തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിച്ച് ട്രിവാന്‍ഡ്രം റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 131 റണ്‍സിലൊതുങ്ങിയപ്പോള്‍ ഒരു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് ട്രിവാന്‍ഡ്രം ടീം വിജയം നേടിയത്. നായകന്‍ അബ്ദുല്‍ ബാസിതിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ട്രിവാന്‍ഡ്രം ടീമിന് ജയം നേടിക്കൊടുത്തത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ജോബിന്‍ ജോബി ഡെക്കിന് പുറത്തായി. മൂന്ന് പന്ത് നേരിട്ട ജോബിനെ വിനില്‍ ടിഎസാണ് മടക്കിയത്. മറ്റൊരു ഓപ്പണറായ ആനന്ദ് കൃഷ്ണനും തിളങ്ങാനായില്ല. മികച്ച ബൗളിങ് പ്രകടനത്തോടെ കൊച്ചിയെ ട്രിവാന്‍ഡ്രം വിറപ്പിച്ചു. മൂന്നാമന്‍ അനൂജ് ജോറ്റിനും തിളങ്ങാനായില്ല. 14 പന്ത് നേരിട്ട് 1 ഫോറടക്കം 15 റണ്‍സാണ് അനൂജിന് നേടാനായത്. ഷൗന്‍ റോജര്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു.

24 പന്ത് നേരിട്ട് 2 ഫോറും 1 സിക്‌സുമടക്കം 20 റണ്‍സാണ് ഷൗന്‍ നേടിയത്. ശ്രീഹരി എസ് നായരാണ് ഷൗനിനെ പുറത്താക്കിയത്. സിജോമോന്‍ ജോസഫിനും തിളങ്ങാനായില്ല. 18 പന്തില്‍ 1 ഫോറടക്കം 13 റണ്‍സാണ് സിജോമോന് നേടാനായത്. വന്‍ നാണക്കേടിലേക്ക് നീങ്ങിയ കൊച്ചി ടീമിന് ആശ്വാസമായത് നിഖില്‍ തോട്ടത്തിന്റെ പ്രകടനമാണ്. വിക്കറ്റ് കീപ്പറായ നിഖില്‍ 20 പന്തില്‍ 37 റണ്‍സാണ് നേടിയത്. 185 സ്‌ട്രൈക്ക് റേറ്റിലാണ് നിഖില്‍ കസറിയത്.
ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ 12 പന്തില്‍ 12 റണ്‍സാണ് നേടിയത്. 2 ബൗണ്ടറിയാണ് ഉണ്ണികൃഷ്ണന്‍ നേടിയത്. ബേസില്‍ തമ്പി 11 പന്തില്‍ 1 സിക്‌സടക്കം 12 റണ്‍സെടുത്ത് പുറത്തായി. ജെറിന്‍ പിഎസ് 4 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ഷൈന്‍ ജോണ്‍ ജേക്കബ് ഗോള്‍ഡന്‍ ഡെക്കായി. ഇതോടെ 131 എന്ന ശരാശരി സ്‌കോറില്‍ കൊച്ചി ടീം ഒതുങ്ങി. ട്രിവാന്‍ഡ്രത്തിനായി വിനോദ് കുമാര്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ നായകന്‍ അബ്ദുല്‍ ബാസിത് മൂന്ന് വിക്കറ്റും ശ്രീഹരി എസ് നായര്‍ രണ്ട് വിക്കറ്റും വിനില്‍ ടിഎസ് ഒരു വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ റിയാസ് ബഷീര്‍ 16 റണ്‍സും സുബിന്‍ എസ് 24 റണ്‍സും നേടി. എന്നാല്‍ ഗോവിന്ദ് പൈ രണ്ട് പന്ത് നേരിട്ട് ഡെക്കിനാണ് പുറത്തായത്. അഖില്‍ എംഎസ് 16 പന്തില്‍ 7 റണ്‍സും നേടി. ട്രിവാന്‍ഡ്രം ടീം തകര്‍ന്നു തുടങ്ങിയപ്പോള്‍ നായകന്‍ അബ്ദുല്‍ ബാസിത് രക്ഷകനായി.
32 പന്തില്‍ 1 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സാണ് ബാസിത് നേടിയത്. ആകര്‍ഷ് എകെ 25 റണ്‍സും നേടി. ഓരോ സിക്‌സും ഫോറുമാണ് താരം പറത്തിയത്. ജോഫിന്‍ ജോസ് ഒരു പന്തില്‍ ഒരു നാല് നേടിയതോടെ ഒരു പന്ത് ബാക്കിയാക്കി അഞ്ച് വിക്കറ്റിന്റെ ജയം ട്രിവാന്‍ഡ്രം ടീം നേടി.