അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ റണ്‍മല പടുത്തുയര്‍ത്തി ചരിത്രം കുറിച്ചിരിക്കുകയാണ് കര്‍ണാടക താരം പ്രകാര്‍ ചതുര്‍വേദി. മുംബൈയ്‌ക്കെതിരേ പുറത്താവാതെ 404 റണ്‍സ് വാരിക്കൂട്ടിയാണ് പ്രകാര്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 638 ബോളുകള്‍ നേരിട്ട യുവതാരത്തിന്റെ ഇന്നിങ്‌സില്‍ 46 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 400 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ താരമായും പ്രകാര്‍ മാറിയിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ മാത്രമേ നേരത്തേ 400 റണ്‍സെന്ന മാന്ത്രിക സംഖ്യയിലെത്തിയിട്ടുള്ളൂ. ഇപ്പോള്‍ പ്രകാര്‍ അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ ഈ അപൂര്‍വ്വ നേട്ടത്തിലെത്തിയിരിക്കുകയാണ്. താരത്തിന്റെ മാരത്തണ്‍ ഇന്നിങ്‌സിന്റെ മികവില്‍ കര്‍ണാടക ഒന്നാമിന്നിങ്‌സില്‍ 9 വിക്കറ്റിനു 890 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ മുംബൈ 380 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ആയുഷ് മാത്രെയുടെ (145) സെഞ്ച്വറിയാണ് മുംബൈയ്ക്കു കരുത്തായത്. തുടര്‍ന്നായിരുന്നു പ്രകാറിന്റെ അവിശ്വസനീയ ബാറ്റിങില്‍ കര്‍ണാടകയുടെ ഗംഭീര മറുപടി. 510 റണ്‍സിന്റെ കൂറ്റന്‍ ഒന്നാമിന്നിങ്‌സ് ലീഡും ഇതോടെ അവര്‍ കൈക്കലാക്കി.
നാലാമത്തെയും അവസാനത്തെയും ദിനം കര്‍ണാടക ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനു പിന്നാലെ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ നേടിയ മികച്ച ലീഡിന്റെ കരുത്തില്‍ കര്‍ണാടക ചാംപ്യന്‍മാരാവുകയും ചെയ്തു.
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്തും ടൂര്‍ണമെന്റില്‍ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു. അഞ്ചാം നമ്പറിലാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ സമിത് ബാറ്റ് ചെയ്തത്. 46 ബോളില്‍ 22 റണ്‍സ് താരം നേടുകയും ചെയ്തു. ബൗളിങിലും സമിത് മോശമാക്കിയില്ല. രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.
പ്രകാറിനെക്കൂടാതെ കര്‍ണാടകയുടെ മറ്റൊരു പ്രധാന സ്‌കോറര്‍ ഹര്‍ഷില്‍ ധര്‍മാനിയായിരുന്നു. 228 ബോളില്‍ 19 ഫോറും അഞ്ചു സിക്‌സറുമടക്കം 169 റണ്‍സ് താരം അടിച്ചെടുക്കുകയും ചെയ്തു. രണ്ടാം വിക്കറ്റില്‍ പ്രകാര്‍- ഹര്‍ഷില്‍ സഖ്യം 290 റണ്‍സ് കര്‍ണാടക സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.
കൂടാതെ അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ എന്‍ സമര്‍ഥിനൊപ്പം 163 റണ്‍സും പ്രകാര്‍ ടീം സ്‌കോറിലേക്കു ചേര്‍ത്തു. പ്രകാര്‍ 400 റണ്‍സ് പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് കര്‍ണാടക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.