തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) പ്രഥമ സീസണില്‍ കിരീടം ചൂടി ഏരീസ് കൊല്ലം സെയിലേഴ്‌സ്. ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി തീപ്പൊരിയായി മാറിയപ്പോള്‍ ത്രില്ലിങ് ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ ആറു വിക്കറ്റിനാണ് കൊല്ലം തകര്‍ത്തുവിട്ടത്.
214 റണ്‍സെന്ന ഏറെക്കുറെ അപ്രാപ്യമായ വിജയലക്ഷ്യമാണ് രോഹന്‍ കുന്നുമ്മല്‍ നയിച്ച കാലിക്കറ്റ് ടീം എതിരാളികള്‍ക്കു നല്‍കിയത്. പക്ഷെ മൂന്നാമനായി ബാറ്റ് വീശിയ സച്ചിന്‍റെ (105*) വണ്‍മാന്‍ ഷോ കാലിക്കറ്റിനെ തരിപ്പണമാക്കി. 54 ബോളില്‍ എട്ടു ഫോറും ഏഴു സിക്‌സറുമടക്കം അദ്ദേഹം കാലിക്കറ്റ് ബൗളിങിനെ പിച്ചിച്ചീന്തുകയായിരുന്നു. ഇതോടെ 19.1 ഓവറില്‍ വെറും നാലു വിക്കറ്റിനു കൊല്ലം വിജയം കൊയ്യുകയും ചെയ്തു.

കിടിലന്‍ റണ്‍ചേസ്
200 പ്ലസ് റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഏരീസ് കൊല്ലം സെയിലേഴ്‌സ് തുടക്കം മുതല്‍ അഗ്രസീവ് ബാറ്റിങുമായി നയം വ്യക്തമാക്കിക്കഴിഞ്ഞിരുന്നു. അസാധ്യമെന്നു കരുതപ്പെട്ട സ്‌കോര്‍ ചേസ് ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കൊല്ലത്തിനു തുടക്കം മുതലുണ്ടായിരുന്നു.
രണ്ടാമതായി അഭിഷേക് (25) പുറത്താവുമ്പോള്‍ അഞ്ചാം ഓവറില്‍ കൊല്ലം 52 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്നാണ് മല്‍സരഗതി മാറ്റിയ കൂട്ടുകെട്ട് കണ്ടത്. മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബി- വല്‍സല്‍ ഗോവിന്ദ് ജോടി 114 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം കാലിക്കറ്റില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
16ാം ഓവറില്‍ വല്‍സല്‍ (27 ബോളില്‍ 45) പുറത്താവുമ്പോഴേക്കും കൊല്ലം വിജയമുറപ്പിച്ചിരുന്നു. ഷറഫുദ്ദീന്‍ (2) പെട്ടെന്നു മടങ്ങിയെങ്കിലും രാഹുല്‍ ശര്‍മയെ (15*) കൂട്ടുപിടിച്ച് സച്ചിന്‍ ടീമിനെ കിരീടത്തിലെത്തിക്കുകയായിരുന്നു.
മൂന്നു പേര്‍ക്ക് ഫിഫ്റ്റി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 20 ഓവറില്‍ 213 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലടക്കം മൂന്നു പേരുടെ ഫിഫ്റ്റികളാണ് കാലിക്കറ്റിനു കരുത്തായത്.

വിക്കറ്റ് കീപ്പര്‍ എം അജിനാസ് (56), രോഹന്‍ (51), അഖില്‍ സ്‌കറിയ (50) എന്നിവരാണ് ഫിഫ്റ്റികളോടെ മിന്നിച്ചത്. 24 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടക്കമാണ് അജിനാസ് ടീമിന്റെ അമരക്കാരനായത്. രോഹന്‍ 26 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു.
അഖില്‍ 30 ബോളില്‍ നാലു ഫോറുകളുടെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെയാണ് 50ലെത്തിയത്. ഫിനിഷിങ് ദൗത്യം സല്‍മാന്‍ നിസാറിനായിരുന്നു. 17 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം അദ്ദേഹം 24 റണ്‍സ് നേടി പുറത്തായി.
അഞ്ചാം ഓവറില്‍ ഓപ്പണറായ ഒമര്‍ അബൂബക്കര്‍ (10) പുറത്താവുമ്പോള്‍ കാലിക്കറ്റിന്റെ സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹന് കൂട്ടായി അഖില്‍ വന്നതോടെ കാലിക്കറ്റിന്റെ സ്‌കോറിങിനു വേഗത കൂടി. 55 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു ചേര്‍ത്തു.
ഈ ജോടി കരുത്താര്‍ജിക്കവെയാണ് 10ാം ഓവറില്‍ രോഹന്‍ വീണത് (87-2). ടീം സ്‌കോറിലേക്കു 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഖിലും മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ അജിനാസ്- സല്‍മാന്‍ ജോടി 59 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ 180 കടത്തുകയായിരുന്നു.