ആധുനിക ക്രിക്കറ്റില്‍ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇംഗ്ലണ്ടിന്റെ ജോ റൂട്ടെന്നായിരിക്കും. കാരണം റെഡ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിന്റെ ഏതു ഭാഗത്തും ഒരുപോലെ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന അപൂര്‍വ്വം ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും വലിയ ഇംപാക്ടുണ്ടാക്കിയിട്ടില്ലെങ്കിലും ടെസ്റ്റ് റൂട്ടിന്റെ കുത്തക തന്നെയാണെന്നു ഉറപ്പിച്ച് പറയാം.
നിലവില്‍ ടെസ്റ്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനു അവകാശപ്പെട്ടതാണ്. 200 ടെസ്റ്റുകളില്‍ നിന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത് 15,921 റണ്‍സാണ്. 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ടെസ്റ്റില്‍ ഏറ്റവുധികം റണ്‍സെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് തര്‍ക്കുമെന്ന രീതിയിലേക്കു വളര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ റൂട്ട്. അദ്ദേഹത്തിനു സാധിക്കുമോയെന്നതു കാലം തെളിയിക്കും. നിലവില്‍ 151 ടെസ്റ്റുകളിലാണ് റൂട്ട് കളിച്ചിട്ടുള്ളത്. ഇത്രയും മല്‍സരങ്ങള്‍ക്കു ശേഷം സച്ചിനുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് മുന്നിട്ടുനില്‍ക്കുന്നതെന്നു നോക്കാം.

റണ്‍സില്‍ ആര് ?
2008ല്‍ ഓസ്‌ട്രേലിയുയമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ 151ാമത്തെ ടെസ്റ്റ് മല്‍സരം കളിച്ചത്. ഈ പരമ്പരയിലെ അവസാനത്തെ ടെസ്റ്റ് അദ്ദേഹത്തിന്റെ 151ാമത് മല്‍സരം കൂടിയായിരുന്നു. ഈ സമയത്തു 54.02 ശരാശരിയില്‍ 11,939 റണ്‍സാണ് ടെസ്റ്റില്‍ സച്ചിന്റെ പേരിലുണ്ടായിരുന്നത്.
എന്നാല്‍ ജോ റൂട്ടിലേക്കു വന്നാല്‍ അദ്ദേഹം സച്ചിനേക്കാള്‍ ഒരുപടി മുന്നിലാണെന്നു കാണാം. 151 ടെസ്റ്റുകളില്‍ നിന്നും 50.93 ശരാശരിയില്‍ 12,886 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മാസ്റ്റര്‍ ബ്ലാസ്റ്ററേക്കാള്‍ 987 റണ്‍സ് റൂട്ട് അധികം നേടിയതായി ഇതില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ശരാശരിയില്‍ സച്ചിന്‍ തന്നെയാണ് ബെസ്റ്റ്.
151 ടെസ്റ്റുകള്‍ക്കു ശേഷം 49 മല്‍സരങ്ങള്‍ കൂടിയാണ് സച്ചിന്‍ പിന്നീട് കളിച്ചത്. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്തത് 3982 റണ്‍സുമായിരുന്നു. നേരത്തേയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിയില്‍ ഇടിവ് സംഭവിക്കുകയും ചെയ്തു.
നേരത്തേയുണ്ടായിരുന്ന അതേ ശരാശരി (54.02) കാത്തുസൂക്ഷിച്ചിരുന്നെങ്കില്‍ സച്ചിന്റെ ആകെ സമ്പാദ്യം 16,423 റണ്‍സാവുമായിരുന്നു. റൂട്ട് നിലവിലെ അതേ ശരാശരി കരിയറില്‍ തുടര്‍ന്നും നിലനിര്‍ത്തിയാല്‍ സച്ചിന്റെ റണ്‍വേട്ടയെ മറികടക്കാന്‍ വേണ്ടത് 60 ഇന്നിങ്‌സുകളാണ്.
ഹോം vs എവേ
151 ടെസ്റ്റുള്‍ക്കു ശേഷം നാട്ടിലെയും പുറത്തെയും റെക്കോര്‍ഡ് നോക്കിയാല്‍ അവിടെ പക്ഷെ പുറത്തുള്ള മല്‍സരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനാണ് മുന്‍തൂക്കം. ജോ റൂട്ടിന്റെ ഇതുവരെയുള്ള 157 ടെസ്റ്റുകളില്‍ 137 ഇന്നിങ്‌സുകളാണ് നാട്ടില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ 54.94 ശരാശരിയില്‍ 6758 റണ്‍സും സ്‌കോര്‍ ചെയ്തു. പുറത്താവട്ടെ 139 ഇന്ന്ങ്‌സുകളിലാായി 47.14 ശരാശരിയില്‍ 6128 റണ്‍സുമാണ് ഇംഗ്ലീഷ് താരം സ്‌കോര്‍ ചെയ്തത്.
നാട്ടിലും പുറത്തും വളരെ സന്തുലിതമായ റെക്കോര്‍ഡാണ് സച്ചിനുള്ളത്. 151 ടെസ്റ്റുകള്‍ക്കു ശേഷം 87 മല്‍സരങ്ങളാണ് അദ്ദേഹം പുറത്ത് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 53.70 ശരാശരിയില്‍ 6821 റണ്‍സും അടിച്ചെടുത്തു. കരിയറിന്റെ അവസാനത്തേക്കും പുറത്തുള്ള ടെസ്റ്റിലെ റെക്കോര്‍ഡ് സച്ചിന്‍ 54.75ലേക്കു മെച്ചപ്പെടുത്തുകയും ചെയ്തു.

സെഞ്ച്വറികളും ഫിഫ്റ്റികളും
സെഞ്ച്വറികളും ഫിഫ്റ്റികളും നോക്കിയാല്‍ 151 ടെസ്റ്റുകള്‍ക്കു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറിനു നേടാനായത് 39 സെഞ്ച്വറികളാണ്. മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ 34 സെഞ്ച്വറികളെന്ന റെക്കോര്‍ഡും അദ്ദേഹം അപ്പോഴേക്കും മറികടന്നിരുന്നു. ഫിഫ്റ്റികളെടുത്താല്‍ 49 ഫിഫ്റ്റികളും ഈ സമയത്തു സച്ചിനുണ്ടായിരുന്നു.
അതേസമയം, സെഞ്ച്വറികളിലും ജോ റൂട്ട് രണ്ടാംസ്ഥാനത്താണ്. 36 ടെസ്റ്റ് സെഞ്ച്വറികളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. സച്ചിനേക്കാള്‍ മൂന്നു സെഞ്ച്വറികള്‍ കുറാണ് ഇംഗ്ലീഷ് ഇതിനം നേടിയത്. എന്നാല്‍ ഫിഫ്റ്റികളുടെ എണ്ണത്തില്‍ റൂട്ട് ബഹുദൂരം മുന്നിലാണ്. 64 ഫിഫ്റ്റികള്‍ അദ്ദേഹം ഇതിനകം വാരിക്കൂട്ടി കഴിഞ്ഞു. അഞ്ചെണ്ണം കൂടി നേടിയാല്‍ ഏറ്റവുമധികം ടെസ്റ്റ് ഫിഫ്റ്റികളെന്ന സച്ചിന്റെ റെക്കോര്‍ഡും റൂട്ടിനു പഴങ്കഥയാക്കാം.