തിരുവനന്തപുരം: ഏഷ്യ കപ്പില്‍ ഇന്ത്യക്കായി മധ്യനിരയിലല്ല, ഓപ്പണിങിലാണ് താന്‍ ബെസ്റ്റെന്നു കേരളാ ക്രിക്കറ്റ് ലീഗിലെ വെടിക്കെട്ട് സെഞ്ച്വറിയിലൂടെ കാണിച്ചു തന്നിരിക്കുകയാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. റണ്‍മഴ കണ്ട ഏരീസ് കൊല്ലം സെയിലേഴ്‌സുമായുള്ള പോരാട്ടത്തിലാണ് റണ്‍ചേസില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സഞ്ജു തീപ്പൊരിയായത്. വെറും 42 ബോളില്‍ അദ്ദേഹം കെസിഎല്ലില്‍ തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു.
ഫിഫ്റ്റിയിലെത്താന്‍ വെറും 16 ബോള്‍ മാത്രമേ സഞ്ജുവിനു വേണ്ടി വന്നുള്ളൂ. ശനിയാഴ്ച ആറാം നമ്പറില്‍ ഇറങ്ങി ഫ്‌ളോപ്പായി മാറിയ അദ്ദേഹം (22 ബോളില്‍ 13) അദ്ദേഹം ഇന്നു തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങിലേക്കു വന്നപ്പോള്‍ ബൗളര്‍മാരുടെ അന്തകനായി മാറി. 51 ബോളില്‍ 121 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. 14 ഫോറും ഏഴു സിക്‌സറും ഇതിലുള്‍പ്പെടും.
അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി തന്നെ സഞ്ജുവിനെ കളിപ്പിക്കാന്‍ ഈ പ്രകടനം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും പ്രലോഭിപ്പിക്കുമെന്നുറപ്പാണ്.

സഞ്ജു ഷോ
തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തന്നെ പിന്തുണയ്ക്കാനെത്തിയ ആരാധകര്‍ ആവേശത്തിലാറാടിക്കുന്ന ബാറ്റിങി വിരുന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ നീലക്കുപ്പായത്തില്‍ സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. സച്ചിന്‍ ബേബിയുടെ ഏരീസ് കൊല്ലം സെയിലേഴ്‌സ് നല്‍കിയ 237 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ കൊച്ചിക്കായി സഞ്ജു ഓപ്പണിങില്‍ തിരിച്ചെത്തുകയായിരുന്നു.
വിനൂപ് മനോഹരനൊപ്പം ഓപ്പണറായി ഇറങ്ങിയ അദ്ദേഹം ആദ്യ ബോളില്‍ തന്നെ നയം വ്യക്തമാക്കി കഴിഞ്ഞിരുന്നു. പവന്‍രാജെറിഞ്ഞ ആദ്യ ബോള്‍ തന്നെ ഡീപ്പ് മിഡ് വിക്കറ്റിലൂടെ പായിച്ചാണ് സഞ്ജു തന്റെയും ടീമിന്റെയും അക്കൗണ്ട് തുറന്നത്. തലേദിവസം ഒരു ഫോറും സിക്‌സറുമില്ലാതെ പാടുപെട്ട അദ്ദേഹം ഇതിന്റെ ക്ഷീണം മുഴുവന്‍ ഇന്നു തീര്‍ത്തു.
ആദ്യ ബോളില്‍ ഫോറടിച്ച് തുടങ്ങിയ സഞ്ജു മൂന്നാം ബോളില്‍ അടുത്ത ബൗണ്ടറിയും കണ്ടെത്തി. അഞ്ചാമത്തെ ബോള്‍ ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ അദ്ദേഹം സിക്‌സറിലേക്കു പറത്തുകയായിരുന്നു. ഷറഫുദ്ദീനെറിഞ്ഞ മൂന്നാം ഓവറില്‍ തുടരെ നാലു ഫോറുകളിച്ചാണ് സഞ്ജു ആഘോഷിച്ച്. രണ്ടു മുതല്‍ അഞ്ചു വരെയുളള ബോളുകളാണ് അദ്ദേഹം അതിര്‍ത്തി കടത്തിയത്.

അടുത്ത ഓവറിലും സഞ്ജു ആക്രമണം തുടര്‍ന്നു. ബിജു നാരായണിനെതിരേ മൂന്നു ഫോറും ഒരു സിക്‌സറുമാണ് അദ്ദേഹം വാരക്കൂട്ടിത്. ഇതോടെ വെറും 16 ബോളില്‍ സഞ്ജു തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കുകയായിരുന്നു. അടുത്ത ഓവറില്‍ ഓപ്പണിങ് പങ്കാളിയായ വിനൂപിനെ (11) നഷ്ടമായെങ്കിലും സഞ്ജു ടോപ് ഗിയറില്‍ തന്നെ ബാറ്റിങ് തുടര്‍ന്നു.
വണ്‍ഡൗണായി ഇറങ്ങിയ മുഹമ്മദ് ഷാനുവും ഇതേ ശൈലിയില്‍ അറ്റാക്കിങ് ഗെയിം തുടര്‍ന്നതോടെ കൊച്ചിയുടെ ഇന്നിങ്‌സ് കുതിച്ചു. ഷറഫുദ്ദാനെറിഞ്ഞ ആറാം ഓവറലില്‍ രണ്ടു വീതം സിക്‌സറും ഫോറുമാണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ പവര്‍പ്ലേയില്‍ തന്നെ കൊച്ചിയുടെ ടോട്ടല്‍ 100ലെത്തെുകയും ചെയ്തു.
ഫിഫ്റ്റിയില്‍ നിര്‍ത്താന്‍ സഞ്ജു തയ്യാറായിരുന്നില്ല. 42 ബോളില്‍ അദ്ദേഹം കെസിഎല്‍ തന്റെ കന്നി സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. 13 ഫോറുകളും അഞ്ചു സിക്‌സറുകളുമടക്കമാണിത്. 14ാം ഓവറിലെ അഞ്ചാമത്തെ ബോള്‍ മിഡ് വിക്കറ്റിലേക്കു കളിച്ച് സിംഗിളിലൂടെയാണ് സഞ്ജു സെഞ്ച്‌റി നേട്ടത്തിലെത്തിയത്.