Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്ലിയോളമെത്തില്ല ആരും, ഫാബ് 4ലെ റണ്‍ ചേസ് കിങ്! കോലിയും സ്മിത്തും വട്ടപൂജ്യം

ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫോറില്‍ റണ്‍ചേസിലെ കേമന്‍ താന്‍ തന്നെയാണെന്നു മറ്റൊരു കിടിലന്‍ ഇന്നിങ്‌സുമായി തെളിയിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസണ്‍. വില്ലിയെക്കൂടാതെ ഇന്ത്യന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി, ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബുലസ് ഫോറിലെ താരങ്ങള്‍. ഇവരില്‍ മറ്റുള്ള മൂന്നു പേരെയും നിഷ്പ്രഭരാക്കി മുന്നേറുകയാണ് വില്ല്യംസണ്‍.

വിജയകരമായ റണ്‍ചേസില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയവരെയെടുത്താല്‍ വില്ല്യംസണാണ് കിങെന്നു കാണാം. രണ്ടാമിന്നിങ്‌സില്‍ ടീം ചേസ് ചെയ്തു ജയിച്ച ടെസ്റ്റുകളില്‍ അദ്ദേഹം ഇതിനകം നേടിയിരിക്കുന്നത് നാലു സെഞ്ച്വറികളാണ്. ഇന്നു സൗത്താഫ്രിക്കയെ കിവികള്‍ ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ട ടെസ്റ്റിലായിരുന്നു വില്ലിയുടെ നാലാം സെഞ്ച്വറി പിറന്നത്. പുറത്താവാതെ 133 റണ്‍സാണ് അദ്ദേഹം കുറിച്ചത്.

KANE WILLIAMSON

ഫാബ് ഫോറില്‍ ഇക്കാര്യത്തില്‍ വില്ല്യംസണിനോളം കേമന്‍ ആരുമില്ലെന്നു തന്നെ കാണാം. നാലു സെഞ്ച്വറികളുമായി അദ്ദേഹം ഏറെ മുന്നില്‍ നില്‍ക്കുമ്പോള്‍ തൊട്ടു പിറകിലുള്ളത് റൂട്ടാണ്. വിജയകരമായ റണ്‍ചേസില്‍ അദ്ദേഹം രണ്ടു സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനു വേണ്ടി നേടിയത്. പക്ഷെ ഇക്കാര്യത്തില്‍ കോലിയും സ്മിത്തും വെറും വട്ടപ്പൂജ്യമാണെന്നതാണ് സത്യം. കാരണം ടീം ജയിച്ച റണ്‍ചേസില്‍ രണ്ടാമിന്നിങ്‌സില്‍ ഒരു സെഞ്ച്വറി പോലും രണ്ടു പേര്‍ക്കും ഇനിയും എടുത്തു കാണിക്കാനില്ല.

അതേസമയം, ടെസ്റ്റ് കരിയറെടുത്താല്‍ 32 സെഞ്ച്വറികളാണ് വില്ല്യംസണ്‍ ഇതിനകം അടിച്ചെടുത്തിരിക്കുന്നത്. 98 ടെസ്റ്റുകളില്‍ നിന്നും 55.91 എന്ന മികച്ച ശരാശരിയില്‍ 8666 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 32 സെഞ്ച്വറികള്‍ കൂടാതെ ആറു ഡബിള്‍ സെഞ്ച്വറികളും 33 ഫിഫ്റ്റികളും വില്ലി തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

വിജയകരമായ റണ്‍ചേസില്‍ ഒറ്റ സെഞ്ച്വറി പോലുമില്ലെങ്കിലും ടെസ്റ്റിലെ സെഞ്ച്വറി വേട്ടയില്‍ വിരാട് കോലി അത്ര പിന്നിലല്ല. 113 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം നേടിയത് 29 സെഞ്ച്വറികളാണ്. കൂടാതെ ഏഴു ഡബിള്‍ സെഞ്ച്വറികളും 30 ഫിഫ്റ്റികളുമടക്കം 8848 റണ്‍സും കോലിയുടെ അക്കൗണ്ടിലുണ്ട്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 254 റണ്‍സാണ്.

ജോ റൂട്ടിലേക്കു വന്നാല്‍ ടെസ്റ്റ് സെഞ്ച്വറികളുടെ കാര്യത്തില്‍ കോലിയേക്കാള്‍ മുന്നിലാണെന്നു കാണാം. 138 ടെസ്റ്റുകളില്‍ നിന്നും റൂട്ട് നേടിയിരിക്കുന്നത് 30 സെഞ്ച്വറികളാണ്. 49.65 ശരാശരിയില്‍ 11,468 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 30 സെഞ്ച്വറികള്‍ക്കൊപ്പം അഞ്ചു ഡബിള്‍ സെഞ്ച്വറികളും 60 ഫിഫ്റ്റികളും ടെസ്റ്റില്‍ റൂട്ട് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

ഫാബ് ഫോറിലെ നാലാമത്തെ അംഗമായ സ്മിത്ത് ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇപ്പോള്‍ വില്ല്യംസണിനൊപ്പം നില്‍ക്കുകയാണ്. 32 സെഞ്ച്വറികള്‍ 107 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തു. 58.04 ശരാശരിയില്‍ 9634 റണ്‍സാണ് സ്മിത്തിന്റെ അക്കൗണ്ടിലുള്ളത്. 32 സെഞ്ച്വറികള്‍ക്കൊപ്പം നാലു ഡബിള്‍ സെഞ്ച്വറികളും 42 ഫിഫ്റ്റികളും സ്മിത്ത് നേടുകയും ചെയ്തു.

തൂത്തുവാരി ന്യൂസിലാന്‍ഡ്

ഹാമില്‍റ്റണ്‍: രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നേടിയ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ സൗത്താഫ്രിക്കയുമായുള്ള പരമ്പര ന്യൂസിലാന്‍ഡ് 2-0നു തൂത്തുവാരിയിരിക്കുകയാണ്.

നേരത്തേ ആദ്യ ടെസ്റ്റില്‍ വില്ലിയും സംഘവും 281 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമാക്കിയിരുന്നു. മുന്‍നിര താരങ്ങളില്ലാതെ നീല്‍ ബ്രാന്‍ഡിനു കീഴില്‍ യുവനിരയെയാണ് സൗത്താഫ്രിക്ക പരീക്ഷിച്ചത്. ഇതോടെ ന്യൂസിലാന്‍ഡിനു കാര്യങ്ങള്‍ എളുപ്പമായി മാറുകയും ചെയ്തു.

Story first published: Friday, February 16, 2024, 12:50 [IST]
Other articles published on Feb 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+