ചെന്നൈ: എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്ത്യയെ കാഴ്ചക്കാരാക്കി റെക്കോര്‍ഡുകളുടെ മാലപ്പടക്കം തീര്‍ക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ആദ്യദിനം ഒരുപിടി നേട്ടങ്ങള്‍ കുറിച്ച റൂട്ട് രണ്ടാംദിനവും വെറുതെയിരുന്നില്ല. പുതിയ ചില നാഴികക്കല്ലുകള്‍ കൂടി അദ്ദേഹം വീണ്ടും തന്റെ പേരിലാക്കിയിരിക്കുകയാണ്. ആദ്യദിനം സെഞ്ച്വറി പൂര്‍ത്തിയാക്കിയ റൂട്ട് രണ്ടാം ദിനം ഡബിള്‍ സെഞ്ച്വറിയും തികച്ചു.

ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായി. വ്യക്തിഗത സ്‌കോര്‍ 195ല്‍ നില്‍ക്കെ ആര്‍ അശ്വിന്റെ ഓവറില്‍ സിക്‌സര്‍ പറത്തിയാണ് റൂട്ട് ഡബിള്‍ സെഞ്ച്വറി തികച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. കഴിഞ്ഞ മൂന്നു ടെസ്റ്റുകള്‍ക്കിടെ രണ്ടാം ഡബിള്‍ കൂടിയാണ് റൂട്ട് നേടിയത്.
റൂട്ടിന്റെ കരിയറിലെ 100മത്തെ ടെസ്റ്റായിരുന്നു ഇത്. 100ാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയ ആദ്യ താരമെന്ന ലോക റെക്കോര്‍ഡും ചെന്നൈയിലെ ഗംഭീര ഇന്നിങ്‌സോടെ അദ്ദേഹത്തെ തേടിയെത്തി. ടെസ്റ്റില്‍ ഇന്ത്യയില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണ് റൂട്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്ലൈവ് ലോയ്ഡ് മാത്രമേ നേരത്തേ ഈ നേട്ടത്തിന് ഉടമയായിട്ടുള്ളൂ. 1975ലായിരുന്നു ലോയ്ഡ് ഇന്ത്യയില്‍ ഡബിള്‍ സെഞ്ച്വറി നേടിയത്.

2014ല്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസം ബ്രെന്‍ഡന്‍ മക്കുല്ലമായിരുന്നു ഇന്ത്യക്കെതിരേ അവാനമായി ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. അതിനു ശേഷം ഇതാദ്യമായാണ് ഒരു താരം ഇന്ത്യക്കെതിരേ ഈ നേട്ടം കുറിച്ചത്. മാത്രമല്ല 2010നു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ നാട്ടില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ താരം കൂടിയാണ് റൂട്ട്. ഇതു കൊണ്ടും തീര്‍ന്നില്ല. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനു ശേഷം തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ ക്യാപ്റ്റനാണ് റൂട്ട്.
അതേസമയം, ചെന്നൈ ടെസ്റ്റില്‍ രണ്ടാംദിനവും ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് കണ്ടത്. ഒരേയൊരു വിക്കറ്റ് മാത്രമാണ് ടീ ബ്രേക്കിനു കളി നിര്‍ത്തുന്നതു വരെ രണ്ടാംദിനം ഇന്ത്യക്കു വീഴ്ത്താനായത്. ഇംഗ്ലണ്ട് നാലു വിക്കറ്റിന് 454 റണ്‍സെന്ന ശക്തമായ നിലയിലാണ്. 209 റണ്‍സുമായി റൂട്ടും 24 റണ്‍സോടെ ഓലി പോപ്പുമാണ് ക്രീസില്‍. ബെന്‍ സ്റ്റോക്‌സിന്റെ (82) വിക്കറ്റ് മാത്രമേ രണ്ടാംദിനം ഇന്ത്യക്കു ലഭിച്ചുള്ളൂ.