തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ഏതു പൊസിഷനിലാവും താന്‍ ബാറ്റ് ചെയ്യുകയെന്നു വമ്പന്‍ സൂചന നല്‍കിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂടൈഗേഴ്്‌സിനൊപ്പമുള്ള ആദ്യ കളിയിലാണ് തന്റെ പുതിയ ബാറ്റിങ് പൊസിഷന്‍ ഏതാവുമെന്നു അദ്ദേഹം കാണിച്ചു തന്നത്.
യുവ സൂപ്പര്‍ താരവും ഓപ്പണറുമായ ശുഭമന്‍ ഗില്‍ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയതോടെയാണ് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം കുഴപ്പത്തിലായത്. ഇന്ത്യ അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങി അദ്ദേഹം കസറിയിരുന്നു.

സഞ്ജുവിന്റെ പുതിയ നമ്പര്‍
അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കെസിഎല്ലിലെ അരങ്ങേറ്റ മല്‍സരം കൂടിയാണ് സഞ്ജു സാംസണ്‍ കളിച്ചത്. നേരത്തേ അദ്ദേഹം ഓപ്പണറായിട്ടാവും ടീമിനായി ഇറങ്ങുകയെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വന്നതോടെ സഞ്ജു ഈ റോളില്‍ നിന്നു മാറിയിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിനൊപ്പം ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ കൂടിയായ അഭിഷേക് ശര്‍മയും ഓപ്പണറായി സംഘത്തിലുള്ളപ്പോള്‍ തനിക്കു താഴേക്കു ഇറങ്ങേണ്ടി വരുമെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു. മൂന്നാംനമ്പര്‍ ലോക രണ്ടാം നമ്പര്‍ ബാറ്റര്‍ തിലക് വര്‍മയും നാലാമനായി ക്യാപ്റ്റ്ന്‍ സൂര്യകുമാര്‍ യാദവുമുള്ളപ്പോള്‍ ടോപ്പ് ഫോറില്‍ ഇടം കിട്ടില്ലെന്നും സഞ്ജു കണക്കുകൂട്ടി.
ഇതേ തുടര്‍ന്നു കെസിഎല്ലില്‍ കൊച്ചിക്കൊപ്പമുള്ള കളിയിലും അദ്ദേഹം ടോപ്പ് ഫോറില്‍ ബാറ്റിങിനു ഇറങ്ങിയില്ല. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് സഞ്ജു കാത്തിരുന്നതെന്നാണ് ബാറ്റിങ് ലൈനപ്പില്‍ നിന്നും വ്യക്തമാവുന്നത്. പക്ഷെ ചേട്ടനും ക്യാപ്റ്റനുമായ സാലി സാംസണ്‍ (50*) നാലാമനായി അപരാജിത ഫിഫ്റ്റിയോടെ ടീമിന്റെ ജയം പൂര്‍ത്തിയാക്കിയതോടെ സഞ്്ജുവിനു ബാറ്റ് ചെയ്യാനുമുള്ള ഭാഗ്യമുണ്ടായില്ല.
ഏഷ്യാ കപ്പില്‍ സൂര്യക്കു ശേഷം അഞ്ചാം നമ്പറിലായിരിക്കും സഞ്്ജുവിനു ബാറ്റ് ചെയ്യേണ്ടി വരികയെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്. മധ്യനിരയില്‍ കളിക്കാന്‍ തയ്യാറായി ഇരിക്കണമെന്നു അദ്ദേഹത്തോടു കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യയും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ടാവാനും സാധ്യത കൂടുതലാണ്. ഇതിന്റെ ഭാഗമായിട്ടു തന്നെയാവും കൊച്ചി ടീമില്‍ മധ്യനിരയിലേക്കു മാറാനുള്ള തീരുമാനം സഞ്ജു എടുത്തതെന്നുമുറപ്പാണ്.

ഫ്‌ളോപ്പായി മാറിയേക്കും
ഏഷ്യാ കപ്പില്‍ ഓപ്പണിങ് റോള്‍ വിട്ട് മധ്യനിരയിലേക്കു മാറിയാന്‍, സഞ്ജു സാംസണ്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറാനുള്ള സാധ്യത കൂടുതലാണ്. കാരണം ഇന്ത്യക്കു വേണ്ടി അദ്ദേഹം ടി20യില്‍ മധ്യനിര ബാറ്ററായി ഇറങ്ങിയപ്പോള്‍ തികഞ്ഞ പരാജയമായി മാറിയിരുന്നു. ടോപ്പ് ത്രീയിലാണ് സഞ്ജു ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുളളതെന്നു കണക്കുകള്‍ പറയുന്നു.
വിവിധ ടീമുകള്‍ക്കു വേണ്ടി ടി20യില്‍ ഓപ്പണറായി 69 മല്‍സങ്ങളിലാണ് അദ്ദേഹം ബാറ്റ് വീശിയത്. 29.56 ശരാശരിയില്‍ 1922 റണ്‍സും നേടി. മൂന്നു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. എന്നാല്‍ മൂന്നാം നമ്പറില്‍ 134 മല്‍സരങ്ങള്‍ സഞ്ജു കളിച്ചുകഴിഞ്ഞു. 35.65 ശരാശരിയോടെ 4136 റണ്‍സ് സ്‌കോാര്‍ ചെയ്തു. ഈ പെസിഷനിലും മൂന്നു സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്്. എല്ലാം ഐപിഎല്ലിലുമാണ്.
നാലാം നമ്പറില്‍ 66 മല്‍സങ്ങളില്‍ ഇറങ്ങിയ സഞ്ജു 22.63 ശരാശരിയില്‍ 1290 റണ്‍സ് നേടി. സെഞ്ച്വറികളൊന്നും ഇതിലുള്‍പ്പെടുന്നില്ല. അതിലും താഴേക്കു ദയനീയമാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡ്. അഞ്ചാമനായി 15 കളിയില്‍ 108 റണ്‍സും (ശരാശരി 12) ആറാമനായി 14 കളിയില്‍ 128 റണ്‍സും (16) ഏഴാമനായി മൂന്നു കളിയില്‍ 40 റണ്‍സും (20) മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.