വിശാഖപട്ടണം: സയ്ദ് മുഷ്താഖ് അലി ടി ട്വന്റി ടൂര്‍ണമെന്റില്‍ നേരത്തേ തന്നെ പ്രതീക്ഷകള്‍ അസ്തമിച്ച കേരളം ഗോവയെ തകര്‍ത്ത് മാനം കാത്തു. ഒമ്പത് വിക്കറ്റിനാണ് ഗോവയെ കേരളം തുരത്തിയത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് കേരളത്തിന് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഗോവ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 138 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടി. മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ കീനന്‍ വാസ് (36), ക്യാപ്റ്റന്‍ ശകുന്‍ കാമത്ത് (28), ദര്‍ശന്‍ മിസാല്‍ (23) എന്നിവര്‍ മാത്രമേ ഗോവ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റ് വീതമെടുത്ത അഭിഷേക് മോഹനും ആസിഫും ചേര്‍ന്ന് ഗോവയെ വരിഞ്ഞു കെട്ടുകയായിരുന്നു.

മറുപടിയില്‍ സഞ്ജു കത്തിക്കയറിയപ്പോള്‍ 15.5 ഓവര്‍ കൊണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം വിജയത്തിലേക്ക് കുതിച്ചെത്തി. 44 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 64 റണ്‍സോടെ സഞ്ജു പുറത്താവാതെ നിന്നു. സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായ വിഷ്ണു വിനോദ് വെറും 19 പന്തില്‍ 34 റണ്‍സാണ് വാരിക്കൂട്ടിയത്. 37 റണ്‍സുമായി അരുണ്‍ കാര്‍ത്തിക് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.
സൗത്ത് സോണ്‍ മേഖയില്‍ നാലു മല്‍സരങ്ങള്‍ കളിച്ച കേരളത്തിന് മൂന്നിലും പരാജയം നേരിട്ടു. ഗോവയ്‌ക്കെതിരായ ജയം മാത്രമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ആറു ടീമുകള്‍ ഉള്‍പ്പെട്ട പൂളില്‍ അഞ്ചാംസ്ഥാനത്താണ് കേരളം. തമിഴ്‌നാടാണ് ഒന്നാമതുള്ളത്.