ബിജു നാരായണനും ചേര്‍ന്നാണ് ആലപ്പി ബാറ്റിങ് ലൈനപ്പിനെ തകര്‍ത്തത്. എന്‍പി ബേസില്‍ രണ്ടു വിക്കറ്റുകളും നേടി.
അനായാസ റണ്‍ചേസ്
96 റണ്‍സെന്ന വിജയലക്ഷ്യം ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമിനു ഒരിക്കലും ഭീഷണിയായിരുന്നില്ല. ഓപ്പണര്‍മാരായ അരുണ്‍ പൗലോസ് (22), അഭിഷേക് നായര്‍ (9) എന്നിവരെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (40*) വല്‍സല്‍ ഗോവിന്ദും (18*) ചേര്‍ന്ന് ഓവറില്‍ ഏരീസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 30 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും സച്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഈ ജയത്തോടെ ടൂര്‍ണമെന്റിലെ പോയിന്റ്പട്ടികയില്‍ ഏരീസ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. അവരുടെ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണിത്. കെസിഎല്ലില്‍ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീമും ഏരീസാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications