വെടിക്കെട്ടുമായി ബെയര്‍സ്‌റ്റോ, കിവീസിനെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രില്ലിങ് ജയം, പരമ്പര

നോട്ടിങ്ഹാം: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശ ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയെടുത്തത്. 299 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് കരുത്തായത് ജോണി ബെയര്‍സ്‌റ്റോയുടെ റെക്കോഡ് സെഞ്ച്വറി പ്രകടനമാണ്. അവസാന ദിനം ആവേശകരമായി മാറിയ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 93 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. ഇംഗ്ലണ്ട് തോല്‍വിയിലേക്കെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചെങ്കിലും ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ട് ഇംഗ്ലണ്ടിന് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.
92 പന്തില്‍ 136 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. 14 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയായിരുന്നു ബെയര്‍സ്റ്റോയുടെ വെടിക്കെട്ട്. 147.82 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ടെസ്റ്റില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ബാറ്റിങ് വെടിക്കെട്ടാണ് ബെയര്‍സ്റ്റോ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനായി വേഗത്തില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് ബെയര്‍സ്‌റ്റോ. 76 പന്തില്‍ സെഞ്ച്വറിയിലേക്കെത്തിയ ഗില്‍ബെര്‍ട്ട് ജെസൂപ്പാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.

ബെയര്‍സ്റ്റോ അഞ്ചാമനായി പുറത്താവുമ്പോള്‍ 272 എന്ന വിജയത്തിന് തൊട്ടടുത്തേക്ക് ഇംഗ്ലണ്ട് എത്തിയിരുന്നു. നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (75*) അപരാജിത അര്‍ധ സെഞ്ച്വറി നേടിയതും ഇംഗ്ലണ്ടിന് കരുത്തായി. പൊതുവേ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ ബെയര്‍സ്റ്റോക്ക് അവസരം ലഭിക്കുന്നത് വളരെ കുറവാണ്. വെടിക്കെട്ട് ശൈലിക്കുടമയായ ബെയര്‍സ്‌റ്റോ പൊതുവേ ഇംഗ്ലണ്ടിന്റെ പരിമിത ഓവറിലാണ് സജീവം. എന്നാല്‍ ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയതോടെ ബെയര്‍സ്‌റ്റോയേയും ടീമിലേക്ക് പരിഗണിക്കുകയായിരുന്നു.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ഇത് വളരെ മികച്ച തീരുമാനമായിരുന്നുവെന്ന് പ്രകടനത്തിലൂടെ അദ്ദേഹം തെളിയിച്ചു. കളിയിലെ താരമാകാനും ബെയര്‍സ്‌റ്റോയ്ക്കായി. രണ്ടാം മത്സരത്തിലും ജയിച്ചതോടെ ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ജോ റൂട്ട് നായകനായിരിക്കെ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ ഇംഗ്ലണ്ടിന് ബെന്‍ സ്റ്റോക്‌സ് നായകനായ ശേഷം വലിയ തിരിച്ചുവരവ് നടത്താനായിട്ടുണ്ടെന്ന് പറയാം. മുന്‍ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വെടിക്കെട്ട് ശൈലി ഇംഗ്ലണ്ടിന്റെ ടീമിന്റെ ശൈലിയേയും ഉടച്ചുവാര്‍ക്കുമെന്നുറപ്പ്.
ആദ്യ ഇന്നിങ്‌സില്‍ 553 റണ്‍സെടുക്കുകയും രണ്ടാം ഇന്നിങ്‌സില്‍ ലീഡ് നേടുകയും ചെയ്തിട്ടും വിജയിക്കാന്‍ കിവീസിനായില്ല. ഡാരില്‍ മിച്ചല്‍ (190), ടോം ബ്ലന്‍ഡല്‍ (106) എന്നിവരുടെ സെഞ്ച്വറിക്കരുത്തിലാണ് ന്യൂസീലന്‍ഡ് 553 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ടും (176) ഒല്ലി പോപ്പും (145) നിര്‍ണ്ണായക സെഞ്ച്വറികള്‍ നേടി തിളങ്ങി.

ട്വിറ്ററില്‍ ബെയര്‍സ്റ്റോയുടെ വെടിക്കെട്ട് പ്രകടനത്തിന് നിരവധി പേരാണ് അഭിനന്ദനം അറിയിച്ചെത്തുന്നത്. ആറാം നമ്പറിലിറങ്ങി ഫിനിഷര്‍ റോളില്‍ ടെസ്റ്റിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് താനെന്ന് ബെയര്‍സ്റ്റോ തെളിയിച്ചുവെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ പ്രകടനത്തോടെ വരുന്ന മത്സരങ്ങളിലും ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ബെയര്‍സ്റ്റോക്ക് സാധിച്ചേക്കും. ടെസ്റ്റിലും ആക്രമണ ശൈലി ഫലം ചെയ്യുമെന്ന് കാട്ടിയ ബെയര്‍സ്റ്റോയെ മക്കല്ലം കൈവിട്ടുകളയില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications