IPL: മലിങ്കയുടെ നോ ബോള്‍ മുതല്‍ ധോണി കുപിതനായി ഗ്രൗണ്ടിലിറങ്ങിയത് വരെ! അംപയറിങ് പിഴവുകള്‍
ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മല്‍സരത്തിലെ അംപയറിങ് പിഴവാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. സൂപ്പര്‍ ഓവറില്‍ പഞ്ചാബ് തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെ ഭാഗത്തു നിന്നു സംഭവിച്ച വലിയ പിഴവ് വിമര്‍ശനങ്ങള്‍ക്കു വഴി വച്ചു. പഞ്ചാബിന് രണ്ടു റണ്‍സ് ലഭിക്കേണ്ടയിടത്ത് അംപയര്‍ അനുവദിച്ചത് ഒരു റണ്ണായിരുന്നു. ടൈയില്‍ കലാശിച്ച മല്‍സരത്തില്‍ സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ ഡല്‍ഹി തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഐപിഎല്ലിന്റെ ചരിത്രം നോക്കിയാല്‍ നേരത്തേയും അംപയറിങിലെ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നു നമുക്ക് കാണാം. ഇവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്നു നോക്കാം.

ആര്‍സിബി- മുംബൈ (2019)
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരത്തിലായിരുന്നു സംഭവം. അവസാന പന്തില്‍ ആര്‍സിബിക്കു ജയിക്കാന്‍ ഏഴു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ശിവം ദുബെയ്ക്കു നേടാനായത് ഒരു റണ്‍സ് മാത്രം. കളിയില്‍ മുംബൈ ആറു റണ്‍സിന് ജയിച്ചു.
എന്നാല്‍ മുംബൈ പേസര്‍ ലസിത് മലിങ്കയുടെ അവസാന പന്ത് നോ ബോളാണ് റീപ്ലേയില്‍ തെളിഞ്ഞെങ്കിലും അംപയര്‍ എസ് രവിയുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ല. മല്‍സരശേഷം അംപയറുടെ ഭാഗത്തു നിന്നുണ്ടായ പിഴവിനെ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ശക്തമായി വിമര്‍ശിച്ചിരുന്നു.

ഹൈദരാബാദ്- മുംബൈ (2017)
2017ലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് മല്‍സരത്തിലായിരുന്നു സംഭവം. മുംബൈ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറിലെ അവസാന പന്തില്‍ ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണര്‍ ബൗണ്ടറി പായിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തും വാര്‍ണര്‍ നേരിട്ടത് ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കമന്റേറ്റര്‍മാരായിരുന്നു ഈ പിഴവ് ചൂണ്ടിക്കാട്ടിയത്.യ പക്ഷെ അതുകൊണ്ടു മാറ്റമൊന്നും ഉണ്ടായില്ലെന്നു മാത്രം.

ബാംഗ്ലൂര്‍- ഹൈദരാബാദ് (2019)
കഴിഞ്ഞ സീസണിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മല്‍സരത്തിലായിരുന്നു മറ്റൊരു പിഴവ്. ഉമേഷ് യാദവായിരുന്നു ആര്‍സിബിയുടെ അവസാന ഓവര്‍ ബൗള്‍ ചെയ്തത്. അഞ്ചാമത്തെ പന്ത് അംപയര്‍ നൈജല്‍ ലോങ് നോ ബോള്‍ വിധിച്ചു. എന്നാല്‍ അതു നോ ബോള്‍ അല്ലെന്നു റീപ്ലേകള്‍ അപ്പോള്‍ തന്നെ തുറന്നു കാട്ടി. ഉമേഷ് ഇക്കാര്യം അംപയറുമായി അപ്പോള്‍ തന്നെ സംസാരിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം തീരുമാനം മാറ്റാതെ ഒരു അധിക ബോള്‍ കൂടി എറിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മുംബൈ- പൂനെ ജയന്റ്‌സ് (2017)
ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത റൈസിങ് പൂനെ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ 2017ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം. മുംബൈ ഇന്ത്യന്‍സ് താരമായ ജോസ് ബട്‌ലറെ പൂനെ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയര്‍ എസ് രവി ഇതു തെറ്റായി ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ അന്നു പക്ഷെ ഡിആര്‍എസ് സംവിധാനം ഇല്ലാതിരുന്നതിനാല്‍ ബട്‌ലര്‍ക്കു അംപയറുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ സാധിച്ചില്ല.

സിഎസ്‌കെ- രാജസ്ഥാന്‍ (2019)
കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ മറ്റൊരു പിഴവായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരത്തില്‍ കണ്ടത്. അപൂര്‍വ്വമായി മാത്രം കുപിതനായി കാണപ്പെടാറുള്ള സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ വരെ പ്രകോപിതനാക്കിയ സംഭവമായിരുന്നു ഇത്.
രാജസ്ഥാന്‍ താരം ബെന്‍ സ്‌റ്റോക്‌സെറിഞ്ഞ അവസാന ഓവറിലെ നാലാമത്തെ പന്തായിരുന്നു വിവാദത്തിനു വഴിയൊരുക്കിയത്. സിഎസ്‌കെയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെ മിച്ചെല്‍ സാന്റ്‌നര്‍ക്കെതിരേ സ്റ്റോക്‌സ് ബീമര്‍ എറിയുകയായിരുന്നു. സാന്റ്‌നര്‍ക്കു രണ്ടു റണ്‍സ് ഒരു വിധം നേടാന്‍ സാധിച്ചു. അംപയര്‍ ഉല്ലാത് ഗാന്ധെ ഈ പന്ത് നോ ബോളും വിധിച്ചു. പക്ഷെ ലെഗ് അംപയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ് ഈ തീരുമാനം റദ്ദാക്കി. എന്നാല്‍ ഗാന്ധെയുടെ ആദ്യത്തെ തീരുമാനമായിരുന്നു ശരിയല്ലെന്നു റീപ്ലേകള്‍ തെളിയിച്ചു. ബൗണ്ടറി ലൈനിന് അരികില്‍ നില്‍ക്കുകയായിരുന്ന ധോണി കുപിതനായി ഗ്രൗണ്ടിലേക്കു വരികയും അംപയര്‍മാരുമായി കയര്‍ത്തു സംസാരിക്കുകയും ചെയ്ത ശേഷമായിരുന്നു മടങ്ങിപ്പോയത്. അന്ന് ഈ സംഭവം വലിയ വിവാദമാവുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications