Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സൂപ്പറാണ്, പക്ഷെ ഒരു പ്രശ്‌നം! കരിയര്‍ രക്ഷിക്കാന്‍ വഴി ഉപദേശിച്ച് കപില്‍

ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ പാടുപെടുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച വൈറ്റ് ബോള്‍ പരമ്പരകളിലാണ് സഞ്ജുവിനെ അവസാനമായി ദേശീയ ടീമില്‍ കണ്ടത്.

ഏകദിന പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും 30 ശരാശരിയില്‍ 60 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റിയടക്കമായിരുന്നു ഇത്. പക്ഷെ ടി20 പരമ്പരയില്‍ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ചു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്ന അദ്ദേഹത്തിനു മൂന്നു കളിയിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ 10.66 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് 32 റണ്‍സ് മാത്രമാണ്.

SANJU SAMSON

ഇനി അയര്‍ലാന്‍ഡുമായി മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. 28 കാരനായ താരത്തിന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ പരമ്പര കൂടിയായിരിക്കും ഇത്. ഈ പരമ്പരയിലും ഫ്‌ളോപ്പായി മാറിയാല്‍ പിന്നെ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നിലനിര്‍ത്തുക കടുപ്പമായിരിക്കും. കൂടാതെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള ടീമുകളില്‍ നിന്നു തഴയപ്പെടുകയും ചെയ്യും.

കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ അതിഥിയായി എത്തിയപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിനെക്കുറിച്ചും വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും കപില്‍ സംസാരിച്ചത്.

സഞ്ജു സാംസണിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ല. ഇന്ത്യന്‍ ടീമിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. സഞ്ജു മികച്ച കളിക്കാരനും പ്രതിഭയുമാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ അദ്ദേഹം സ്വയം കൂടുതല്‍ അപ്ലൈ ചെയ്യേണ്ടത് ആവശ്യമാണെന്നു കപില്‍ ഉപദേശിക്കുന്നു.

വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് കപിലിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ത്യ ആദ്യം ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് സെമി ഫൈനലിലെത്തട്ടെ. അതിനു ശേഷം എന്തും സാധ്യമാണ്. സെമി മുതല്‍ ഭാഗ്യം കൂടി നിങ്ങള്‍ക്കൊപ്പം വേണ്ടത് ആവശ്യമാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടോപ്പ് ഫോറില്‍ എത്തുകയെന്നതാണെന്നും കപില്‍ വ്യക്തമാക്കി.

അതേസമയം, ലോകോത്തര താരമാവാനുള്ള പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ അതു പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സഞ്ജു നേരിടുന്ന പ്രധാന വെല്ലുവിളി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടി20യേക്കാള്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനു ഏകദിനത്തിലുള്ളത്. 55 എന്ന മികച്ച ശരാശരി സഞ്ജുവിന് ഈ ഫോര്‍മാറ്റിലുണ്ട്. പക്ഷെ വെറും 13 ഇന്നിങ്‌സുകളില്‍ മാത്രമേ ഏകദിനത്തില്‍ താരം കളിച്ചിട്ടുള്ളൂ.

SANJU SAMSON

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 51 റണ്‍സുമായി സഞ്ജു കസറിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതരേ നാലു സിക്‌സറുകളും അദ്ദേഹം പായിച്ചിരുന്നു. പക്ഷെ തുടര്‍ന്നുള്ള ടി20 പരമ്പരയില്‍ തന്റെ കഴിവ് പുറത്തെടുക്കുന്നതില്‍ സഞ്ജു ദയനീയമായി പരാജയപ്പെട്ടു. 12, 7, 13 എന്നിങ്ങനെയായിരുന്നു മൂന്നു ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.

ടി20യില്‍ സഞ്ജുവിന്റെ ഫേവറിറ്റ് എതിരാളികളിലൊന്നാണ് അയര്‍ലാന്‍ഡ്. അതുകൊണ്ടു തന്നെ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ശുഭാപ്തി പ്രതീക്ഷയിലാണ് താരം. കഴിഞ്ഞ വര്‍ഷം അയര്‍ലാന്‍ഡില്‍ ഇന്ത്യ രണ്ടു ടി20കളുടെ പരമ്പര കളിച്ചപ്പോള്‍ സഞ്ജു ടീമിന്റെ ഭാഗമായിരുന്നു.

ആദ്യ മല്‍സരത്തില്‍ തഴയപ്പെട്ടെങ്കിലും രണ്ടാമത്തെ കളിയില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചു. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായാണ് സഞ്ജു ഇറങ്ങിയത്. ഇഷാന്‍ പെട്ടെന്നു പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡയ്‌ക്കൊപ്പം വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കരിയര്‍ ബെസ്റ്റ് സ്‌കോറും കന്നി ഫിഫ്റ്റിയുമെല്ലാം സഞ്ജു ഈ മല്‍സരത്തില്‍ കുറിക്കുകയും ചെയ്തിരുന്നു. 77 റണ്‍സാണ് സഞ്ജു അന്നു നേടിയത്. പക്ഷെ ഹൂഡ ഈ കളിയില്‍ സെഞ്ച്വറി നേടിയതോടെ സഞ്ജുവിന്റെ ഇന്നിങ്‌സ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

Story first published: Wednesday, August 16, 2023, 10:37 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+