അടുത്ത മാസം നടക്കാനിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ (KCL) തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരവും ഓള്‍റൗണ്ടറുമായ അഖില്‍ എംഎസ്. കഴിഞ്ഞ താരലേത്തില്‍ വലിയ ഡിമാന്റാണ് അദ്ദേഹത്തിനുണ്ടായത്. ഒടുവില്‍ 7.4 ലക്ഷം രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്കു അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. കെസിഎല്ലില്‍ ഇനി മിന്നുന്ന പ്രകടനം പുറത്തെടുത്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ ശ്രമം.
ഐപിഎല്ലിലും അതു വഴി ഇന്ത്യന്‍ ടീമിനു വേണ്ടിയുമെല്ലാം കളിക്കാന്‍ അവസരം ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് അഖില്‍. തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും മലയാളി താരങ്ങള്‍ക്കു കെസിഎല്‍ നല്‍കുന്ന വലിയ സാധ്യതകളെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേരളാ താരം.

കെസിഎല്‍ മികച്ച പ്ലാറ്റ്‌ഫോം
കേരളാ ക്രിക്കറ്റിലെ താരങ്ങളെ സംബന്ധിച്ച് കഴിവ് തെളിയിക്കാനുള്ള മികച്ചൊരു പ്ലാറ്റ്‌ഫോം തന്നെയാണ് കെസിഎല്ലെന്നു അഖില്‍ പറയുന്നു. കുറച്ചു വര്‍ഷങ്ങളായി ഇത്തരമൊരു ടൂര്‍ണമെന്റ് വരുമെന്നതു നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. ഇപ്പോഴാണ് അതു യാഥാര്‍ഥ്യമായിരിക്കുന്നത്. യുവതാരങ്ങളുള്‍പ്പെടെ എല്ലാവര്‍ക്കും മികച്ചൊരു പ്ലാറ്റ്‌ഫോമാണ് കെസിഎല്‍. നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചാല്‍ കരിയറില്‍ വലിയൊരു മാറ്റം കൊണ്ടു വരാനും ഇതു താരങ്ങളെ സഹായിക്കുമെന്നും അഖില്‍ വ്യക്തമാക്കി.
കേരളാ ടീമിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കേരള ക്രിക്കറ്റ് ടീമിന്റെ ക്യാംപിലെ സ്ഥിരാംഗവുമാണ്.
എങ്ങനെ വിലയേറിയ താരമായി?
ലേലത്തില്‍ എന്തുകൊണ്ടായിരിക്കാം തനിക്കു ഏറ്റവുമധികം ഡിമാന്റുണ്ടായത് എന്നതിന്റെ കാരണത്തെക്കുറിച്ചും അഖില്‍ മനസ്സ് തുറന്നു. ഇതു യഥാര്‍ഥത്തില്‍ താന്‍ പറയേണ്ട മറുപടിയല്ലെന്നാണ് ചിരിയോടെ താരം പ്രതികരിച്ചത്. സമീപകാലത്തു കെസിഎ (KCA) ചില ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റുകളില്‍ എനിക്കു അത്യാവശ്യം നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ഓള്‍റൗണ്ടര്‍ ആണെന്നതും എനിക്കു ലേലത്തില്‍ പ്ലസ് പോയിന്റായി മാറിയിട്ടുണ്ടാവുമെന്നും അഖില്‍ വെളിപ്പെടുത്തി.
അടുത്ത ലക്ഷ്യം ഐപിഎല്ലോ?
കേരളാ ക്രിക്കറ്റ് ലീഗില്‍ നന്നായി പെര്‍ഫോം ചെയ്തു കഴിഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ തീര്‍ച്ചയായും നമ്മളെ തേടിയെത്തും. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റുള്‍പ്പെടെയുള്ളവ വരാനിരിക്കുകയാണ്. അതിലേക്കാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. കെസിഎല്ലില്‍ അസാധാരണ പ്രകടനം നടത്താന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. ടൂര്‍ണമെന്റിന്റെ ടെലികാസ്റ്റുള്‍പ്പെടെയുള്ളതിനാല്‍ എല്ലാ തലത്തിലും പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടും.
ഏതൊരു പ്ലെയറുടെയും ഏറ്റവും വലിയ സ്വപ്‌നം ഇന്ത്യക്കായി കളിക്കുകയെന്നതാവും. ഇപ്പോള്‍ നമുക്ക് ഐപിഎല്ലെന്ന വലിയൊരു പ്ലാറ്റ്‌ഫോം ഉണ്ടെന്നതിനാല്‍ ഇന്ത്യന്‍ ടീമിലേക്കും അതു വഴി അവസരം ലഭിക്കുകയും ചെയ്യും. കെസിഎല്ലിലൂടെ ഐപിഎല്ലിന്റെ ഭാഗമാവുകയെന്നതു തന്നെയാണ് ഇപ്പോള്‍ മനസ്സിലുള്ള ലക്ഷ്യമെന്നും അഖില്‍ പറയുന്നു. ഐപിഎല്ലില്‍ തന്റെ ഇഷ്ട ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണെന്നും താരം വെളിപ്പെടുത്തി.
സഞ്ജുവുമായുള്ള ബന്ധം
ഇന്ത്യന്‍ താരവും കേരളാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി നല്ല സൗഹൃദമാണ് തനിക്കുള്ളതെന്നു അഖില്‍ പറയുന്നു. ഞാന്‍ കേരളത്തിനായി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച വര്‍ഷം സഞ്ജവായിരുന്നു ഞങ്ങളുടെ ക്യാപ്റ്റന്‍. സഞ്ജുവിനു കീഴില്‍ കളിച്ചത് നല്ലൊരു അനുഭവമായിരുന്നു. കാരണം നമ്മളെ നന്നായി പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് സഞ്ജു.
കളിക്കാരെ നന്നായി പ്രചോദിപ്പിക്കുന്നതിനൊപ്പം ധൈര്യവും നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം. ഏതു സാഹചര്യമായാലും അദ്ദേഹം നമ്മളെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ചെയ്യും. തിരുവനന്തപുരത്ത് ഞാന്‍ പരിശീലനം നടത്തിയിരുന്ന സമയത്ത് സഞ്ജു എന്നെ വിളിക്കുകയും നെറ്റ്‌സില്‍ ബൗള്‍ ചെയ്യാനും ഒപ്പം പരിശീലനം നടത്താനുമെല്ലാം ക്ഷണിക്കാറുമുണ്ടായിരുന്നുവെന്നും അഖില്‍ പറഞ്ഞു.

സഞ്ജുവിനു കീഴില്‍ കളിക്കുമോ? ഫേവറിറ്റ് ക്രിക്കറ്ററാര്
നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചാല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സില്‍ കളിക്കാന്‍ അവസരമുണ്ടായേക്കും. മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ നമ്മളെ തേടി ആളുകള്‍ വരുമെന്നായിരുന്നു കേരള ടീമിനു വേണ്ടി ഞാന്‍ ടി20യില്‍ കളിച്ചപ്പോള്‍ സഞ്ജു പറഞ്ഞത്. ഏതെങ്കിലുമൊരു പ്ലാറ്റ്‌ഫോം ലഭിച്ചാല്‍ അതില്‍ അസാധാരണ പ്രകടനം നടത്തി ശ്രദ്ധിക്കപ്പെടുകയെന്നതാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. ഫേവറിറ്റ് ക്രിക്കറ്ററെക്കുറിച്ചും താരം വെളിപ്പെടുത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനാണ് താനെന്നു അദ്ദേഹം പറയുന്നു.
അതേസമയം, തൃപ്പൂണിത്തുറ സ്വദേശിയായ അഖില്‍ എറണാകുളത്തെ എജിഎസ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൂടിയാണ്. 10 വര്‍ഷത്തോളം തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷമാണ് അദ്ദേഹം കഴിഞ്ഞ വര്‍ഷം ജന്‍മനാട്ടില്‍ തിരിച്ചെത്തിയത്. അധ്യാപികയായ ഭാര്യയും ഏഴ് വയസുകാരിയായ മകളുമുള്‍പ്പെട്ടതാണ് അഖിലിന്റെ കുടുംബം.