'ക്ലിയര്‍ റൂട്ട്', സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് ജോ റൂട്ട്, 10000 റണ്‍സ് ക്ലബ്ബില്‍

ക്രിക്കറ്റില്‍ ഒരിക്കലും മറികടക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തപ്പെട്ട പല റെക്കോഡുകളും തിരുത്തപ്പെട്ടതിന് കാലം സാക്ഷിയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പല റെക്കോഡുകളും അതുല്യമാണ്. അത്ര വേഗത്തില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത അത്ര ഉയരത്തിലാണ് സച്ചിന്‍ തന്റെ റെക്കോഡുകളെ കൊണ്ടെത്തിച്ചിരിക്കുന്നത്. എന്നാല്‍ ആധുനിക കാലഘട്ടത്തിലെ പല താരങ്ങളും സച്ചിന്റെ പല റെക്കോഡുകളും ഇതിനോടകം തിരുത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ട് മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടാണ് സച്ചിന്റെ റെക്കോഡ് തകര്‍ത്തത്. 10000 ടെസ്റ്റ് റണ്‍സ് നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലാണ് സച്ചിനെ റൂട്ട് മറികടന്നത്. നിലവില്‍ മുന്‍ ഇംഗ്ലണ്ട് നായകനും ഇടം കൈയന്‍ ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ റെക്കോഡിനൊപ്പമാണ് റൂട്ടുള്ളത്.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെയാണ് റൂട്ട് ഈ നേട്ടത്തിലേക്കെത്തിയത്. അലെസ്റ്റര്‍ കുക്ക് 31 വയസും അഞ്ച് മാസവും അഞ്ച് ദിവസവും പ്രായം ഉള്ളപ്പോഴാണ് 10000 ടെസ്റ്റ് റണ്‍സെന്ന നേട്ടത്തിലേക്കെത്തിയത്. റൂട്ടും 31 വയസും അഞ്ച് മാസവും അഞ്ച് ദിവസവും പ്രായം ഉള്ളപ്പോള്‍ തന്നെയാണ് ഈ നേട്ടത്തിലേക്കെത്തിയതെന്നതാണ് കൗതുകകരമായ കാര്യം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 31 വയസും 10 മാസവും 20 ദിവസവും പ്രായം ഉള്ളപ്പോഴാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഇംഗ്ലണ്ടിനായി 10000 ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് റൂട്ട്. നേരത്തെ അലെസ്റ്റര്‍ കുക്കാണ് ഈ നേട്ടത്തിലെത്തിയത്. 161 ടെസ്റ്റില്‍ നിന്ന് 12472 റണ്‍സാണ് കുക്ക് നേടിയത്. സച്ചിന്റെ കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന റെക്കോഡ് കുക്ക് മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മികച്ച ഫോമില്‍ നില്‍ക്കവെ തന്നെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. 33 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയുമാണ് കുക്കിന്റെ പേരിലുള്ളത്.
റൂട്ട് 118 ടെസ്റ്റില്‍ നിന്ന് 10015 റണ്‍സാണ് ഇതുവരെ നേടിയത്. ഇതില്‍ 26 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇനിയും അഞ്ച് വര്‍ഷമെങ്കിലും റൂട്ടിന് മുന്നില്‍ കരിയറുണ്ട്. അതുകൊണ്ട് തന്നെ സച്ചിന്റെ റെക്കോഡിനെ റൂട്ട് മറികടക്കാനുള്ള സാധ്യതയും ഏറെയാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ 51 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

സച്ചിന്റെ സെഞ്ച്വറി റെക്കോഡിനെ മറികടക്കുക എളുപ്പമാവില്ലെങ്കിലും കൂടുതല്‍ റണ്‍സെന്ന റെക്കോഡിനെ മറികടക്കാന്‍ റൂട്ടിന് സാധിച്ചേക്കും. പരിക്കും ഫോമും വില്ലനാവാതെ ഇരുന്നാല്‍ അതിനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞിടെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിന്റെ നട്ടെല്ല് ഇപ്പോഴും റൂട്ടാണ്. ന്യൂസീലന്‍ഡിനെതിരേ 227 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇംഗ്ലണ്ടിനായി 115 റണ്‍സോടെ റൂട്ട് പുറത്താവാതെ നിന്നു. 12 ബൗണ്ടറികളാണ് അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications