വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കവെ മിന്നും പ്രകടനവുമായി കൈയടി നേടുകയാണ് മലയാളി താരമായ കരുണ്‍ നായര്‍. കര്‍ണാടകക്കാരനായ കരുണ്‍ നായര്‍ക്ക് കേരളത്തിലും കുടുംബ വേരുകളുണ്ട്. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമായി റെക്കോഡിടാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് ടീമില്‍ നിന്ന് തഴയപ്പെട്ട കരുണ്‍ നായര്‍ക്ക് തിരിച്ചുവരവിനുള്ള അവസരം സെലക്ടര്‍മാര്‍ നല്‍കിയില്ല.
ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് കരുണ്‍ നായര്‍. കളിച്ച നാല് മത്സരത്തില്‍ മൂന്നിലും സെഞ്ച്വറിയോടെ മിന്നിച്ച കരുണ്‍ നാല് മത്സരത്തിലും പുറത്താവാതെ നിന്നു. ഇന്ത്യന്‍ ടീമിലേക്ക് കരുണിന്റെ തിരിച്ചുവരവ് പ്രയാസമാണെങ്കിലും മിന്നും പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കുകയാണ് കരുണ്‍ നായര്‍. എന്തായാലും താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം അതി ഗംഭീരമാണെന്ന് പറയാം.
വിദര്‍ഭയും കരുണും മിന്നിക്കുന്നു
ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് വിദര്‍ഭ മിന്നിക്കുന്നത്. കരുണ്‍ നായരുടെ മിന്നും ഫോമാണ് വിദര്‍ഭയുടെ വിജയക്കുതിപ്പില്‍ കരുത്താവുന്നത്. ജമ്മു കശ്മീരിനെതിരേ പുറത്താവാതെ 112 റണ്‍സടിച്ച കരുണ്‍ ചത്തീസ്ഗഢിനെതിരേ പുറത്താവാതെ 163 റണ്‍സാണ് അടിച്ചെടുത്തത്. അവസാന മത്സരത്തില്‍ തമിഴ്‌നാടിനേയും വിദര്‍ഭ തറ പറ്റിച്ചു. നായകന്‍ കൂടിയായ കരുണ്‍ 103 പന്തില്‍ 14 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് 111 റണ്‍സോടെ പുറത്താവാതെ നിന്നത്. തമിഴ്‌നാടിന്റെ ശക്തമായ ബൗളിങ് നിരക്കെതിരേ സര്‍വാധിപത്യ ബാറ്റിങ്ങാണ് കരുണ്‍ കാഴ്ചവെച്ചത്.
ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന കരുണിന് ഇതേ മികവ് വരുന്ന മത്സരങ്ങളിലും തുടരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ആദ്യത്തെ നാല് മത്സരത്തിലെ കരുണിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് സഹായിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇപ്പോള്‍ അദ്ദേഹം കാഴ്ചവെക്കുന്നത്. ഇതേ ഫോമില്‍ സ്ഥിരതയോടെ മിന്നിക്കാന്‍ കരുണിന് സാധിക്കുമോയെന്നത് കണ്ടറിയണം.

ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് വിളിയെത്തുമോ?
ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്. എന്നാല്‍ കരുണ്‍ നായര്‍ ഇതേ മികവ് തുടര്‍ന്നാലും ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്. മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കവെ വര്‍ഷങ്ങള്‍ക്ക് ശേഷം കരുണ്‍ നായരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറാകില്ലെന്ന കാര്യം ഉറപ്പാണ്. ഇന്ത്യക്കായി മിന്നിക്കാന്‍ പല യുവ സൂപ്പര്‍ താരങ്ങളും കാത്തിരിക്കുകയാണ്.
തിലക് വര്‍മ, ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങി പരിഗണിക്കാന്‍ സാധിക്കുന്ന പല യുവതാരങ്ങളുമുണ്ട്. ഇവരെയെല്ലാം മറികടന്ന് കരുണ്‍ നായരെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരാന്‍ സാധ്യത കുറവാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാവാന്‍ കരുണിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രകടനങ്ങള്‍ക്കൊണ്ട് ഐപിഎല്ലില്‍ ഡല്‍ഹിയുടെ പ്ലേയിങ് 11ലേക്കെത്താന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചേക്കും.
കരുണ്‍ നായര്‍ ഇന്ത്യക്കായി കളിച്ചത് 8 മത്സരം
കരുണ്‍ നായര്‍ ഇന്ത്യക്കായി എട്ട് മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ആറ് ടെസ്റ്റില്‍ നിന്നായി 374 റണ്‍സാണ് കരുണ്‍ നേടിയത്. 303 റണ്‍സാണ് കരുണിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് ഏകദിനത്തില്‍ നിന്ന് 46 റണ്‍സും കരുണ്‍ നേടിയിട്ടുണ്ട്. 76 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 1496 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. 33കാരനായ കരുണ്‍ നായര്‍ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ സ്ഥിരതയാണ് പ്രധാന പ്രശ്‌നം. എന്തായാലും കരുണിന് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാവില്ല. തിരിച്ചുവരാന്‍ താരത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.