For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാതുവെപ്പുകാരന്‍ സംരക്ഷകനാവേണ്ട, ശ്രീശാന്തിനെ അധിക്ഷേപിച്ച് കെസിഎ; പ്രതികരിച്ച് താരം

കൊച്ചി: സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഭിന്നത് പരസ്യമായ രഹസ്യമാണ്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടതും പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു അവഗണിക്കപ്പെട്ടതുമെല്ലാം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സഞ്ജു പരിശീലന ക്യാംപില്‍ പങ്കെടുക്കാത്തതിനാലാണ് താരത്തെ വിജയ് ഹസാരെ ട്രോഫിക്ക് പരിഗണിക്കാത്തതെന്ന വിചിത്ര നിലപാടാണ് കെസിഎ സ്വീകരിച്ചത്.

കെസിഎയുടെ ഭാരവാഹികളടക്കം പരസ്യമായി സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ കെസിഎയുടെ ഭാരവാഹികള്‍ക്കെതിരേ സഞ്ജുവിന്റെ പിതാവടക്കം രംഗത്തെത്തിയത് കൂടുതല്‍ ഭിന്നതയിലേക്ക് കാര്യങ്ങളെത്തിച്ചു. കെസിഎ സഞ്ജുവിനെ ശത്രു പക്ഷത്ത് നിര്‍ത്തിയെങ്കിലും മുന്‍ താരങ്ങളടക്കം പ്രമുഖരുടെയെല്ലാം പിന്തുണ സഞ്ജുവിനൊപ്പമായിരുന്നു. ഇതിന്റെ പേരില്‍ കെസിഎ ഭാരവാഹികള്‍ക്ക് വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു.

കെസിഎയുടെ നിലപാടിനെതിരേ മുന്‍ ഇന്ത്യന്‍ താരവും കേരളക്കാരനുമായ എസ് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കെസിഎ കേരള താരങ്ങളെ പിന്തുണക്കുന്നില്ലെന്നും വളര്‍ച്ചയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നുമടക്കം രൂക്ഷ വിമര്‍ശനമാണ് ശ്രീശാന്ത് ഉയര്‍ത്തിയത്.

ഇപ്പോഴിതാ ശ്രീശാന്തിന് മറുപടിയായി കെസിഎ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് വലിയ ചര്‍ച്ചക്ക് വഴി തുറന്നിരിക്കുകയാണ്. കെസിഎയുടെ വിമര്‍ശനത്തെക്കുറിച്ച് ശ്രീശാന്ത് മൈഖേല്‍ മലയാളത്തോട് പ്രതികരിച്ചു. കെസിഎ താരങ്ങളെ പിന്തുണക്കാതെ പ്രതികരണങ്ങളെ വിമര്‍ശിക്കുകയല്ല വേണ്ടതെന്നാണ് മുന്‍ പേസര്‍ പറഞ്ഞത്.

ശ്രീശാന്ത് ഇപ്പോഴും വാതുവെപ്പുകാരനെന്ന് കെസിഎ

ശ്രീശാന്ത് ഒത്തുകളി കേസില്‍ വിലക്ക് നേരിട്ട താരമാണ്. എന്നാല്‍ ദീര്‍ഘ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ശ്രീശാന്ത് കുറ്റ വിമുക്തനാക്കപ്പെട്ടിരുന്നു. എന്നാല്‍ സഞ്ജുവിനെ പിന്തുണക്കാനെത്തിയ ശ്രീശാന്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാര്‍ത്താ കുറിപ്പാണ് കെസിഎ പുറത്തുവിട്ടിരിക്കുന്നത്. വാതുവെപ്പുകാരനായ ശ്രീശാന്തിന് കേരളത്തിന്റെ താരങ്ങളെ പിന്തുണക്കാന്‍ അവകാശമില്ലെന്നാണ് കെസിഎ പറയുന്നത്.

'കേരള ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളെ എന്നും പിന്തുണച്ചിട്ടുണ്ട്. വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ജയിലില്‍ കഴിയുമ്പോഴും കെസിഎ ഭാരവാഹികള്‍ ശ്രീശാന്തിനെ കാണുകയും പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. വാതുവെപ്പ് ആരോപണം ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് ബിസിസി ഐ സഞ്ജുവിനെ വിലക്കിയത്. ആജീവനത വിലക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി കുറക്കുകയായിരുന്നു.

കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്തെകിലും വാതുവെപ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തില്‍ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല' എന്നാണ് കെസിഎ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നത്.

sreesanth

കെസിഎ സഞ്ജുവിനെ എപ്പോഴും പിന്തുണച്ചു

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്തുണച്ചില്ലെന്നത് വാസ്തവ വിരുദ്ധമാണ്. കെസിഎ എപ്പോഴും സഞ്ജുവിനെ പിന്തുണച്ചിട്ടുണ്ട്. സഞ്ജുവിന് ശേഷം ഇന്ത്യന്‍ ടീമിലേക്കെത്തിയ കേരള താരങ്ങള്‍ ആരൊക്കെയാണെന്ന ശ്രീശാന്തിന്റെ ചോദ്യം അപ്രസക്തമാണ്. മിന്നു മണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളും അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ജോഷിതെ വിജെ തുടങ്ങിയവരെല്ലാം കേരള താരങ്ങളാണ്.

ഇവരെല്ലാം ഇന്ത്യക്കായി കളിക്കുന്നത് കാണാത്തത് ശ്രീശാന്തിന്റെ പിഴവാണ്. കെസിഎയെക്കുറിച്ച് ശ്രീശാന്തിന് വേണ്ടത്ര അറിവില്ല. അച്ചടക്ക ലംഘനം ആര് നടത്തിയാലും അനുവദിക്കാനാവില്ല. കെസിഎയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കെസിഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബിസിസി ഐ ശ്രീശാന്തിന്റെ വിലക്ക് നീക്കിയപ്പോള്‍ രഞ്ജി ട്രോഫി കളിക്കാന്‍ കെസിഎ അനുവാദം നല്‍കിയെന്നും എത്ര അസോസിയേഷനുകള്‍ ഇത് ചെയ്യുമെന്നും കെസിഎ വൃത്തങ്ങള്‍ ചോദിക്കുന്നു.

പ്രതികരിച്ച് ശ്രീശാന്ത്

കെസിഎയുടെ വാര്‍ത്താക്കുറിപ്പ് വൈറലായതോടെ പ്രതികരണവുമായി ശ്രീശാന്ത് രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം നാട്ടിലെ കളിക്കാരെ പിന്തുണക്കാതെ പ്രതികരണങ്ങളെ വിമര്‍ശിക്കുന്ന കെസിഎയുടെ നിലപാടിനോട് ഒന്നും പറയാനില്ലെന്നാണ് ശ്രീശാന്ത് പറഞ്ഞത്. സഞ്ജുവിനെ പിന്തുണച്ചതിന്റെ പേരിലാണ് കെസിഎ ഇപ്പോള്‍ ശ്രീശാന്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. എന്തായാലും വാര്‍ത്താക്കുറിപ്പിന് പിന്നാലെ കെസിഎക്കെതിരേ ആരാധകരുടെ വിമര്‍ശനം ശക്തമാവുകയാണ്.

കെസിഎക്കെതിരേ വിമര്‍ശനം ശക്തം

ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ ഭാഗമായിട്ടുള്ള താരമാണ് ശ്രീശാന്ത്. ഇന്ത്യ ടി20 ലോകകപ്പും ഏകദിന ലോകകപ്പും എംഎസ് ധോണിക്ക് കീഴില്‍ നേടുമ്പോള്‍ ടീമിന്റെ പേസ് നിരയില്‍ മലയാളിയായ ശ്രീശാന്തുണ്ടായിരുന്നു. വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും കെസിഎ ശ്രീശാന്തിനെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയാണ്. കെസിഎ ഭാരവാഹികള്‍ താരങ്ങളോട് ഈഗോ തീര്‍ക്കുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. എന്തായാലും കെസിഎയുടെ വാര്‍ത്താ കുറിപ്പ് ഇതിനോടകം വലിയ ചര്‍ച്ചക്കാണ് വഴി തുറന്നിരിക്കുന്നത്.

Story first published: Friday, February 7, 2025, 15:19 [IST]
Other articles published on Feb 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+