തിരുവനന്തപുരം: ഐപിഎല്ലിനോടു കിട പിടിക്കുന്ന ത്രില്ലറിലാണ് കേരളാ ക്രിക്കറ്റ് ലീഗിലെ കഴിഞ്ഞ കളിയില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജയിച്ചുകയറിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരേ റെക്കോര്‍ഡ് റണ്‍ചേസിനൊടുവിലാണ് അവസാന ബോളില്‍ കൊച്ചി നാടകീയ വിജയം സ്വന്തമാക്കിയത്. സച്ചിന്‍ ബേബിയുടെ കൊല്ലം നല്‍കിയ 237 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കൊച്ചിക്കു അസാധ്യമായിരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
പക്ഷെ മധ്യനിരയില്‍ നിന്നും നേരെ ഓപ്പണിങിലേക്കു വന്ന വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (51 ബോളില്‍ 121) തീപ്പൊരി സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോള്‍ കൊച്ചി അദ്ഭുത വിജയം കൊയ്യുകയായിരുന്നു. അദ്ദേഹത്തെ കൂടാതെ കൈയടി അര്‍ഹിക്കുന്ന മറ്റൊരാള്‍ മുഹമ്മദ് ആഷിക്കാണ് (18 ബോളില്‍ 46*).

അദ്ദേഹത്തിന്റെ അവിശ്വസനീയ ഫിനിഷിങാണ് ഒരു സമയത്തു കൈവിട്ടുപോയെന്ന കളി കൊച്ചിക്കു സമ്മാനിച്ചത്. അതിനിടെ അവസാന ബോളില്‍ കൊച്ചിയുടെ ആവേശ ജയത്തിനു ശേഷം കാണികളും അവരുടെ താരങ്ങളുമെല്ലാം ഇളകിമറിഞ്ഞപ്പോള്‍ സഞ്ജുവിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
സഞ്ജു പ്രതികരിച്ചത് ഇങ്ങനെ
ഏരീസ് കൊല്ലം സെയിലേഴ്‌സിനു വേണ്ടി അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് ഷറഫുദ്ദീനായിരുന്നു. ഈ ഓവറില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നതാവട്ടെ 17 റണ്‍സുമായിരുന്നു. 29 റണ്‍സുമായി മുഹമ്മദ് ആഷിക്കും ഏഴു റണ്‍സെടുത്ത ആല്‍ഫി ഫ്രാന്‍സിസ് ജോണുമായിരുന്നു ക്രീസില്‍.
ഓവറിലെ ആദ്യത്തെ ബോള്‍ തേര്‍ഡ് മാനിലൂടെ ഫോറിലേക്കു പറത്തിയാണ് ഷറഫുദ്ദീനെ ആഷിക്ക് വരവേറ്റത്. അടുത്ത ബോള്‍ ലോങ്ഓണിലൂടെ സിക്‌സറിലേക്കു. ഇതോടെ കൈാച്ചി വിജയം സ്വപ്‌നം കാണാന്‍ തുടങ്ങി. അടുത്ത നാലു ബോളില്‍ ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സ് മാത്രം. അടുത്ത ബോളില്‍ ബൈയായി സിംഗിള്‍. നാലാമത്തെ ബോളില്‍ ഒരു റിസ്‌ക്കുള്ള സിംഗിളിനായി ശ്രമിക്കവെ ആല്‍ഫി ഫ്രാന്‍സിസിനെ ഷറഫുദ്ദീന്‍ റണ്ണൗട്ടാക്കി.
ഇതോടെ കളി എങ്ങോട്ടു വേണമെങ്കിലും മാറാമെന്ന സാഹചര്യം വന്നു. അഞ്ചാമത്തെ ബോളില്‍ ആഷിക്കിനു റണ്ണൊന്നും ലഭിച്ചില്ല. അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് സിക്‌സര്‍. എന്തും സംഭവിക്കാമെന്ന പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍. എന്നാല്‍ ലോങ്ഓണിനു മുകളിലൂടെ ആഷിക്ക് സിക്‌സര്‍ പറത്തിയപ്പോള്‍ കൊച്ചി ടീമിന്റെ ഡഗൗട്ടും സ്റ്റേഡിയത്തിലെ കാണികളുമെല്ലാം ആവേശത്താല്‍ ഇളകി മറിഞ്ഞു.
കൊച്ചിയുടെ ആവേശോജ്വല ജയത്തോടു സഞ്ജു പ്രതികരിച്ചത് ഇങ്ങനെയാണ്. വീഡിയോ കാണാം.
എന്നാല്‍ ഈ സമയത്തു ടീമിന്റെ ഡഗൗട്ടില്‍ ആകാംക്ഷയോടെ ഇരുന്ന് കളി കണ്ട സഞ്ജു സാംസണിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. ഇതൊക്കെ താന്‍ എത്ര കണ്ടിട്ടുളളതാണെന്ന മട്ടില്‍ വളരെ കൂളായി ടീമിന്റെ വിജയം മനസ്സില്‍ അദ്ദേഹം ആസ്വദിക്കുകയായിരുന്നു. വിജയശില്‍പ്പിയായ ആഷിക്കിനെ അഭിനന്ദിക്കാന്‍ കൊച്ചി ടീമിലെ പലരും ഗ്രൗണ്ടിലേക്കു കുതിച്ചപ്പോഴും സഞ്ജു നിങ്ങള്‍ ചെല്ലൂയെന്നു കൈ കൊണ്ട് ആംഗ്യം കാണിച്ച് അവിടെ നില്‍ക്കുകയായിരുന്നു.

സഞ്ജുവിന്റെ ഇന്നിങ്‌സ്
മധ്യനിരയിലല്ല, ഓപ്പണിങിലാണ് താന്‍ ഏറ്റവും അപകടകാരിയെന്നു തെളിയിക്കുന്നതായിരുന്നു ഈ കളിയില്‍ സഞ്ജു സാംസണിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ്. ടീമിനെ ഏറെക്കുറെ തനിച്ചു തന്നെയാണ് അദ്ദേഹം വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയതെന്നു പറയാം.
ഫിഫ്റ്റിയിലെത്താന്‍ 16 ബോളും സെഞ്ച്വറിക്കായി 42 ബോുകളും മാത്രമേ സഞ്ജുവിനു വേണ്ടി വന്നുള്ളൂ. 51 ബോളില്‍ 14 ഫോറുകളും ഏഴു സിക്‌സറുമടക്കമാണ് 121 റണ്‍സുമായി അദ്ദേഹം ക്രീസ് വിട്ടത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊല്ലം ആറു വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്. ഓപ്പണര്‍ വിഷ്ണു വിനോദിന്റെയും (41 ബോളില്‍ 94) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (44 ബോളില്‍ 91) ഗംഭീര ഇന്നിങ്‌സുകളാണ് അവരെ അതിനു സഹായിച്ചത്.