കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് പുതിയ പ്രതീക്ഷ നല്‍കി വളര്‍ന്നുവരികയാണ് കമിന്‍ഡു മെന്‍ഡിസ്. ചുരുങ്ങിയ കാലംകൊണ്ട് ബാറ്റുകൊണ്ട് വിസ്മയിപ്പിക്കാന്‍ കമിന്‍ഡു മെന്‍ഡിസിന് സാധിച്ചിരിക്കുകയാണ്. 25കാരനായ കമിന്‍ഡു മെന്‍ഡിസ് വെറും 13 ഇന്നിങ്‌സില്‍ നിന്ന് നേടിയത് അഞ്ച് സെഞ്ച്വറിയാണ്. ഇതില്‍ രണ്ട് സെഞ്ച്വറി ബ്ലംഗ്ലാദേശിനെതിരെയാണെങ്കില്‍ രണ്ട് സെഞ്ച്വറികള്‍ ന്യൂസീലന്‍ഡിനെതിരേയാണ് നേടിയത്. ഒരു തവണ ഇംഗ്ലണ്ടിനെതിരേയും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായി.
സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് ചുരുങ്ങിയ കാലംകൊണ്ട് എല്ലാവരുടേയും കൈയടി നേടിയെടുക്കാന്‍ ശ്രീലങ്കന്‍ താരത്തിനാവുന്നു. വലിയൊരു ഇടവേളക്ക് ശേഷമാണ് ശ്രീലങ്കയില്‍ നിന്ന് ഇത്തരമൊരു താരം മികച്ച പ്രകടനങ്ങളോടെ കൈയടി നേടുന്നത്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള കമിന്‍ഡു കളിച്ച എട്ട് മത്സരത്തിലും തുടര്‍ച്ചയായി 50ലധികം റണ്‍സ് നേടിയിരിക്കുകയാണ്. അധികമാര്‍ക്കും നേടാനാവാത്ത ചരിത്ര നേട്ടമാണിതെന്ന് പറയാം.
കണക്കുകള്‍ അത്ഭുതപ്പെടുത്തും
കമിന്‍ഡു മെന്‍ഡിസിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ വര്‍ഷം ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി മാറുന്ന നിലയിലേക്കാണ് കമിന്‍ഡു ബാറ്റ് വീശുന്നത്. 12 ഇന്നിങ്‌സ് ബാറ്റ് ചെയ്ത ശേഷമുള്ള താരത്തിന്റെ കണക്കുകള്‍ 86.5 ശരാശരിയില്‍ 865 റണ്‍സാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരമായി നിലവിലുള്ളത് മെന്‍ഡിസാണ്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ട് 20 ഇന്നിങ്‌സില്‍ നിന്ന് നാല് സെഞ്ച്വറികളാണ് നേടിയത്.
986 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ റൂട്ടാണ് മുന്നിലുള്ളത്. ഇംഗ്ലണ്ടിന്റെ ഒലി പോപ്പ് 20 ഇന്നിങ്‌സില്‍ നിന്ന് 745 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ച്വറി അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യയുടെ ശുബ്മാന്‍ ഗില്‍ 13 മത്സരത്തില്‍ നിന്ന് 617 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ന്യൂസീലന്‍ഡിന്റെ കെയന്‍ വില്യംസന്‍ 10 ഇന്നിങ്‌സില്‍ നിന്ന് 565 റണ്‍സും നേടി. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും.

സ്ഥിരതകൊണ്ട് ഞെട്ടിക്കുന്നു
കമിന്‍ഡു മെന്‍ഡിസിന്റെ സ്ഥിരതയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നീ വമ്പന്മാരുടെ ബൗളര്‍മാര്‍ക്കെതിരേ കളിച്ച് മികവ് കാട്ടാന്‍ കമിന്‍ഡു മെന്‍ഡിസിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇത് അസാധ്യ പ്രതിഭകള്‍ക്ക് സാധിക്കുന്ന താരമാണ്. ഓസ്‌ട്രേലിയക്കെതിരേ 61 റണ്‍സ്, ബംഗ്ലാദേശിനെതിരേ 102, 164, 92*, ഇംഗ്ലണ്ടിനെതിരേ 113, 74, ന്യൂസീലന്‍ഡിനെതിരേ 114, 100* കടന്ന് മുന്നോട്ട് പോകുന്നു.
ഇത്തരത്തില്‍ വമ്പന്‍ കളിക്കണക്കുകളാണ് താരം നേടിയിരിക്കുന്നത്. 25കാരനായ താരം കടന്നാക്രമിച്ച് കളിക്കുന്ന താരമല്ല. മനോഹരമായ ടെസ്റ്റ് ശൈലിയിലാണ് അദ്ദേഹത്തിന്റെ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. ഭയമില്ലാതെ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ന്യൂസീലന്‍ഡിന്റെ ബൗളിങ് നിര അതി ശക്തമാണ്. അവരെ അനായാസം നേരിട്ട് കളിക്കാന്‍ കമിന്‍ഡു മെന്‍ഡിസിനാവുന്നു. വലിയ കരിയറിലേക്ക് താരം വളരുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ശ്രീലങ്ക ശക്തമായ നിലയില്‍
ന്യൂസീലന്‍ഡിനെതിരേ ശ്രീലങ്ക ശക്തമായ നിലയിലാണ്. രണ്ടാം ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 512 റണ്‍സെന്ന നിലയിലാണ്. ദിനേഷ് ചണ്ഡിമാല്‍ 116 റണ്‍സോടെ മികച്ച തുടക്കം നല്‍കി. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ കമിന്‍ഡു മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റില്‍ മോശം പന്തുകളെ ആക്രമിച്ച് തന്നെയാണ് മുന്നേറുന്നത്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ശ്രീലങ്കയുടെ ഇതിഹാസ താരമായി കമിന്‍ഡു മെന്‍ഡിസ് വളരാന്‍ സാധ്യത കൂടുതല്‍.