ക്രിക്കറ്റില്‍ നോബോളെന്നത് ഒരു ബൗളറെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന ഒന്നാണ്. ഒരു നോബോള്‍ മത്സരഫലത്തെ പോലും മാറ്റിമറിക്കുന്ന സംഭവങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുണ്ട്. ക്രീസില്‍ നിന്ന് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ കാല്‍ മുന്നോട്ട് കയറുന്നതിലൂടെയാണ് പ്രധാനമായും നോബോള്‍ വഴങ്ങുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതലുള്ള ബൗണ്‍സിലും നോബോള്‍ വിധിക്കും. നോബോള്‍ വഴങ്ങുന്നത് ബൗളറെയും ടീമിനെയും ഒരുപോലെ തളര്‍ത്തുന്ന കാര്യമാണ്.
എന്നാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു നോബോള് പോലും എറിഞ്ഞിട്ടില്ലാത്ത ചിലരുണ്ട്. അത്ഭുതമെന്ന് തോന്നാമെങ്കിലും ഈ നേട്ടം അഞ്ച് പേര്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ലാന്‍സ് ഗിബ്‌സാണ് ഇതിലൊരാള്‍. 79 ടെസ്റ്റും 3 ഏകദിനവും കളിച്ചിട്ടുള്ള താരം ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യത്തെ സ്പിന്നര്‍ കൂടിയാണ്. മഹത്തായ കരിയറില്‍ ഒരു തവണ പോലും അദ്ദേഹം നോബോളെറിഞ്ഞില്ല.
ഇന്നത്തെ അത്ര സാങ്കേതിക വളര്‍ച്ചയില്ലാതിരുന്ന കാലത്താണ് ലാന്‍സ് ഗിബ്‌സ് കളിച്ചിരുന്നത്. എന്നാല്‍ ഒരു നോബോള് പോലും അദ്ദേഹം എറിഞ്ഞിരുന്നില്ലെന്നത് ബൗളിങ് മികവ് ഉയര്‍ത്തിക്കാട്ടുന്നതാണ്. രണ്ടാമത്തെ താരം ഇയാന്‍ ബോത്തമാണ്. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓള്‍റൗണ്ടറായ ഇയാന്‍ ബോത്തവും കരിയറില്‍ നോബോള്‍ എറിഞ്ഞിട്ടില്ല.
102 ടെസ്റ്റില്‍ നിന്ന് 383 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇതില്‍ 27 അഞ്ച് വിക്കറ്റ് പ്രകടനവും നാല് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 116 ഏകദിനത്തില്‍ നിന്നായി 145 വിക്കറ്റും അദ്ദേഹം വീഴ്ത്തി.
ഇത്രയും മികച്ചതും ദീര്‍ഘവുമായ കരിയറുണ്ടായിട്ടും ഒരു തവണ പോലും അദ്ദേഹം നോബോളെറിഞ്ഞിട്ടില്ലെന്നത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. ടെസ്റ്റില്‍ 5200 റണ്‍സും ഏകദിനത്തില്‍ നിന്ന് 2113 റണ്‍സും നേടിയിട്ടുണ്ട്. 14 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഐതിഹാസിക കരിയര്‍. മുന്‍ പാകിസ്താന്‍ പേസറും ലോകകപ്പ് കിരീടം ചൂടിച്ച നായകനുമായ ഇമ്രാന്‍ ഖാനും നോബോള്‍ എറിഞ്ഞിട്ടില്ല. 88 ടെസ്റ്റില്‍ നിന്ന് 362 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

23 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ആറ് തവണ 10 വിക്കറ്റ് പ്രകടനവും നടത്തി. 175 ഏകദിനത്തില്‍ നിന്നായി 182 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും നോബോളെറിഞ്ഞില്ല. ഏകദിനത്തില്‍ ഒരു തവണയാണ് അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. 1992ലാണ് ഇമ്രാന് കീഴില്‍ പാകിസ്താന്‍ ലോകകപ്പ് നേടിയത്.
ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ ഇമ്രാന് കഴിവുണ്ടായിരുന്നു. വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം പാകിസ്താന്‍ പ്രധാന മന്ത്രിയായിട്ടുണ്ട്.
മുന്‍ ഓസീസ് പേസര്‍ ഡെന്നിസ് ലില്ലിയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. വളരെ അച്ചടക്കത്തോടെ പന്തെറിഞ്ഞിരുന്ന ഡെന്നിസ് ലില്ലി ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. കരിയറില്‍ ഒരു തവണ പോലും അദ്ദേഹം നോബോളെറിഞ്ഞിട്ടില്ല. അത്രത്തോളം കൃത്യതയുള്ള ബൗളര്‍മാരിലൊരാളാണ് ലില്ലി. 70 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റാണ് താരം വീഴ്ത്തിയത്.
23 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരം 7 തവണയാണ് 10 വിക്കറ്റ് പ്രകടനം കാഴ്ചവെച്ചത്. 63 ഏകദിനത്തില്‍ നിന്ന് 103 വിക്കറ്റുകളും ലില്ലിയുടെ പേരിലുണ്ട്.
ഒരിക്കല്‍ പോലും നോബോള്‍ എറിയാതെ കൈയടി നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. അഞ്ചാമത്തെ താരം കപില്‍ ദേവാണ്. ഈ അപൂര്‍വ്വ റെക്കോഡില്‍ പേരുചേര്‍ത്തിട്ടുള്ള ഏക ഇന്ത്യന്‍ ബൗളറാണ് കപില്‍ ദേവ്. പേസ് ഓള്‍റൗണ്ടറായിരുന്ന കപില്‍ ദേവിന് കീഴിലാണ് ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടിയത്.
1983ലായിരുന്നു ഇത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റും 225 ഏകദിനത്തില്‍ നിന്ന് 253 വിക്കറ്റും കപില്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും നോബോളെറിഞ്ഞിട്ടില്ല.