പന്തിനു പിന്തുണയേറുന്നു... വീഴ്ച ചൂണ്ടിക്കാട്ടി കപില്‍, തന്റെ തുടക്കം സമാനമെന്ന് സെവാഗ്
ദില്ലി: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നത്. എംഎസ് ധോണിയുടെ പകരക്കാരനായി ദേശീയ ടീമിലെത്തിയ പന്ത് പക്ഷെ ഈ റോളില്‍ തിളങ്ങാനാവാതെ പാടുപെടുകയാണ്. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളാണ് പന്ത് നേരിടുന്നത്. താരത്തെ ടീമില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യങ്ങളുയര്‍ന്നു കഴിഞ്ഞു.
ഇതിനിടെ പന്തിനു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപില്‍ ദേവും മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും. ഏതൊക്കെ മേഖലയിലാണ് പന്ത് കൂടുതല്‍ മെച്ചപ്പെടേണ്ടതെന്നും കപില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്തിനാണ് തിടുക്കം?
ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ പന്തിന് എന്തിനാണ് ഇത്ര തിടുക്കമെന്നു കപില്‍ ചോദിക്കുന്നു. പന്ത് ബാറ്റില്‍ വന്ന് പതിക്കുന്നതിന്റെ സൗന്ദര്യം അറിയാന്‍ പന്ത് ശ്രമിക്കണം. എന്തിനാണ് ഇത്ര തിടുക്കത്തില്‍ ഷോട്ട് കളിക്കുന്നത്. പന്തിന് നല്ല കഴിവുണ്ട്. ഇനി ക്ഷമയുടെ കാര്യത്തിലാണ് താരം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും കപില്‍ നിര്‍ദേശിച്ചു.
വിജയവും പരാജയവും തമ്മിലുള്ള നേര്‍ത്ത വരയുടെ വ്യത്യാസം മാത്രമേയുള്ളൂ. ബോളിനെ നന്നായി കണക്ട് ചെയ്താല്‍ ബാറ്റ്‌സ്മാന്‍ ഹീറോയാവും. മറിച്ചാണെങ്കില്‍ അതു ബാറ്റ്‌സ്മാന് ശിക്ഷയുമാവും. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. നിര്‍ണായക സമയത്തു ഉചിതമായ തീരുമാനമെടുക്കുകയെന്നതാണ് വലിയ വെല്ലുവിളിയെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

താനും ഇതുപോലെ തന്നെ
കരിയറിന്റെ തുടക്കത്തില്‍ താനും പന്തിനെപ്പോലെയായിരുന്നുവെന്ന് സെവാഗ് വ്യക്തമാക്കി. ആദ്യത്തെ 20 ഇന്നിങ്‌സുകളില്‍ റണ്‍സെടുക്കാന്‍ ശരിക്കും വിഷമിച്ചിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണ തന്റെ ആത്മവിശ്വാസമുയര്‍ത്തിയതായും ഇതാണ് ശക്തമായ തിരിച്ചുവരവിനു സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ശൈലി മാറ്റാതെ തന്നെയാണ് അന്നു താന്‍ കളി തുടര്‍ന്നത്. ഇതിനു സഹായിച്ചത് ടീം മാനേജ്‌മെന്റ് നല്‍കിയ പിന്തുണയാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിക്കണം
എംഎസ് ധോണിയെപ്പോലെ നന്നായി പെര്‍ഫോം ചെയ്യുന്ന താരമായി മാറാന്‍ പന്ത് ശ്രമിക്കണമെന്നു സെവാഗ് ആവശ്യപ്പെട്ടു. ഇതിനു വേണ്ടി ഷോട്ട് സെലക്ഷനില്‍ പന്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല പ്രതിഭയുള്ള താരമാണ് പന്ത്. ഷോട്ട് സെലക്ഷന്റെ കാര്യത്തില്‍ ഒന്നു ശ്രദ്ധിക്കുകയാണെങ്കില്‍ അടുത്ത 15 വര്‍ഷത്തേക്കു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ പന്തിനു കഴിയുമെന്നും സെവാഗ് വിശദമാക്കി.

ടെസ്റ്റില്‍ മികച്ച പ്രകടനം
ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത് മികച്ച പ്രകടനമാണ് ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിശ്ചിത ഓവര്‍ മല്‍സരങ്ങളിലാണ് താരത്തിനു സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതിരിക്കുന്നത്.
ടെസ്റ്റില്‍ 10 മല്‍സരങ്ങളില്‍ നിന്നും 44.35 ശരാശരിയില്‍ 754 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. എന്നാല്‍ 12 ഏകദിനങ്ങളില്‍ നിന്നും 229ഉം 20 ട്വന്റി20 മല്‍സരങ്ങളില്‍ നിന്നും 325ഉം റണ്‍സേ താരം നേടിയിട്ടുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications