കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ്‍ ക്ലൈമാക്‌സിലേക്കു കടക്കവെ പുതിയ പല ഹീറോസിന്റെയും പിറവിക്കു ടൂര്‍ണമെന്റ് സാക്ഷിയായിട്ടുണ്ടെന്നു കാണാം. ബാറ്റിങിലും ബൗളിങിലുമെല്ലാം ഗംഭീര പ്രകടനങ്ങള്‍ ചില താരങ്ങളില്‍ നിന്നും നമുക്കു കാണാന്‍ സാധിച്ചു. ഈ ടൂര്‍ണമെന്റ് കേരളത്തിന്റെ ചില കളിക്കാരുടെ കരിയര്‍ തന്നെ മാറ്റിയേക്കും.
കഴിഞ്ഞ കെസിഎല്ലിനു ശേഷം യുവ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്റെ കോള്‍ എത്തിയതു പോലെ അടുത്ത ലേലത്തില്‍ കൂടുതല്‍ പേര്‍ക്കു ഐപിഎല്ലിന്റെ ഭാഗമായി മാറാന്‍ സാധിച്ചേക്കും. കെസിഎല്ലിലെ ചില മല്‍സരങ്ങള്‍ക്കു സാക്ഷിയാവാന്‍ മുംബൈയുടേതടക്കം പല ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയും സ്‌കൗട്ടിങ് സംഘം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഡിസംബറില്‍ നടക്കാനിരിക്കുന്ന അടുത്ത മിനി താരലേലത്തില്‍ ഏതൊക്കെ മലയാളി താരങ്ങളെ നോട്ടമിടാമെന്നു ടീമുകള്‍ ലിസ്റ്റുകളും തയ്യാറാക്കിയിട്ടുണ്ടാവും. അടുത്ത ഐപിഎല്‍ ലേലത്തില്‍ വിളിയെത്താനിടയുള്ള കെസിഎല്ലിലെ മിന്നും താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ക്കെല്ലാം അവസരം കിട്ടും?
കേരളാ ക്രിക്കറ്റ് ലീഗില്‍ ഇത്തവണ എടുത്തു പറയേണ്ട ഒരുപിടി മികച്ച കളിക്കാരുണ്ട്. ബാറ്റിങിലേക്കു വന്നാല്‍ കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാന്‍ സല്‍മാന്‍ നിസാര്‍ എന്നിവരെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂ െമിന്നിച്ചിരുന്നു. ബൗളിങിലാവട്ടെ അഖില്‍ സ്‌കറിയ, കെഎം ആസിഫ്, അഭിജിത് പ്രവീണ്‍, അജിനാസ് കെ എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുത്തു.
കെസിഎല്ലിന്റെ ഈ സീസണിലെ റണ്‍മെഷീനായി മാറിയിരിക്കുകയാണ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ക്യാപ്റ്റനും വലംകൈയന്‍ ഓപ്പണിങ് ബാറ്ററുമായ കൃഷ്ണപ്രസാദ്. വലിയ റണ്‍വേട്ടയാണ് അദ്ദേഹം ഇത്തവണ നടത്തിയത്. 10 കൡയില്‍ 479 റണ്‍സ് താരം വാരിക്കൂട്ടി. 59.88 എന്ന ഗംഭീര ശരാശരിയോടെയാണിത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 119 റണ്‍സുമാണ്.
വെറും 10 മാച്ചില്‍ നിന്നും 500നടുത്ത് റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് തീര്‍ച്ചയായും കൈയടി അര്‍ഹിക്കേണ്ട പ്രകടനം തന്നെയാണ്. ഐപിഎല്ലില്‍ പല ഫ്രാഞ്ചൈസികള്‍ക്കും മികച്ച ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ അഭാവമുണ്ട്. ഇതു തീര്‍ച്ചയായും അടുത്ത ലേലത്തില്‍ കൃഷ്ണപ്രസാദിനെ ഈ ടീമുകളുടെ നോട്ടപ്പുള്ളിയാക്കി മാറ്റുകയും ചെയ്യും.
ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടാമത്തെയാള്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ഓപ്പണിങ് ബാറ്റുറും ഓള്‍റൗണ്ടറുമായ അഹമ്മദ് ഇമ്രാനാണ്. കൃഷ്ണപ്രസാദിനു പിറകിലായി ഈ 19കാരന്‍ രണ്ടാമതുണ്ട്.

ഒമ്പതു കളിയില്‍ നിന്നും 47 ശരശരിയില്‍ 171.3 എന്ന കിടിലന്‍ ശരാശരിയില്‍ 423 റണ്‍സ് ഇമ്രാന്‍ നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഓള്‍റൗണ്ടര്‍മാര്‍ക്കു ഐപിഎല്ലില്‍ എല്ലായ്‌പ്പോഴും വലിയ ഡിമാന്റുണ്ടാവാറുണ്ട്. ഇതു അടുത്ത ലേലത്തില്‍ ഇമ്രാന് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യവുമാണ്.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാറാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. ഫിനിഷറുടെ റോളില്‍ ടീമിനായി കസറുകയാണ് അദ്ദേഹം. ഈ സീസണിലെ ഒരു കളിയില്‍ അവാസാനമായി നേരിച്ച 13 ബോളില്‍ 11ഉം സിക്‌സറിലേക്കു പറത്തി വാര്‍ത്തകളിലും നിറഞ്ഞിരുന്നു.
ഐപിഎല്ലില്‍ മികച്ച ഫിനിഷറുടെ അഭാവമുള്ള ടീമുകള്‍ അടുത്ത ലേലത്തില്‍ സല്‍മാനെ നോട്ടമിട്ടേക്കും. കാലിക്കറ്റിനായി ആറു കളിയില്‍ നിന്നും 193.5 പ്രഹരശേഷിയില്‍ മൂന്നു ഫിഫ്റ്റിയടക്കം 296 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

അതേസമയം, ബൗളിങെടുത്താല്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ ഫാസ്റ്റ് ബൗളര്‍ അഖില്‍ സ്‌കറിയ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. അവിശ്വസനീയ പ്രകടനം നടത്തുന്ന ഈ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഒമ്പതു മാച്ചില്‍ നിന്നും കെയ്തത് 25 വിക്കറ്റുകളാണ്. 8.5 ഇക്കോണമി റേറ്റിലാണിത്. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളെടുത്തതാണ് അഖിലിന്റെ മികച്ച പ്രകടനം.
ഈ സീസണില്‍ മറ്റൊരു ബൗളറും വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ഏഴയലത്തു പോലുമില്ല. നേരത്തേ ഐപിഎല്ലില്‍ കൡച്ചു കഴിഞ്ഞ ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫ് കെസിഎല്ലില്‍ മികച്ച ഫോമിലാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ആറു കളിയില്‍ നിന്നും 8.1 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഈ പ്രകടനം അടുത്ത ഐപിഎല്ലില്‍ ആസിഫിന്റെ മടങ്ങിവരവിന് അവസരമൊരുക്കിയേക്കും.