
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാട ജേതാക്കളായി. മഴ വില്ലനായ കലാശക്കളിയില്‍ മുന്‍ ചാംപ്യന്‍മാരായ തമിഴ്‌നാടിനെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം കര്‍ണാടക 60 റണ്‍സിനു കെട്ടുകെട്ടിക്കുകയായിരുന്നു. തമിഴ്‌നാട് നല്‍കിയ 253 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കര്‍ണാടക 23 ഓവറില്‍ ഒരു വിക്കറ്റിന് 146 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. തുടര്‍ന്നു തടസ്സപ്പെട്ട കളി പിന്നീട് പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു മഴനിയമം നടപ്പാക്കിയതോടെ കര്‍ണാടക വിജയികളാവുകയായിരുന്നു. കര്‍ണാടകയുടെ നാലാം കിരീടനേട്ടമാണിത്. ഇതോടെ തമിഴ്‌നാടിന്റെ ഓള്‍ടൈം റെക്കോര്‍ഡായ അഞ്ചു കിരീടങ്ങളെന്ന നേട്ടത്തിന് ഒരുപടി കൂടി അടുക്കാനും കര്‍ണാടകയ്ക്കു കഴിഞ്ഞു.
ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാളും (69*) ലോകേഷ് രാഹുലുമായിരുന്നു (52*) മഴയെ തുടര്‍ന്ന് കര്‍ണാടകയുടെ ഇന്നിങ്‌സ് തടസ്സപ്പെടുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. 55 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണണ് മായങ്ക് 69 റണ്‍സ് അടിച്ചെടുത്തതെങ്കില്‍ 72 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് രാഹുല്‍ 52 റണ്‍സ് നേടിയത്.
ആദ്യംബാറ്റ് ചെയ്ത തമിഴ്‌നാടിനെ കര്‍ണാടക ഒരു പന്ത് ബാക്കിനില്‍ക്കെ 252ന് പുറത്താക്കി. ഹാട്രിക്കുള്‍പ്പെടെ അഞ്ചു വിക്കറ്റെടുത്ത അഭിമന്യു മിഥുന്റെ ഉജ്ജ്വല പ്രകടനമാണ് തമിഴ്‌നാടിനെ വമ്പന്‍ സ്‌കോറില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. ഓപ്പണര്‍ അഭിനവ് മുകുന്ദ് (85), ബാബ അപരിജിത് (66), വിജയ് ശങ്കര്‍ (38) എന്നിവരുടെ ഇന്നിങ്‌സുകളാണ് തമിഴ്‌നാടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 110 പന്തില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് മുകുന്ദ് ടീമിന്റെ ടോപ്‌സ്‌കോററായത്. അപരിജിത് 84 പന്തില്‍ ഏഴു ബൗണ്ടറികള്‍ നേടി.
ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (11), മുരളി വിജയ് (0) എന്നിവര്‍ക്കു തിളങ്ങാനായില്ല. മൂന്നാമനായി ബാറ്റ് ചെയ്യാനെത്തിയ ആര്‍ അശ്വിന്‍ എട്ടു റണ്‍സിന് പുറത്താവുകയായിരുന്നു. 9.5 ഓവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മിഥുന്‍ അഞ്ചു പേരെ പുറത്താക്കിയത്. വി കൗശിക്ക് രണ്ടു വിക്കറ്റെടുത്തു. ഈ മല്‍സരത്തിലെ ഹാട്രിക്കോടെ ചില നേട്ടങ്ങള്‍ക്കു മിഥുന്‍ അവകാശിയായി. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഹാട്രിക് നേടിയ ആദ്യ താരമായി മാറിയ മിഥുന്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ കര്‍ണാടകയുടെ ആദ്യ ഹാട്രിക്ക് ഹീറോ കൂടിയാണ്.
മറുപടി ബാറ്റിങില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ (11) തുടക്കത്തില്‍ നഷ്ടമായെങ്കിലം ദേശീയ താരങ്ങളായ മായങ്ക് അഗര്‍വാളും ലോകേഷ് രാഹുലും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു